ആത്മാവിന്‍റെ വല

ആത്മാവിന്‍റെ വല
പരമ പരിശുദ്ധമായ അള്‍ത്താരക്കു മുന്‍പില്‍ ഭക്ത്യാദരവോടെ നില്‍ക്കുന്ന ജനങ്ങള്‍. ഹൈക്കലയില്‍നിന്നും ഉയരുന്ന സ്തുതികള്‍. പെട്ടെന്നാണ് ചാട്ടവാറുമായി കാര്‍മ്മികന്‍ പാഞ്ഞടുത്തത്. അടി എന്ന് പറഞ്ഞാല്‍ നല്ല ഒന്നാന്തരം അടി. വിജനവീഥിയിലൂടെ ഒറ്റക്ക് ഓടുമ്പോള്‍ ചാട്ടവാറടി ശബ്ദം കൂടിക്കൊണ്ടേയിരുന്നു. വേദനകൊണ്ട് പുളഞ്ഞ് കരഞ്ഞുകൊണ്ട് കണ്ണു തുറന്നപ്പോള്‍ കോഴി നീട്ടിക്കൂവി. കണ്ണുതിരുമ്മി ഉറക്കച്ചടവോടെ എഴുന്നേറ്റ അയാള്‍ ഒരു സമൂഹത്തിന്‍റെ പ്രതിനിധിയാണ്. അവനെ ഒറ്റിക്കൊടുത്ത, തള്ളിപ്പറഞ്ഞ മനസ്സുകളുടെ പ്രതിനിധി. ദൈവത്തെ പിതാവായി കാണാതെ അയല്പ്പക്കത്തെ കപടസന്യാസിയെ അപ്പൂപ്പനായി കാണുന്ന ജീര്‍ണ്ണിച്ച മനസ്സിന്‍റെ ഉടമകള്‍ക്കായി ദൈവാത്മാവ് വിരിക്കുന്ന വലയാണ് ഈ ലേഖനം.
ഇരുട്ടിന്‍റെ ആഴിയില്‍ ഗതി കിട്ടാതെ അലയുമ്പോള്‍ ഈ വലയില്‍ കുടുങ്ങി കരയിലെത്തുക. ധൂര്‍ത്തപൂത്രാ നിന്നെയും കാത്ത് വഞ്ചിയില്‍ അവന്‍ കാത്തിരിക്കുന്നു. ആരായിരുന്നു യേശുക്രിസ്തു? നീ മനസ്സിലാക്കിയ ഈശോ ആരാണ്? അവന്‍ അസത്യം കണ്ടിട്ടും കാണാത്ത ഭാവം നടിച്ചത് എപ്പോള്‍? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ട ഉത്തരവാദിത്തം ഓരോ ക്രിസ്ത്യാനി നാമധാരികള്‍ക്കുമുണ്ട്. എന്നാല്‍ അതിനു തുനിയാതെ നന്മയെ ചവിട്ടിയരച്ച് തിന്മയുടെ ഭൂരിപക്ഷത്തോടൊപ്പം നൃത്തം ചവിട്ടുമ്പോഴും ക്രിസ്ത്യാനി എന്ന് വിളിക്കാന്‍ നീ വാശിപിടിക്കുന്നത് എത്ര ബാലിശമാണ്. സത്യത്തോടൊപ്പം നിന്നാല്‍ ഭൂരിഭാഗത്തിന്‍റെ പിന്‍തുണയും സ്നേഹവും നഷ്ടമാകുമെന്ന ഭീതിയില്‍ പീലാത്തോസിന്‍റെ കുപ്പായമണിയുന്നവര്‍. സമ്പത്തും ഭൂസ്വത്തുമൊക്കെ തട്ടിയെടുക്കാന്‍ പൊട്ടക്കിണറു തേടുന്ന ജോസഫിന്‍റെ സഹോദരങ്ങളുടെ വേഷം ധരിക്കുന്നവര്‍.
ഉറകെട്ട ഉപ്പുകൂടകളായി ഉന്മാദത്തില്‍ ജീവിക്കുന്നവര്‍. കുടുംബ പ്രശ്നങ്ങളുടെ കാരണം ഇത്തരം വേഷം കെട്ടലുകള്‍ കൊണ്ടാണെന്നു മനസ്സിലാക്കാതെ ദൈവാരൂപിയുടെ ഉറവിടങ്ങളായി കരുതപ്പെടുന്ന കൗണ്‍സിലിംഗ് ധ്യാനകേന്ദ്രങ്ങളില്‍ കയറിയിറങ്ങുന്നവര്‍ ഒന്ന് മനസ്സിലാക്കുക സ്വയം നന്നാവാതെ രക്ഷയില്ല എന്ന വാസ്തവം. അടുത്തുണ്ടായിരുന്ന യേശുനാഥനെ തിരിച്ചറിയാതെ അകലങ്ങളിലെ പ്രാര്‍ത്ഥനാലയങ്ങളില്‍ അവനുണ്ടോയെന്ന് ഫോണ്‍ വിളിച്ചു ചോദിക്കുമ്പോള്‍ അജ്ഞതയുടെ തിരമാലകളില്‍ അകപ്പെട്ടു പോകുന്നവര്‍. തിരികെയെത്താന്‍ അവന്‍റെ കണ്ണുകളിലേക്ക് തിരിഞ്ഞു നോക്കണം. മേല്പ്പറഞ്ഞ വേഷങ്ങളെല്ലാം അതിനായി അഴിച്ചു വെയ്ക്കണം.
തെറ്റിദ്ധാരണ പരത്തും വിധം കൂടോത്ര കഥകള്‍ മെനഞ്ഞ് ദൈവമക്കളെ പ്രശ്നത്തിലാഴ്ത്തി സഹോദരബന്ധങ്ങളില്‍ പോലും വിള്ളല്‍ സൃഷ്ടിക്കുന്ന ഇരുട്ടിന്‍റെ ദൂതന്മാരെ അവഗണിക്കണമെങ്കില്‍ ദൈവാത്മാവ് നല്‍കുന്ന വിവേകവും ജ്ഞാനവും വേണം. സ്വന്തം മകനും മരുമകളും പ്രണയിച്ച് വിവാഹം കഴിച്ചു എന്ന കാരണത്താല്‍, അത് പൈശാചികമാണെന്ന് ഉപദേശിച്ചവരെ ദൈവത്തേക്കാള്‍ വിശ്വസിച്ച് കുന്തിരിക്കം പുകച്ചു കൊണ്ട് മരുമകളെ പല തരത്തില്‍ ദ്രോഹിക്കുമ്പോള്‍ എവിടെയാണ് ക്രൂശിതന്‍ സന്തോഷിക്കുക. അനുജന്‍റെ ഭവനം പണിയാതിരിക്കാന്‍ ജ്യേഷ്ഠന്‍ കൂടോത്രം ചെയ്തിരിക്കുന്നു എന്ന് ഉപദേശിക്കുന്നവര്‍ ആരായാലും അവരെ വചനം കൊണ്ട് നേരിടാനുള്ള ശക്തി ആര്‍ജിച്ചിരിക്കണം. അല്ലാത്തപക്ഷം സ്വയം തകര്‍ച്ചകളിലേക്ക് താണു പോകേണ്ടിവരുമെന്ന് മനസ്സിലാക്കുക. ഉത്ഥാനം ചെയ്ത മിശിഹ മനുഷ്യമനസ്സുകളില്‍ ജീവിക്കുന്നു എങ്കില്‍ അവന്‍റെ പാത പിന്‍തുടരുന്നവരെ ദ്രോഹിച്ചാല്‍ അവനെ വേദനിപ്പിക്കുന്നതിന് സമാനമാണ്. അവന്‍റെ നാമത്തില്‍ വ്യാജപ്രവചനങ്ങളുമായി എത്തുന്നവര്‍ അലറുന്ന സിംഹങ്ങളെ പോലെ ദൈവജനത്തിനു ചുറ്റും പാളയമടിച്ചിരിക്കുന്നു. അത്തരം പല്ലു കൊഴിഞ്ഞ സിംഹങ്ങളെ വേട്ടയാടാന്‍ ദൈവവചനമാകുന്ന മൂര്‍ച്ചയേറിയ വാള്‍ ആയുധമാക്കാന്‍ ഇനിയെങ്കിലും ശ്രമിക്കുക. നുഷ്യമനസ്സില്‍ ദൈവം വസിക്കുന്നു എങ്കില്‍ അത് ദേവാലയമാണ്. ആ ദേവാലയത്തില്‍ കച്ചവടത്തിന്‍റെ മാറ്റൊലികള്‍ മാത്രം മുഴങ്ങിത്തുടങ്ങിയാല്‍ യേശുക്രിസ്തു ചാട്ടവാറെടുക്കും. സ്വാര്‍ത്ഥതയുടെ, ധനമോഹത്തിന്‍റെ, അസൂയയുടെയും വൈരാഗ്യത്തിന്‍റെയും അടിച്ചേല്പ്പിക്കുന്ന അന്ധവിശ്വാസങ്ങളുടെയും, പച്ച മലയാളത്തില്‍ കുശുമ്പിന്‍റെയും പരദുഷണത്തിന്‍റെയുമെല്ലാം കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ ചാട്ടവാറിലും വലുത്چഎടുത്ത് പ്രയോഗിക്കേണ്ടി വരും. അത് മൊത്ത വ്യാപാരം ആയാലും ചില്ലറ കച്ചവടം ആയാലും. സമാധാനത്തിന്‍റെയും ക്ഷമയുടെയും സ്നേഹത്തിന്‍റെയും യേശുവിനൊപ്പം വിപ്ലവകാരിയായ ഈശോയും നമുക്കുണ്ട് എന്ന് മറന്നുകൂടാ. തിന്മയുടെ കുപ്പായങ്ങള്‍ ഊരിയെറിഞ്ഞ് അവനെ തള്ളിപ്പറഞ്ഞ നിമിഷങ്ങളെയോര്‍ത്ത് പൊട്ടിക്കരയാം. ആത്മാവിന്‍റെ വല തോണിയിലേക്ക് ഉയരുമ്പോള്‍ അവന്‍ കേപ്പാ എന്ന് വിളിക്കുന്നതും കാതോര്‍ത്ത് സമാധാനമായി ഉറങ്ങാം. നല്ല തീരുമാനങ്ങളും പ്രവര്‍ത്തികളും ചേര്‍ത്തുവെച്ച് അവനോടൊപ്പമൊരു വഞ്ചിയാത്ര സ്വപനം കണ്ട് ശാന്തമായിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: