എന്തിനാണ് മരിച്ചവരെ ഓര്‍ക്കുമ്പോള്‍ ഹൈക്കലായുടെ നടുവില്‍ വിരിപ്പ് വിരിക്കുന്നത്? എന്തിനാണ് പള്ളിയില്‍ മൃതദേഹം ഹൈക്കലായുടെ നടുവില്‍ പ്രതിഷ്ഠിക്കുന്നത്?

വി. കുര്‍ബാന, ശ്ലൈഹികപാരമ്പര്യമനുസരിച്ച് ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ പാപപരിഹാരത്തിനുവേണ്ടിയും, ഈശോയില്‍ മരിച്ചവരുടെ എന്നാല്‍ പൂര്‍ണ്ണമായി ഇനിയും ശുദ്ധീകരിക്കപ്പെട്ടിട്ടില്ലാത്തവര്‍ക്കുവേണ്ടിയും ഫലപ്രദമായി അര്‍പ്പിക്കപ്പെടുന്നു. ദൃശ്യമായ ഈ ബലി ജീവിക്കുന്നവരുടെയും മരിച്ചവരുടെയും പാപങ്ങള്‍ക്ക് പരിഹാരം നേടുന്നു. അതോടൊപ്പംതന്നെ സ്വര്‍ഗ്ഗീയ ഗൃഹത്തില്‍ എത്തിച്ചേര്‍ന്നവരും, സ്വന്തം അകൃത്യങ്ങള്‍ക്ക് ശുദ്ധീകരണപ്രക്രിയയില്‍ വിധേയരായിരിക്കുന്നവരും, ഭൂമിയില്‍ തീര്‍ത്ഥയാത്ര ചെയ്യുന്നവരുമായ വിശ്വാസികള്‍ തമ്മില്‍ സ്നേഹത്തിന്‍റെ അഭേദ്യമായ ബന്ധം നിലനില്‍ക്കുന്നു. ഈ ആത്മീയബന്ധത്തില്‍ ഭൂമിയില്‍ തീര്‍ത്ഥയാത്ര ചെയ്യുന്ന വിശ്വാസികള്‍ക്ക് മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പരിഹാരം അര്‍പ്പിക്കാനും കടമയുണ്ട്.
സഭയുടെ മരിച്ചവര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷകള്‍ ഈ പ്രാര്‍ത്ഥനയുടെയും പരിഹാരത്തിന്‍റെയും അടയാളമാണ്. ഈ പ്രാര്‍ത്ഥനകള്‍ക്കും, പരിഹാരങ്ങള്‍ക്കും, അടയാളങ്ങളും പ്രതീകങ്ങളും സഭ ഉപയോഗിക്കാറുണ്ട്. ഉദാഹരണമായി ഒപ്പീസിന്‍റെ സമയത്ത് ഹൈക്കലായില്‍ വിരിക്കുന്ന വിരിപ്പ്, ഈശോയുടെ രണ്ടാമത്തെ ആഗമനം പ്രതീക്ഷിച്ച് മരണമടഞ്ഞവരെ പ്രതിനിധാനം ചെയ്യുന്നു. ഹൈക്കലാ ഭൂമിയുടെ പ്രതീകമാണ്. ഈ ഭൂമിയിലെ ജീവിതകാലത്ത് വന്നുപോയ പാപങ്ങള്‍ക്ക് പരിഹാരം അനുഷ്ഠിക്കുകയും, ഉത്ഥിതനായ ഈശോയുടെ പ്രത്യാഗമനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുവാന്‍ വിശ്വാസികളെ ഉത്ബോധിപ്പിക്കുകയുമാണ് ഈ പ്രതീകങ്ങളുടെ അര്‍ത്ഥം. മൃതദേഹം ഹൈക്കലായുടെ നടുവില്‍ ബലിപീഠം ദര്‍ശനമായി പ്രതിഷ്ഠിക്കുന്നതും ഈശോയുടെ ഉത്ഥാനത്തിന്‍റെ പ്രതീക്ഷയില്‍ ഭൂമിയില്‍ ജീവിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ്. ഈശോയുടെ പ്രത്യാഗമനം കിഴക്കുനിന്നും ആണെന്നു (മത്താ. 24:27) സഭയുടെ വിശ്വാസപാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ദേവാലയത്തില്‍ കിഴക്കിന് പുറംതിരിഞ്ഞ് നില്ക്കരുത് എന്ന രീതി പൂര്‍വ്വികര്‍ പാലിച്ചിരുന്നത്.
ഡോ. വര്‍ഗീസ് കൊച്ചുപറമ്പില്‍

Leave a Reply

Your email address will not be published. Required fields are marked *

error: