കുടുംബാനുഗ്രഹത്തിന് 10 കല്പനകള്‍

അവന്‍ മകനെ വിളിച്ചു പറഞ്ഞു: മകനേ, ഞാന്‍ മരിക്കുമ്പോള്‍ എന്നെ സംസ്കരിക്കുക. നിന്‍റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത് (തോബിത് 4:3).

വിശ്വാസത്തിന്‍റെയും സുകൃതജീവിതത്തിന്‍റെയും മാതൃകയായി നിലകൊള്ളുന്ന തോബിത്ത് കുടുംബത്തിന് അനുഗ്രഹം ലഭിക്കാനുള്ള പത്തു പ്രമാണങ്ങള്‍ തന്‍റെ മകനായ തോബിയാസിനു പറഞ്ഞു കൊടുക്കുന്നുണ്ട് (തോബിത്ത് 4:1-21). വളരെ നിസാരമെന്നു തോന്നാമെങ്കിലും ദൈവാനുഗ്രഹത്തിനും കുടുംബജീവിതസമാധാനത്തിനും ഏറ്റവും പ്രധാനമായി പഴയനിയമം അനുശാസിക്കുന്ന പ്രമാണങ്ങളാണിവ.
1. അപ്പനെ സംസ്കരിക്കണം, അമ്മയെ മറക്കരുത്
തോബിത്ത് മകനായ തോബിയാസിനെ വിളിച്ചു പറയുന്ന ഒന്നാമത്തെ കാര്യം മാതാപിതാക്കന്മാരോടുള്ള മക്കളുടെ കടമയെ ഓര്‍മ്മപ്പെടുത്തുന്നു. അപ്പനെ മാന്യമായി സംസ്കരിക്കണം എന്നതാണ് ഒന്നാമത്തേത്. ജീവിതബഹളത്തിലും ജീവിതവ്യഗ്രതയിലും ഉഴറുന്ന ആധുനികകാലത്തെ മക്കള്‍ മാതാപിതാക്കളെ അവഗണിക്കാറുണ്ട്. ഈ പശ്ചാത്തലത്തില്‍ തോബിത്തിന്‍റെ ഉപദേശം ഏറെ പ്രസക്തമാണ്. മാന്യമായി സംസ്കരിക്കണമെന്നു പറഞ്ഞാല്‍ മെത്രാനച്ചനെയും മന്ത്രിമാരെയും വിളിച്ചു വരുത്തി അപ്പനെ അടക്കണമെന്നല്ല. നാലുപേരറിഞ്ഞ് അപ്പന്‍റെ അടക്ക് ചെണ്ട കൊട്ടി നടത്തണമെന്നുമല്ല. മനസമാധാനത്തോടെ മരിക്കാന്‍ അനുവദിക്കുക എന്നുകൂടി അതിനര്‍ത്ഥമുണ്ട്. ചില മക്കളുണ്ട്. അപ്പനു പ്രായമായി മരിക്കാറായി കിടക്കുമ്പോള്‍ തലവേദനയായി മാറുന്ന മക്കള്‍. അപ്പനൊന്നു ചത്തു കിട്ടിയാല്‍ മതിയെന്നു ചിന്തിച്ച് അപ്പന്‍റെ തലയിണയുടെ അടിയില്‍ തപ്പി താക്കോല്‍ക്കൂട്ടം തിരയുന്ന മക്കളുണ്ട്. മനോവിഷമവും ‘ദെണ്ണ’വുമുണ്ടാക്കുന്ന വിചാരങ്ങള്‍ അപ്പനില്‍ നിറച്ചാല്‍ മനശാന്തിയോടെ മരിക്കാനാകില്ല. സംസ്കരിച്ചാലും ശാന്തി കിട്ടാതെ കിടക്കുന്ന അപ്പന്‍ നമ്മുടെ വീട്ടില്‍ ഉണ്ടാകരുതെന്നര്‍ത്ഥം.
അമ്മയെ മറക്കരുത് എന്നതും ഈ കാലഘട്ടത്തിന്‍റെ മുമ്പില്‍ ഏറെ പ്രസക്തമാണ്. അമ്മയുടെ ഇഷ്ടം നോക്കണമെന്നും അവളെ ഒരിക്കലും വേനിപ്പിക്കരുതെന്നും ജീവിതകാലം മുഴുവന്‍ ആദരിക്കണമെന്നും പറയുന്നത് ഏറെ ചിന്തനീയംതന്നെ. കല്യാണം കഴിഞ്ഞ്, മധുവിധുവൊക്കെ കഴിഞ്ഞാല്‍ പിന്നെ അമ്മ ഔട്ടാകുന്ന വീടുകളുണ്ട്. അങ്ങനെ പാടില്ല. അതേസമയം മരുമകള്‍ കെട്ടിവന്നു കഴിയുമ്പോള്‍ അസ്വസ്ഥത തോന്നുന്ന അമ്മായിയമ്മമാരുമുണ്ടാകാം. ‘ആരാണ് സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഒന്നാമത്, ആരുടെ മുടിക്കാണു നീളം കൂടുതല്‍, എന്നീ കാര്യത്തില്‍പോലും അമ്മായിയമ്മയും മരുമകളും തമ്മില്‍ തര്‍ക്കം തുടങ്ങിയാല്‍ കെട്ടിയോന്‍ പിന്നെ എന്തു ചെയ്യാനാ? അമ്മയെ മറക്കണോ കെട്ടിയോളെ ഉപേക്ഷിക്കണോ ?’ – ഒരു ചെറുപ്പക്കാരന്‍ ഈയിടെ ചോദിച്ചതാണ്. അമ്മയ്ക്ക് അമ്മയുടേതായ ആദരവും ബഹുമാനവും. ഓരോരുത്തര്‍ക്കും അര്‍ഹമായതു നല്കാന്‍ കുടുംബത്തിലുള്ളവര്‍ ജാഗ്രത കാണിക്കട്ടെ.
2. ദൈവത്തെ ഓര്‍ത്തു ജീവിക്കുക
ജീവിതകാലം മുഴുവന്‍ ദൈവത്തെ ഓര്‍ത്തു ജീവിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. കല്യാണം കഴിക്കുമ്പോഴും കൊച്ചിന്‍റെ മാമ്മോദീസാ നടത്തുമ്പോഴും പിന്നെ കൊച്ചിനെ കെട്ടിക്കാന്‍ നേരത്തും മാത്രം ദൈവത്തെ ഓര്‍ത്താല്‍ പോരാന്നര്‍ത്ഥം. പള്ളിയില്‍ അന്നേരം മാത്രം പോകുകയും ദൈവമേ എന്നു വിളിക്കുകയും ചെയ്യുന്ന ശീലമുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണിത്. ദൈവം എന്‍റെ വ്യക്തിജീവിതത്തിലും പങ്കാളിയുടെ ജീവിതത്തിലും ഞങ്ങളുടെ കുടുംബത്തിലും ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ എത്ര അവര്‍ണ്ണനീയമാണെന്ന് ഓര്‍മ്മിക്കണം. അനുദിന കുടുംബപ്രാര്‍ത്ഥനകളില്‍ ഈദൈവാനുഗ്രഹങ്ങളെ ഓര്‍ക്കാനും നന്ദി പറയാനും ശ്രമിക്കണം. നന്ദിയുടെ നിറവില്‍നിന്ന് തമ്പുരാന് മഹത്വം നല്കുന്ന കുടുംബങ്ങളില്‍ ഐശ്വര്യം കളിയാടുമെന്നതില്‍ തര്‍ക്കമില്ല.
3. പാപം ചെയ്യാതെയും അനീതി പ്രവര്‍ത്തിക്കാതെയും ജീവിക്കുക
പാപം ചെയ്യാതിരിക്കുക, ദൈവകല്പനകള്‍ ലംഘിക്കാതിരിക്കുക, നീതിനിഷ്ഠമായ പ്രവൃത്തികള്‍ ചെയ്യുക, അനീതി പ്രവര്‍ത്തിക്കാതിരിക്കുക, സത്യസന്ധമായി പ്രവര്‍ത്തിക്കുക തുടങ്ങിയവ കുടുംബത്തിന് ഐശ്വര്യം കൈ വരുത്തുമെന്നാണ് തോബിത്ത് വ്യക്തമാക്കുക. ഏതെങ്കിലും കുടുംബത്തില്‍ ഐശ്വര്യക്കേടുണ്ടെങ്കില്‍ ഓര്‍ക്കണം. മേല്‍പ്പറഞ്ഞ എന്തെങ്കിലും കാര്യത്തില്‍ നമ്മളോ നമ്മുടെ പൂര്‍വ്വികരോ വീഴ്ച വരുത്തിയിട്ടുണ്ടാകാം. ദൈവകല്പനയുടെ ലംഘനമോ, അനീതിയോ, അസത്യമോ, പാപമോ ചെയ്തിട്ടുണ്ടാകാം. അതൊക്കെ തിരുത്തി ജീവിക്കാന്‍ ഇന്നുതന്നെ പ്രതിജ്ഞയെടുക്കുക.
4. ദാനധര്‍മ്മം ചെയ്യുക
നീതിനിഷ്ഠയോടെ ജീവിക്കുന്നവര്‍ക്ക് നിന്‍റെ സമ്പാദ്യത്തില്‍നിന്നു ദാനം ചെയ്യാന്‍ മടി കാണിക്കരുതെന്നാണ് തോബിയാസിനുള്ള ഉപദേശം. ദാനധര്‍മ്മം ചെയ്യുന്നതില്‍ മടിയും വിമുഖതയുമൊന്നും പാടില്ല. അതുപോലെതന്നെ പാവപ്പെട്ടവനില്‍നിന്നു മുഖം തിരിച്ചു കളയാനും പാടില്ല. ഇങ്ങനെ നാം മുഖം തിരിച്ചു കളഞ്ഞാല്‍ ദൈവവും മുഖം തിരിച്ചുകളയുമെന്നാണ് തോബിത്തിന്‍റെ അനുശാസന. എത്ര ഭീകരമായ ഒരു സ്ഥിതിയായിരിക്കും അതെന്നു ചിന്തിക്കുക. എന്‍റെ ദൈവംതമ്പുരാന്‍ എന്നെ കാണുമ്പോള്‍ മുഖം തിരിക്കുകയും എന്‍റെ ശത്രുവെന്നു ഞാന്‍ കരുതിയ അയല്‍പക്കത്തെ മനുഷ്യന്‍റെ നേരെ നോക്കി ചിരിക്കുകയും ചെയ്യുന്നത് മനസ്സിലോര്‍ക്കുക!
സമ്പത്ത് കൂടുന്നതനുസരിച്ച് ദാനവും കൂട്ടണമെന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നുണ്ടിവിടെ. ചില മനുഷ്യര്‍ പള്ളിയില്‍ പത്തുരൂപ നോട്ടു മാത്രമിടും. ബാങ്കില്‍ കൊടുത്താല്‍ അവരുപോലും തിരസ്കരിക്കുന്ന പഴകിയതും കീറ്റലൊട്ടിച്ചതുമായ നോട്ട്. ഇതു കര്‍ത്താവിനിരിക്കട്ടെ എന്നാണ് മനസ്സിലിരുപ്പ്. അതേസമയം കൃത്യമായ വരുമാനത്തിന്‍റെ പത്തിലൊന്ന് പള്ളിക്കും പാവപ്പെട്ടവര്‍ക്കും കൊടുക്കുന്ന ഒട്ടനവധി വ്യക്തികളെ എനിക്കറിയാം. ദൈവം അവര്‍ക്ക് കൂടുതല്‍ കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞു: എന്‍റെ ദൈവം എനിക്കു കൂടുതല്‍ ഫലസമൃദ്ധിയും ഉന്നതശമ്പളത്തിലുള്ള ജോലിയുമൊക്കെ തന്നതിനനുസരിച്ച് ഞാന്‍ കൈ മറന്നു സഹായിക്കുന്നു. കൊടുക്കുന്തോറും അവര്‍ക്ക് കൂടിവന്നതേയുള്ളൂ എന്നതാണ് സത്യം. അല്ലാതെ അവര്‍ ഒരിക്കലും ക്ഷയിച്ചു പോയിട്ടില്ല. മറ്റു ചിലര്‍ അവിവേകം കാണിച്ച് ആധാരംകൂടി എടുത്തു കൊടുക്കും. അതുകൊണ്ടാണ് നീതിനിഷ്ഠയോടെ ജീവിക്കുന്നവര്‍ക്കു നന്നായി കൊടുത്തുകൊള്ളുക എന്ന് തോബിയാസിനെ അപ്പന്‍ വ്യക്തമായി ഉപദേശിക്കുന്നത്.
ദാനധര്‍മ്മം ദരിദ്രകാലത്തേക്കുള്ള സമ്പാദ്യമാണ് എന്നത് സത്യമാണ്. നമ്മുടെ കഷ്ടപ്പാടിന്‍റെ കാലത്ത് പണ്ടുകാലത്തെ സുകൃതകര്‍മ്മങ്ങള്‍ സഹായത്തിനെത്തുമെന്നതില്‍ ഒരു സംശയവുമില്ല. മാത്രമല്ല മരണത്തില്‍നിന്നു നമ്മെയതു രക്ഷിക്കുകയും അന്ധകാരത്തില്‍പെടുന്നതില്‍നിന്നു കാത്തുകൊള്ളുകയും ചെയ്യും (തോബിത്ത് 4:10). അത്യുന്നതെന്‍റ സന്നിധിയില്‍ വിശിഷ്ടമായ കാഴ്ചയും കൂടിയാണിത്. ദാനധര്‍മ്മം എത്രയോ ഗുണഗണങ്ങളും ആത്മീയനന്മകളും കൈവരുത്തുന്നു എന്ന് ഇതില്‍നിന്നെല്ലാം മനസ്സിലാക്കാനാകും.
5. അധാര്‍മ്മികതയില്‍നിന്നു മാറി നില്ക്കുക
അധാര്‍മ്മികതയില്‍നിന്നു കാത്തുകൊള്ളുക എന്നു പറഞ്ഞിട്ട് ആദ്യം പറയുന്നത് പൂര്‍വ്വികരുടെ ഗോത്രത്തില്‍നിന്നു മാത്രമേ വിവാഹം കഴിക്കാവു എന്നാണ്. അന്യജനതകളില്‍നിന്നു വിവാഹം പാടില്ലെന്നുതന്നെ ഇവിടെ വ്യക്തമായി പറയുന്നു. കാരണം നാം പ്രവാചകന്മാരുടെ സന്തതികളാണ്. പൂര്‍വ്വപിതാക്കന്മാരൊക്കെ അങ്ങനെ ചെയ്യുകയും സന്താനംവഴി അനുഗ്രഹിക്കപ്പെടുകയും പിന്‍തലമുറ ദേശം കൈവശമാക്കുകയുമൊക്കെ ചെയ്തെന്നും തോബിത്ത് ഓര്‍മ്മിപ്പിക്കുന്നു. രജിസ്ററര്‍ വിവാഹങ്ങളും മതം മാറി കല്യാണവുമൊക്കെ ‘ഓ സാരമില്ല’ എന്നു കരുതുന്നവര്‍ക്കുള്ള നല്ല മറുപടിയായി ഇതിനെ കാണാമെന്നു തോന്നുന്നു.
6. അഹങ്കാരവും അലസതയും കൈവെടിയുക
വീടകങ്ങളില്‍നിന്ന് ഒഴിച്ചുനിര്‍ത്തേണ്ട രണ്ടു വലിയ തിന്മകളാണ് അഹങ്കാരം, അലസത എന്നിവ. അഹങ്കാരം നിറഞ്ഞ വീട് വിനാശത്തിനും അരാജകത്വത്തിനും വഴി മാറും. അതേസമയം അലസതയാകട്ടെ നാശത്തിനും പട്ടിണിക്കും കാരണമാകും (14:13). അലസത ദാരിദ്ര്യത്തിന്‍റെ ആത്മാവാണ്. കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകദമ്പതികളുടെ മകനായിട്ടാണ് ഞാന്‍ പിറന്നത്. പാടത്തും പറമ്പിലും പണിയെടുക്കുന്ന അപ്പനമ്മമാര്‍. വിത്തു വിതയ്ക്കുന്നതും വിളവെടുക്കുന്നതും ധാന്യം ശേഖരിക്കുന്നതുമൊക്കെ എത്ര പ്രാര്‍ത്ഥനാപൂര്‍വ്വമായിരുന്നു എന്നു ഞാനോര്‍ക്കുന്നു. കഠിനാധ്വാനത്തിന്‍റെ മാതൃക മാതാപിതാക്കള്‍ മക്കള്‍ക്കു പകര്‍ന്നുകൊടുക്കാന്‍ ശ്രദ്ധിക്കട്ടെ. ദൈവമാണ് ഇതിനെല്ലാം അവസരമേകിയത് എന്ന ചിന്ത വിനയത്തോടെ ഇടപെടാനും പെരുമാറാനും സംസാരിക്കാനും വീടകങ്ങളില്‍ സാഹചര്യമൊരുക്കട്ടെ.
7. വേലക്കാരുടെ കൂലി കൃത്യമായി കൊടുക്കണം
ഒട്ടനവധി വേലക്കാര്‍ തീര്‍ച്ചയായും തോബിത്തിന്‍റെ വീട്ടിലുണ്ടായിരുന്നു. അവരെ വെറുതെ കൂലിക്കാരും വേലക്കാരുമായി കാണാത്തവനായിരുന്നു ഉദാരമതിയും ദൈവഭക്തനുമായി തോബിത്ത് എന്ന് നമുക്കു നിസംശയം പറയാനാകും. വേലക്കാരന്‍റെ കൂലി പിറ്റേ ദിവസത്തേക്കു മാറ്റിവയ്ക്കാതെ അന്നുതന്നെ കൊടുത്തുതീര്‍ക്കണം എന്നത് ഏറെ ശ്രദ്ധേയമാണ്. നമ്മുടെ വീട്ടിലും സ്ഥാപനത്തിലുമൊക്കെ ജോലി ചെയ്യുന്നവര്‍ക്കു ന്യായമായ ശമ്പളം കൊടുക്കാനുള്ള ധാര്‍മികബാധ്യത ക്രൈസ്തവര്‍ക്കുണ്ട്. അടുത്ത കാലത്തു നടന്ന നഴ്സുമാരുടെ സമരങ്ങള്‍ ഈയവസരത്തില്‍ പ്രസക്തമാണ്.
8. ചിട്ടയായ ജീവിതം
ചിട്ടയായ പെരുമാറ്റമാണ് ഒരു കുടുംബനാഥന് ഉണ്ടായിരിക്കേണ്ടത്. ഒരുവന് അഹിതമായത് അപരനോടും ചെയ്യരുത് എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ ആഗ്രഹിക്കുന്നുവോ അങ്ങനെതന്നെ അപരനോടും പെരുമാറുക എന്ന പുതിയനിയമദര്‍ശനവുമായി ഇതിനെ കൂട്ടി വായിക്കണം. അമിതമായ മദ്യപാനം ഒഴിവാക്കണമെന്നതും ചിട്ടയായ ജീവിതത്തോടു ബന്ധപ്പെട്ടതാണ്. മദ്യം നമ്മുടെ ആഘോഷങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താനാകാത്ത ഒന്നായി ഇന്നു മാറിയിട്ടുണ്ട്. ചെറിയ പരിപാടികള്‍ക്കുപോലും മദ്യം അകത്താക്കുന്നവര്‍ ഉന്മത്തത ശീലമാക്കുന്നു. വീടിന്‍റെ കെട്ടുറപ്പിനെ തകര്‍ത്തു കളയുന്നതും നാടിന്‍റെ സമാധാനത്തെ തല്ലിക്കെടുത്തുന്നതുമാണിത്.
9. വിവേകമുള്ളവരില്‍നിന്ന് ഉപദേശം തേടുക
നന്മ പറയുകയും നന്മ ചെയ്യുന്നവരുമായിട്ടുള്ള ഒട്ടനവധി സുഹൃത്തുക്കള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഉണ്ടായിരിക്കണം. സദുപദേശം നല്കാന്‍ കഴിവുള്ളവരെ കൂടെക്കൂട്ടാനും അങ്ങനെ കുടുംബജീവിതം അഭിവൃദ്ധിപ്പെടാനും സാധിക്കും. സീറോ മലബാര്‍ സഭയിലെ വിവാഹ കൂദാശകര്‍മ്മത്തിനിടെ ഇങ്ങനെയൊരു പ്രാര്‍ത്ഥനയുണ്ടല്ലോ: “ആവശ്യനേരങ്ങളില്‍ സഹായിക്കാന്‍ ദൈവം ഒട്ടനവധി സുഹൃത്തുക്കളെ നിങ്ങള്‍ക്കു നല്കട്ടെ.” സന്തോഷകാലത്ത് കൂടെക്കാണുകയും സന്താപകാലത്ത് ഓടിയൊളിക്കുകയും ചെയ്യുന്ന ചങ്ങാതികളല്ല നമുക്കു വേണ്ടത്. സുഖദുഃഖത്തിലും സന്തോഷസന്താപത്തിലും കൂടെനില്ക്കുന്ന നല്ല കുടുംബസുഹൃത്തുക്കള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഉണ്ടായിരിക്കണം. പ്രാര്‍ത്ഥനാപൂര്‍വ്വം ദമ്പതികള്‍ ഇതു കണ്ടെത്താനും ശ്രമിക്കണം.
10. കര്‍ത്താവിനെ വാഴ്ത്തുക
കുടുംബജീവിതത്തിന്‍റെ പാതകള്‍ നേരെയാകാനും ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ ശുഭമായിത്തീരാനും ഇതിടയാക്കുമെന്നാണ് തോബിത്തിന്‍റെ സദുപദേശം. സര്‍വനന്മയും നല്കുന്നത് കര്‍ത്താവാണ് എന്ന വിചാരം മകനുണ്ടായിരിക്കണമെന്നും അപ്പന്‍ ഉപദേശിക്കുന്നു. ജീവിതത്തിന്‍റെ നന്മകള്‍ കൈവന്നത് ഞാന്‍ പണിയെടുത്തിട്ടാണ്, അപ്പന്‍ സമ്പാദിച്ചുകൊണ്ടുവന്നിട്ടാണ്, എന്‍റെ ബുദ്ധിശക്തികൊണ്ടാണ് എന്നൊക്കെ ഭള്ളു പറയരുതെന്നുതന്നെയാണ് ദമ്പതികളോടും കുടുംബങ്ങളോടും ഓര്‍മ്മിപ്പിക്കാനുള്ളതും.
അതുകൊണ്ട് ദൈവാനുഗ്രഹവും ജീവിതപങ്കാളിയുടെയും മാതാപിതാക്കളുടെയും അനുഗ്രഹവും ഒരുവന്‍റെ ജീവിതത്തിലുണ്ടാകണമെങ്കില്‍ മേല്‍പ്പറഞ്ഞ പത്തു കല്പനകള്‍ പ്രാവര്‍ത്തികമാക്കണം. സ്വയം മനസ്സിലാക്കാനും ജീവിതപങ്കാളിയെ മനസിലാക്കാനും പ്രാര്‍ത്ഥനാപൂര്‍വ്വം ദൈവസ്തുതികളര്‍പ്പിച്ച് കുടുംബജീവിതത്തിന്‍റെ ഓരോ ദിവസവും ചെലവഴിക്കാനും നമുക്കിടയാകട്ടെ.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പൂച്ചിന്‍

Leave a Reply

Your email address will not be published. Required fields are marked *

error: