നല്ല അയല്ക്കാരില്ലാത്ത കാലമോ?

അര്‍ത്ഥവത്തായ ഒരു അറേബ്യന്‍ പഴഞ്ചൊല്ല് ഇപ്രകാരമാണ്: “നല്ല അയല്ക്കാരനെ ലഭിക്കണമെങ്കില്‍ ആദ്യമേ നീ ഒരു നല്ല അയല്ക്കാരനായിത്തീരണം.” ഇന്ന് കുടുംബങ്ങളുടെ ഏറ്റവും വലിയ പരാതികളിലൊന്ന് നല്ല അയല്ക്കാരില്ല എന്നതാണ്. അയല്ക്കാരന്‍ അപരിചിതനും ശത്രുവുമായി മാറിയ കഥകളാണു നാം പലപ്പോഴും കേള്‍ക്കുന്നത്. നിസ്സാരങ്ങളായ വേലിത്തര്‍ക്കങ്ങളും പരദൂഷണങ്ങളുമൊക്കെ അയല്പക്കബന്ധങ്ങളെ തകര്‍ത്തുകളയുന്ന കാഴ്ച്ച അനുദിനവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അയല്പക്കബന്ധങ്ങളെ വര്‍ദ്ധിപ്പിക്കുവാന്‍ കുടുംബയൂണിറ്റുകളും അയല്‍ക്കൂട്ടങ്ങളുമൊന്നുമില്ലാതിരുന്ന കാലത്തില്‍ ഇന്നുള്ളതിനെക്കാള്‍ അയല്പക്കബന്ധങ്ങള്‍ സന്തോഷകരമായിരുന്നു.

നിത്യജീവിതം അവകാശമാക്കുവാനുള്ള മാര്‍ഗ്ഗം അന്വേഷിച്ചു മിശിഹായെ സമീപിക്കുന്ന നിയമജ്ഞന്‍ തന്നെത്തന്നെ സാധൂകരിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ടു അവിടുത്തോടു ചോദിക്കുന്നത്, ആരാണ് എന്‍റെ അയല്ക്കാരന്‍ എന്നാണ്. പ്രമാണങ്ങളൊക്കെ അറിയാവുന്നവന് തന്‍റെ അയല്ക്കാരന്‍ ആരെന്നു തിരിച്ചറിയാനായില്ല എന്നതു സങ്കടകരമല്ലേ? ആരാണു നല്ല അയല്ക്കാരന്‍ എന്ന് റെഡിമെയ്ഡായിട്ടുള്ള ഉത്തരം നല്കാതെ, നല്ല സമറിയാക്കാരന്‍റെ ഉപമയിലൂടെ നല്ല അയല്ക്കാരന്‍
ആരെന്നു കണ്ടെത്തുവാനും അപ്രകാരം ജീവിക്കുവാനും ഈശോ അവനെ ഉദ്ബോധിപ്പിക്കുന്ന രംഗം മനോഹരമാണ്. നല്ല അയല്ക്കാരന്‍ പഠിപ്പിച്ചുകൊടുക്കേണ്ട പാഠമല്ല; മറിച്ച് ഒരുവന്‍ സ്വയം കണ്ടെത്തുകയും താന്‍ കണ്ടെത്തിയതിന്‍റെ നന്മ തരിച്ചറിഞ്ഞ് അപ്രകാരം ആയിത്തീരുകയും ചെയ്യേണ്ട ഒരു ചൈതന്യവത്തായ രൂപമാണ്.

നല്ല അയല്ക്കാരന്‍, തന്‍റേതായ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് നടക്കുവാന്‍ മനസ്സുള്ളവനാണ്. അവനെ സംബന്ധിച്ചിടത്തോളം സ്വന്തം കാര്യത്തിനപ്പുറത്ത് അപരന്‍റെ ആവശ്യങ്ങള്‍ക്കു വിലയുണ്ട്. സമറിയാക്കാരന്‍ അവന്‍റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്, പക്ഷെ മുറിവേറ്റ മനുഷ്യനെ കാണുമ്പോള്‍ സ്വന്തം ലക്ഷ്യത്തിനപ്പുറത്ത്, തീരുമാനിച്ചുറപ്പിച്ച പദ്ധതികള്‍ക്കപ്പുറത്ത് ആ മുറിവേറ്റവനെക്കുറിച്ചു ചിന്തിക്കുവാന്‍ അവന്‍ തയ്യാറാവുന്നു. ഒരു കാലത്ത് നമ്മുടെ അയല്പക്കബന്ധങ്ങളിലും ഇതുപോലെ സ്വന്തം കാര്യം മാത്രം എന്ന ചിന്ത മാറിനിന്നിരുന്നു. അയല്പക്കത്ത് സ്വരമൊന്നുയര്‍ന്നാല്‍ ഉടനെ ചോദ്യമെത്തി, എന്താ പ്രശ്നം? അയല്പക്കത്ത് ഒരതിഥി എത്തിയാല്‍ സ്വന്തമെന്ന പോലെ സ്വീകരിക്കുവാനും സംസാരിക്കുവാനും ഒരു മനസ്സുണ്ടായിരുന്നു. അയല്പക്കത്ത് ഒരാഘോഷമുണ്ടായാല്‍ അതു എന്‍റെ ഭവനത്തിലെ ആഘോഷം തന്നെയായിരുന്നു. വീടുകളില്‍ എന്തെങ്കിലുമൊരു കുറവുണ്ടായാല്‍ ആദ്യമേ ഓടിയെത്തിയിരുന്നത് അയല്പക്കങ്ങളിലേക്കായിരുന്നു. എന്നാലിന്നു നാമൊക്കെ സ്വയം പര്യാപ്തരായി (അതോ അങ്ങനെ നടിക്കുകയാണോ), സ്വന്തം വാഹനം, സ്വന്തം വീട്, സ്വന്തം അതിര്… അതിനപ്പുറമൊന്നും നമ്മുടെ മനസ്സുകളിലില്ല. എത്ര കുറവുകളണ്ടെങ്കിലും അയല്പക്കത്തേക്കു ഒരാവശ്യവുമായി ചെല്ലുവാന്‍ ഇന്നു നമുക്കൊക്കെ മടിയാണ്, അതിലേറെ നാണക്കേടാണ്. അയല്പക്കം എന്നത് ഇന്നു പലപ്പോഴും പറയുവാന്‍ മാത്രമുള്ള ഒരു ബന്ധമായി മാറിയിരിക്കുന്നു.

ആവശ്യങ്ങള്‍ കണ്ടറിയുന്നവനാണ് അയല്ക്കാരന്‍; അതാണു നല്ല സമറിയാക്കാരന്‍ നമ്മെ പഠിപ്പിക്കുന്ന പാഠം. കാനായില കല്ല്യാണവിരുന്നില്‍ പരിശുദ്ധ അമ്മ ഒരു നല്ല അയല്ക്കാരിയായി മാറുന്ന കാഴ്ച്ച നാം കാണുന്നുണ്ട്. വീഞ്ഞിന്‍റെ കുറവു കണ്ടെത്തുവാന്‍ അമ്മക്കു സാധിച്ചത് ആഘോഷങ്ങള്‍ക്കപ്പുറത്ത് ആവശ്യങ്ങളെന്തെന്നു അന്വേഷിക്കുവാനുള്ള മനസ്സിന്‍റെ വലുപ്പമായിരുന്നു. ആവശ്യങ്ങള്‍ കണ്ടറിയുവാന്‍ മനസ്സുള്ള നല്ല അയല്ക്കാരുടെ സാന്നിദ്ധ്യം കുറവുകളെ നിറവുകളാക്കുന്ന വലിയ അത്ഭുതങ്ങള്‍ക്കു കാരണമാകും. കണ്ണുകള്‍ തുറക്കുവാന്‍ മനസ്സുള്ളവനേ കാണുവാന്‍ സാധിക്കൂ; കാണേണ്ടത് അവര്‍ക്കു എന്‍റെ സഹായം എവിടെയാണ് ആവശ്യമുള്ളതെന്നതാണ്. എന്നാല്‍ ഇന്നു അയല്പക്കബന്ധങ്ങളില്‍ കണ്ണുകള്‍ തുറക്കപ്പെടുന്നതു പോരായ്മകള്‍ കണ്ടെത്തുവാനും അതിന്‍റെ പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാനുമാണ്. കാണേണ്ടതു കാണാതെയും കാണേണ്ടാത്തതു കാണുകയും ചെയ്യുന്ന ഒരു തലമുറയായി നാം മാറികൊണ്ടിരിക്കുന്നു. അവിടെ അയല്പക്കകാഴ്ച്ചകള്‍ പോരടിക്കാനുള്ള ഇടങ്ങളായി മാറുന്നു.
അയല്ക്കാരനെന്ന പദവും രൂപവും പേടിസ്വപ്നമാകുന്നത് സ്ഥലത്തിനു മാത്രമല്ല മനസ്സിനും അതിരുകള്‍ സൃഷ്ടിക്കേണ്ടിവരുമ്പോഴാണ്. അതിരില്‍ നില്ക്കുന്ന മരത്തില്‍ നിന്നു പൊഴിഞ്ഞുവീഴുന്ന ഇലയും എന്തിനേറെ അയല്ക്കാരന്‍റെ പുരയിടത്തില്‍നിന്നും കാറ്റത്തു പറന്നെത്തുന്ന പുകപോലും എനിക്കു അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം എന്‍റെ മനസ്സില്‍ ഞാന്‍ കെട്ടിപൊക്കുന്ന അകല്ച്ചയുടെ മതിലിന്‍റെ വലുപ്പം കൊണ്ടാണ്. കോണ്‍ക്രീറ്റ് മതിലുകളെക്കാള്‍ മനസ്സിനുള്ളില്‍ കെട്ടിപൊക്കുന്ന മതിലുകളാണു ബന്ധങ്ങളുടെ വേരറുക്കുന്നത്. മനസ്സില്‍ നാം പണിതുയര്‍ത്തുന്ന ڇബര്‍ലിന്‍ മതിലുകള്‍ڈ എന്നെങ്കിലുമൊരിക്കല്‍ തകര്‍ന്നുവീഴുമോ? അതിര്‍ത്തിക്കപ്പുറത്ത് നില്ക്കുന്നവന്‍ ശത്രുവാണെന്ന ചിന്തയില്‍, എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ എന്നെങ്കിലുമുണ്ടാകുമോ?

ഒരേ മതവിശ്വാസികള്‍, ഒരേ ജാതിക്കാര്‍, ഒരേ കുടുംബക്കാര്‍ എന്നിങ്ങനെയുള്ള ചിന്തയോടെ അടുത്തു ജീവിച്ചതുകൊണ്ട് നല്ല അയല്പക്കകാരകണമെന്നില്ല എന്ന് ഇന്നത്തെ പല അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നു. മതവും ജാതിയും കുടുംബവും വിദ്യാഭ്യാസവുമൊന്നുമല്ല നല്ല അയല്പക്കങ്ങളെ സൃഷ്ടിക്കുന്നത് മറിച്ച് മനസ്സിന്‍റെ അടുപ്പവും നന്മയുമാണ്, അതില്ലാത്തിടത്തു മറ്റെന്തുണ്ടായതു കൊണ്ടും യാതൊരു ഗുണവുമില്ല. ഇന്ന് നമ്മുടെ നാട് സമ്പൂര്‍ണ്ണസാക്ഷരതയുടെ നാടാണ്. പക്ഷെ എന്നിട്ടും ആ വിദ്യാഭ്യാസത്തിന്‍റെ ഗുണം നമ്മുടെ ബന്ധങ്ങള്‍ക്കില്ലാതെപോകുന്നു. ബന്ധങ്ങള്‍ക്കു വില കല്പ്പിച്ചിരുന്ന സംസ്ക്കാരത്തില്‍ നിന്നും വിദ്യാഭ്യാസവും സമ്പത്തും വര്‍ദ്ധിച്ചപ്പോള്‍ ബന്ധങ്ങള്‍ ബന്ധനങ്ങളായി കാണുന്ന അവസ്ഥയിലെത്തിനില്ക്കുന്നു എന്നതു സങ്കടകരമായ കാഴ്ച്ച തന്നെ.അതുകൊണ്ടുതന്നെ ഈ പോകുന്ന പോക്കു തുടര്‍ന്നാല്‍ ڇപാലക്കാട് മധുമാര്‍ڈ ജീവന്‍ വെടിയുന്ന ദയനീയ കാഴ്ച്ചകള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും. നമ്മുടെ കുടുംബക്കൂട്ടായ്മ യൂണിറ്റുകളുടെ ഒത്തുചേരലില്‍ ഹൃദയം ഐക്യം സാധ്യമാകുന്നുണ്ടോ? അതിലുപരി നമ്മുടെ ഇടവക ദൈവാലയത്തില്‍ ഇരുവശത്തും നില്‍ക്കുന്ന രണ്ടു പേരൊടെങ്കിലും ഹൃദയം തുറന്ന് സംസാരിക്കാനും ഒത്തൊരുമയോടെ മുന്നേറാനും എനിക്കു സാധിക്കുമോ?

ഓര്‍ക്കുക അപരന്‍റെ ആഗ്രഹങ്ങള്‍ക്കും ചിന്തകള്‍ക്കുമപ്പുറത്തേക്ക് അവന്‍റെ ജീവിതത്തിലേക്കു നന്മയായി കടന്നുചെല്ലുന്നവനാണു യഥാര്‍ത്ഥത്തില്‍ അയല്ക്കാരനാകുന്നത്, അങ്ങനെയായി മാറുവാനാണ് ഈശോ ഓരോ വിശ്വാസിയെയും ക്ഷണിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *

error: