മതബോധനം കാര്യക്ഷമമാക്കാന്‍

മതബോധനം കാര്യക്ഷമമാക്കാന്‍ മതാപിതാക്കളാണ് ചിന്തിച്ചു തുടങ്ങേണ്ടത്.
ചിക്കാഗോയിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഷെയ്ലിയുടെ അനുഭവക്കുറിപ്പുകളില്‍ ശ്രദ്ധേയമായ ഒരു സംഭവം വിവരിച്ചിട്ടുണ്ട്. അദ്ദേഹം ആര്‍ച്ച് ബിഷപ്പ് ആകുന്നതിനുമുമ്പ് ചിക്കാഗോ ജയിലിലെ ഒരു യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഷെയ്ലി അവനെ സമീപിച്ച് തെറ്റുകള്‍ ഏറ്റുപറഞ്ഞ് മനസ്തപിക്കാന്‍ പറഞ്ഞു. പല തവണ പറഞ്ഞിട്ടും അവന്‍ കൂട്ടാക്കിയില്ല. അവനെ കൊലമരത്തിലേക്ക് പ്രവേശിപ്പിക്കുന്ന ദിവസം അതിനുതൊട്ടു മുമ്പ് ഒരിക്കല്‍ക്കൂടി ഷെയ്ലി അവന്‍റെ അടുത്തുചെന്ന് മനസ്തപിക്കാന്‍ ആവശ്യപ്പെട്ടു. ഉടനെ അവന്‍ നിസ്സംഗനായി തിരിഞ്ഞുനിന്ന് ഒരു മനുഷ്യനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. “ആ മനുഷ്യനാണെന്നെ കൊലയാളിയാക്കിയത്. അയാള്‍ കാരണമാണ് ഞാന്‍ ചെറിയ തെറ്റുകളില്‍നിന്ന് വലിയ തെറ്റുകളിലേക്ക് വീണുപോയത്. കൊച്ചുനാളില്‍ എന്നെ ഒന്ന് തിരുത്തിയിരുന്നെങ്കില്‍ എനിക്ക് നല്ല മാതൃകയും മൂല്യബോധവും പകര്‍ന്നു തന്നിരുന്നുവെങ്കില്‍ ഞാന്‍ കഴുമരത്തിലേക്ക് പോകില്ലായിരുന്നു” ചൂണ്ടിക്കാണിച്ച മനുഷ്യന്‍ ആ ചെറുപ്പക്കാരന്‍റെ പിതാവായിരുന്നു.
ഈ സംഭവം ഇന്ന് ലോകം അനുഭവിക്കുന്ന ദുരവസ്ഥയുടെ ഒരു പരിച്ഛേദമല്ലേ? കത്തോലിക്കാ കുടുംബങ്ങളില്‍ ജനിച്ച അനേകര്‍ ഇന്നും തിന്മയുടെ പാതയിലൂടെ സഞ്ചരിക്കുന്നുണ്ടല്ലോ. ഇതിനെല്ലാം പ്രേരണയാകുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന് ശരിയായ മതബോധനത്തിന്‍റെയും ആത്മീയ വിദ്യാഭ്യാസത്തിന്‍റെയും അഭാവമാണ്. മതത്തിനു മാത്രമേ മനുഷ്യനെ നല്ലവനാക്കാന്‍ കഴിയുകയുള്ളൂ. കാരണം മനുഷ്യനെ ദൈവവുമായി അടുപ്പിക്കുന്ന മാധ്യമമാണ് മതം. ഒരു കണക്കിന് മതം മനുഷ്യന്‍റെ സ്വഭാവത്തിന്‍റെ അംശമാണ്. അതാണല്ലോ രഹസ്യമായും പരസ്യമായും ദൈവത്തെ ആരാധിക്കുവാന്‍ മനുഷ്യന്‍ പ്രേരിതനാകുന്നത്. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ കാണുമെന്നേയുള്ളൂ.
മതമില്ലാതെയുള്ള ബുദ്ധിയും ശക്തിയും വീടിന് പുറത്തുവയ്ക്കപ്പെട്ടിരിക്കുന്ന ദീപം പോലെയാണ്. വീടിന് പുറത്തുള്ളവര്‍ക്ക് പ്രകാശം നല്‍കിയേക്കാം. പക്ഷേ, വീട്ടില്‍ പാര്‍ക്കുന്നവര്‍ അന്ധകാരത്തില്‍തന്നെ കഴിയേണ്ടി വരും. മതപഠനമോ ദൈവവിശ്വാസമോ ഇല്ലാതെ ജീവിക്കുന്ന ഒരുവന് ആത്മീയാന്ധകാരം തന്നെ ഉണ്ടാകും. ഒരു നേത്രരോഗി അകലെനിന്ന് ഒരാളെ നോക്കുമ്പോള്‍ അത് മറ്റേതോ രൂപമായിട്ടാണ് കാണുന്നത്. എന്നാല്‍ രോഗത്തിന് ചേര്‍ന്ന കണ്ണട ധരിക്കുകയാണെങ്കില്‍ അയാള്‍ക്ക് ശരിയായി കാണാന്‍ കഴിയും. ഇവിടെ സമൂഹത്തെ തെറ്റായ കാഴ്ചപ്പാടില്‍ നിന്നും രക്ഷിക്കാന്‍ ശരിയായ ആത്മീയ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം.
ഒന്ന് സത്യമാണ്, മനുഷ്യവര്‍ഗത്തിന്‍റെ സര്‍വ്വോന്മുഖമായ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ ശരിയായ മതബോധനമുള്ളവരായിരുന്നു. അതുകൊണ്ടുതന്നെയാണ് കത്തോലിക്കാസഭ മതപഠനത്തിന് ഇത്രയും പ്രാധാന്യം നല്കുന്നത്. നമുക്കറിയാം മതബോധനത്തിനുവേണ്ടി എത്ര മനുഷ്യാധ്വാനമാണ് വിനിയോഗിക്കുന്നത്. എന്തുമാത്രം പണമാണ് ചെലവാക്കുന്നത്. വര്‍ഷങ്ങളായിട്ടു തുടര്‍ന്നു വരുന്നുവെങ്കിലും അതിന്‍റെ ഫലം എന്താണ്? അതെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരുന്നു.
1. എന്തുകൊണ്ട് നമുക്കിടയില്‍ മൂല്യങ്ങള്‍ ക്ഷയിച്ചുവരുന്നു?
2. ധാര്‍മ്മികതയിലും സദാചാരത്തിലും ആധുനിക തലമുറ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്?
3. ആചാര മര്യാദകളില്‍ നമ്മുടെ കുട്ടികള്‍ പിന്നോക്കം പോകുന്നത് എന്തുകൊണ്ട്?
4. കത്തോലിക്കാ കുട്ടികളിലും യുവാക്കളിലും വിശ്വാസരാഹിത്യം നിഴലിച്ചു കാണാന്‍ കാരണമെന്താണ്?
5. ചിലരിലെങ്കിലും ദൈവിക വിദ്വേഷം, മാതാപിതാക്കളോടുള്ള അനാദരവ് എന്നിവ പ്രകടമാകുന്നത് എന്തുകൊണ്ട്?
6. വിശ്വാസപരിശീലനം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്താത്തതിന്‍റെ കാരണമെന്താണ്?
7. ആരാധനാചടങ്ങുകളില്‍ പങ്കാളിത്തം കുറഞ്ഞുവരുന്നത് എന്തുകൊണ്ടാണ്?
8. യേശുവിലുള്ള വിശ്വാസത്തില്‍ അനുദിനം മുന്നേറുവാന്‍ കുടുംബങ്ങള്‍ക്കു സാധിക്കുന്നുണ്ടോ?
9. ഭൗതിക വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലെന്നപോലെ മതബോധനത്തില്‍ കുട്ടികള്‍ക്ക് താല്പര്യമില്ലാതാകുന്നതിന്‍റെ കാരണമെന്താണ്?
10. സ്കൂള്‍ തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ പോലും വേദപാഠ പരീക്ഷയില്‍ പിന്നോക്കം പോകാന്‍ കാരണമെന്താണ്?
ഇത്തരം പ്രശ്നങ്ങളെ നാം കാണാതിരിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ അല്ലേ ചെയ്യുന്നത്? ഇതിനൊക്കെ കാരണം ശരിയായ വിശ്വാസപരിശീലനം നല്‍കാത്തതുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ആധുനിക മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ തല്പരരാണ്. അതിനുവേണ്ടി എന്തും ചെയ്യാന്‍ വ്യഗ്രത കാണിക്കുന്ന അവര്‍ കുട്ടികളില്‍ മതമൂല്യങ്ങള്‍ വളര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ല (എല്ലാവരെയും ഉദ്ദേശിച്ചല്ല ഇത് പറയുന്നത്). ഇന്ന് ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന ഭൗതിക വിജ്ഞാനത്തിന്‍റെ പത്തില്‍ ഒരു അംശം പോലും ആദ്ധ്യാത്മികജ്ഞാനം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഇത് ഗൗരവമായിട്ട് എടുക്കേണ്ട കാര്യമാണ്.
ആത്മാപോഷണം അത്യാവശ്യമാണ്
ഭൗതിക കാര്യങ്ങള്‍കൊണ്ട് തൃപ്തിപ്പെടുന്ന ഒരു ശരീരം മനുഷ്യനുണ്ടെന്നതുപോലെ സ്വര്‍ഗ്ഗീയ സൗഭാഗ്യംകൊണ്ട് തൃപ്തിയടയേണ്ട ഒരു ആത്മാവ് കൂടിയുണ്ട്. ആത്മീയ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന വിദ്യാഭ്യാസം കൂടി അവര്‍ക്ക് നല്കേണ്ടത് അത്യാവശ്യമാണെന്നുള്ള കാര്യം വിസ്മരിക്കരുത്. കുട്ടികള്‍ക്ക് തങ്ങളുടെ ജീവിതോദ്ദേശ്യം സാധ്യമാകുന്നതിന് ഉപകരിക്കത്തക്കവിധത്തിലുള്ള മതപഠനം ആവശ്യമാണ്. മതപഠനവിഷയത്തില്‍ വളരെ ജാഗ്രതയും ശ്രദ്ധയും ഉണ്ടായിരിക്കേണ്ടതാണ്. കുട്ടികള്‍ക്ക് ജീവസന്ധാരണത്തിന് മുലപ്പാല്‍ എത്രമാത്രം അത്യന്താപേക്ഷിതമാണോ അപ്രകാരമാണ് ക്രിസ്തുവിന്‍റെ തത്വങ്ങളും പ്രബോധനങ്ങളും ഒരു ക്രിസ്ത്യാനിയുടെ ആത്മീയജീവിതത്തിന് അനിവാര്യമായിട്ടുള്ളത്. മതബോധനത്തിന്‍റെ പ്രാഥമിക പരിശീലനക്കളരി കുടുംബമാണ്. വ്യക്തിയുടെ മതബോധനത്തില്‍ 90 ശതമാനം പങ്കും കുടുംബാന്തരീക്ഷത്തിലാണ് രൂപപ്പെടുന്നത്. ഒരു ശിശു മതബോധനത്തില്‍ പിച്ചവച്ചു തുടങ്ങുന്നത് കുടുംബത്തിലാണ്. അമ്മ ഈശോയുടെ രൂപത്തില്‍ ചൂണ്ടി ഈശോ എന്ന് കുഞ്ഞിന് ചൊല്ലിക്കൊടുക്കുമ്പോള്‍ പല്ലില്ലാത്ത മോണകാട്ടി കുഞ്ഞ് ഈശോ എന്ന് ഉരുവിടാന്‍ ശ്രമിക്കും. അവിടെയാണ് കുടുംബത്തിലെ മതബോധനം ആരംഭിക്കുന്നത്. അതുപോലെ മാതാവും പിതാവും പതിവായി പ്രാര്‍ത്ഥന ചൊല്ലുമ്പോഴും ദൈവാലയത്തില്‍ കൊണ്ടുപോയി തിരുക്കര്‍മ്മങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊടുക്കുമ്പോഴും ഒക്കെ അടിസ്ഥാനമതബോധനത്തില്‍ കുഞ്ഞ് പിച്ചവയ്ക്കുകയാണ് ചെയ്യുന്നത്.
മാതാപിതാക്കള്‍ പ്രഥമ ഉത്തരവാദികള്‍
ഒരു കുട്ടി ആദ്യമായി ദൈവത്തെപ്പറ്റി അറിയുന്നത് മാതാപിതാക്കളില്‍നിന്നാണ് ഒരു പൂ കാണുമ്പോള്‍ കൊച്ചുകുഞ്ഞുങ്ങള്‍ അമ്മയോടു ചോദിക്കും. ഈ പൂ ഉണ്ടാക്കിയത് ആരാ. “നിന്നെയും എന്നെയും സൃഷ്ടിച്ച ദൈവം” എന്നുത്തരം പറയാന്‍ കഴിയുന്ന എത്ര പേരെ കാണാനാകുമിന്ന്? “എന്തിനുവേണ്ടിയാണ് ഇത് സൃഷ്ടിച്ചത്?” എന്ന് കുഞ്ഞ് വീണ്ടും ചോദിച്ചാല്‍ ‘നാമതിന്‍റെ ഭംഗി കണ്ട് ആനന്ദിക്കുന്നതിനും മധു ആസ്വദിക്കുന്നതിനും തദ്വാരാ ദൈവത്തെ സ്തുതിക്കുന്നതിനും അവിടുത്തോട് നന്ദി പറയുന്നതിനും വേണ്ടി എന്ന് മറുപടി പറയാന്‍ കഴിയണം. ഇതൊക്കെ മതപഠനത്തിന്‍റെ പ്രാഥമികാധ്യായങ്ങളാണ്. ഇങ്ങനെ ക്രമേണ കുട്ടികള്‍ ദൈവാലയത്തോട് ബന്ധപ്പെട്ടു നടക്കുന്ന മതബോധനത്തിലും തല്പരരാകുകയും ചെയ്യും. അതവര്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുകയും ചെയ്യുമെന്നതില്‍ സംശയം വേണ്ട. പുരാതന കാലത്തെ സഭാവിശ്വാസികള്‍ മതപഠനവിഷയത്തിലും മറ്റും പ്രദര്‍ശിപ്പിച്ചിരുന്ന ഉത്സാഹം വളരെ വലുതായിരുന്നു. വിശ്വാസത്തിനുവേണ്ടി ജീവന്‍പോലും ബലികഴിക്കാനവര്‍ തയ്യാറായിരുന്നു. എന്നാല്‍ ഭൗതികവിദ്യാഭ്യാസം വേണ്ടതുതന്നെയാണ്. എന്നാല്‍ ഇത് മതപഠനം ഉപേക്ഷിച്ചുകൊണ്ട് ആകരുത്.
മതപഠനവും ഭൗതികജ്ഞാനവും മനുഷ്യന്‍റെ രണ്ട് ചിറകുകളാണെന്നു പറയാം. രണ്ടും ഒരുപോലെ വേണം. ഒരു പക്ഷിയുടെ ചിറകുകളില്‍ ഒന്ന് വലുതും മറ്റേത് ചെറുതുമാണെങ്കില്‍ പറക്കാന്‍ കഴിയില്ല. അതുപോലെ മതപഠനം ഒട്ടും ഇല്ലാത്ത ഭൗതിക ജ്ഞാനം വളരെയധികമുള്ള വ്യക്തിയുടെ ജീവിതവ്യാപാരവും വികലവും വികൃതവുമായിരിക്കും. അതുകൊണ്ടാണ് മതാധ്യാപകരും സന്ന്യസ്തരും പുരോഹിതരും പറയുന്നത് കുട്ടികളെ മതപഠനക്ലാസില്‍ വിടണമെന്ന്. വേദപാഠക്ലാസില്‍ അയയ്ക്കാതിരിക്കുന്നത് പിടിക്കപ്പെട്ട പാപമാണെന്ന് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞതിന്‍റെ പൊരുളും മറ്റൊന്നല്ല.
ഭാവി തലമുറയുടെ പരിശീലനത്തിനും സ്വഭാവരൂപീകരണത്തിനുമുള്ള പ്രാഥമിക വിദ്യാലയം കുടുംബമാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. സ്വഭാവത്തിന്‍റെ ശില്പികളായ മാതാപിതാക്കന്മാര്‍ക്ക് കുട്ടികളില്‍ അധ്യാപകരെക്കാള്‍ കൂടുതല്‍ സ്വാധീനശക്തി ചെലുത്താന്‍ സാധിക്കും. അധ്യാപകര്‍ക്ക് ഒരിക്കലും മാതാപിതാക്കളുടെ പ്രതിപുരുഷനാകാന്‍ സാധ്യമല്ല. വിതച്ച വിത്തിനെ നനയ്ക്കാനേ അധ്യാപകര്‍ക്ക് സാധിക്കുകയുള്ളൂ. വിതയ്ക്കേണ്ടത് മാതാപിതാക്കളാണ്.
മതബോധനം മതാധ്യാപകരുടെ ജോലിയാണെന്ന ചിന്തയോടെ പെരുമാറുന്നത് ശരിയല്ല. ശരിയായ മതബോധനം കുടുംബത്തില്‍ നിന്നാണ് ആരംഭിക്കേണ്ടത്. മാതാപിതാക്കളുടെ ഈ ദൗത്യത്തില്‍ മതാധ്യാപകര്‍ കുട്ടികളെ സഹായിക്കുന്നു എന്നേയുള്ളൂ. മതത്തിലും മൂല്യങ്ങളിലും ധാര്‍മ്മികചിന്തയിലും അടിയുറച്ച വിശ്വാസം കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇതില്‍ മാതാപിതാക്കളും മതാധ്യാപകരും ഒത്തുചേരുമ്പോഴാണ് ഫലപ്രദമായിത്തീരുന്നത്.
കുട്ടികളെ മതബോധനത്തിനു കിട്ടുന്നില്ല; അഥവാ അവര്‍ മതബോധനക്ലാസ്സില്‍ വരുന്നില്ല, സ്കൂള്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികള്‍പോലും വേദപാഠപരീക്ഷയില്‍ എട്ടും പത്തും മാര്‍ക്ക് (കൂടിയാല്‍ ജസ്റ്റ് പാസ്) വാങ്ങുന്നു എന്നീ പരാതികള്‍ അടുത്ത കാലത്തായി കേട്ടുതുടങ്ങിയിട്ടുണ്ട്. ഇതില്‍ യാഥാര്‍ത്ഥ്യവുമുണ്ട്. അതിന് പ്രധാന പ്രതികള്‍ മാതാപിതാക്കള്‍ തന്നെയാണ്. അവര്‍ഈ അധ്യായം ഒന്നുകൂടെ വായിക്കുന്നത് നന്ന്.
ഇവിടെ കുട്ടികളെയും മാതാപിതാക്കളെയും മാത്രം കുറ്റപ്പെടുത്തിയാല്‍ മതിയോ? അവര്‍ മാത്രമാണോ ഇതിനു കാരണക്കാര്‍? ഒരു പഠനവിഷയമാക്കേണ്ട കാര്യമാണിത്. ടെസ്റ്റ്, ക്വിസ്സുകള്‍, പ്രൊജക്റ്റ് വര്‍ക്കുകള്‍, നിരന്തരമായ മറ്റു മത്സരങ്ങള്‍, ഇംപോസിഷനുകള്‍ തുടങ്ങി പലതും ഔപചാരിക വിദ്യാഭ്യാസത്തിലുണ്ട്. ഏതാണ്ട് ഇതുപോലുള്ളതും കുട്ടികള്‍ക്ക് ഓവര്‍ലോഡ് കൊടുക്കുന്നതുമായ പരിപാടികള്‍ ഞായറാഴ്ചകളിലെ വേദപാഠശാലകളിലും ഉണ്ടെന്നാണ് പലരും പറയുന്നത്. 5-6 ദിവസത്തെ സ്കൂള്‍ പഠനത്തിന്‍റെ ഭാരത്തില്‍നിന്നും സ്ട്രെസ്സില്‍നിന്നും മോചനം നേടാനാഗ്രഹിക്കുന്ന കുട്ടികള്‍ മതബോധനത്തിനെത്തുമ്പോള്‍ അതിനേക്കാള്‍ കടുത്ത പഠനമുറകള്‍ അവരില്‍ വിരക്തി ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. എനിക്ക് പരിചയമുള്ള സുഹൃദ്സ്ഥാനീയരായ ഒന്നുരണ്ടു പുരോഹിതന്മാരും സിസ്റ്റേഴ്സും ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി. എന്തായാലും മതബോധനത്തിന് കുഞ്ഞുങ്ങളെ ശാസിക്കുകയും മാതാപിതാക്കളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനുമുമ്പ് ഈ വിഷയം പഠിച്ച് വേണ്ട പരിഹാരം തേടേണ്ടത് അനിവാര്യമായ കാര്യമാണ് (വിസ്താരഭയത്താല്‍ ഈ വിഷയത്തിലെ മറ്റു തലങ്ങളിലേക്കു കടക്കുന്നില്ല).
മറ്റൊരു പ്രശ്നം; മതബോധനം നല്‍കാന്‍ ചുമതലപ്പെട്ട പലരും സ്കൂള്‍ അധ്യാപകരോ മറ്റു ജോലിക്കാരോ ആയിരിക്കും. ആഴ്ചയില്‍ അഞ്ചോ ആറോ ദിവസം സ്കൂളില്‍ പഠിപ്പിച്ചും ഓഫീസില്‍ ജോലി ചെയ്തും മനംമടുത്തു വരുന്ന ഇവര്‍ വേദപഠനക്ലാസില്‍ പഠിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ബോറിങ്ങ് ഉണ്ടാവുക സ്വാഭാവികം അപ്പോള്‍ അത് വെറും കടംകഴിക്കല്‍ ചടങ്ങായി മാറുന്നു. യാതൊരു പ്രതിഫലവും തങ്ങള്‍ക്കിതിന് ഇല്ലല്ലൊ എന്ന തോന്നലും മതാദ്ധ്യാപകരെ (എല്ലാവരുമല്ല – ക്ഷമിക്കണം) ഏതോ ഒരു നെഗറ്റീവ് മനോഭാവത്തിലേക്ക് നയിക്കുന്നുണ്ടാകാം. ഒരു ചായ പോലും ഇല്ലല്ലോ… എന്ന് ആത്മഗതം കൊള്ളുന്ന പലരെയും കണ്ടിട്ടുണ്ട്. മറ്റ് ആഘോഷങ്ങള്‍ക്കും വെടിക്കെട്ടിനും ബാഹ്യപ്രകടനങ്ങള്‍ക്കും പതിനായിരങ്ങളും ലക്ഷങ്ങളും ചെലവാക്കുന്ന കമ്മറ്റിക്കാര്‍ മതാദ്ധ്യാപകരുടെ ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്ന പരാതികള്‍ പ്രകടിപ്പിക്കുന്നു എങ്കില്‍ അവരെ കുറ്റപ്പെടുത്താനാകുമോ? ഈ വിഷയവും ഇടവകതലത്തിലും സഭാതലത്തിലും ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതാണ്.
ഒന്നറിയുക, ജീവിതത്തില്‍ യഥാര്‍ത്ഥ സമാധാനവും വിജയവും ലഭ്യമാകണമെങ്കില്‍ മതബോധനം അത്യാവശ്യമാണ്. തിന്മയിലേക്ക് കണ്ണ് വച്ചിരിക്കുന്ന മനുഷ്യനെ നന്മയിലേക്ക് കൊണ്ടുവരുവാനും അതില്‍ ഉറപ്പിച്ച് നിറുത്തുവാനും മതബോധനത്തിന് ശക്തിയുണ്ട്. അതിനുള്ള വിശ്വാസദാര്‍ഢ്യമുണ്ടാകണം. എങ്കിലേ നമ്മുടെ മതത്തെക്കുറിച്ച് ശരിയായ ജ്ഞാനം വളര്‍ത്തിയെടുക്കാനും ഇതര മതസ്ഥരെ നന്മയിലേക്ക് ആകര്‍ഷിക്കുവാനും അവരിലുള്ള തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും കഴിയുകയുള്ളൂ. അവസാനമായി ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍കൂടെ.
* ദൈവത്തെക്കുറിച്ചും സഭയെക്കുറിച്ചും വെറും ബൗദ്ധികജ്ഞാനമല്ലാതെ അനുഭവജ്ഞാനം നല്‍കാന്‍ മതബോധനത്തെ സജ്ജമാക്കുക.
* മാസംതോറും ഒരു ദിവസം ഇടവകതലത്തില്‍ കുട്ടികള്‍ക്കായി മാറ്റിവച്ച് അവര്‍ക്കായി പ്രത്യേക ആരാധനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടത്തുക.
* പൊങ്ങച്ചവും അഹങ്കാരവും അസൂയയും അനാരോഗ്യകരമായ മാത്സര്യവും ഉളവാക്കുകയോ വളര്‍ത്തുകയോ ചെയ്യുന്ന പഠന – പരീക്ഷാരീതികള്‍ അവസാനിപ്പിക്കുക.
* ഇടയ്ക്ക് വിശുദ്ധരുടെ ജീവിതം ആധാരമാക്കിയുള്ള സിനിമകള്‍ കുട്ടികളെ കാണിക്കുക. അത്തരം വിഷയങ്ങളില്‍ നാടകങ്ങള്‍ രൂപപ്പെടുത്തുക.
* മതാധ്യാപകര്‍, പ്രാര്‍ത്ഥനാജീവിതം നയിക്കുന്നവരും മാതൃകപരമായി ജീവിക്കുന്നവരും കുട്ടികളെ നയിക്കാന്‍ കഴിവുള്ളവരും ആയിത്തീരാന്‍ ശ്രദ്ധിക്കുക. അവര്‍ക്കുവേണ്ട പ്രത്യേക പരിശീലനം നല്‍കുക.
* ആത്മീയപരിപാടികളും ദൈവവിളി സെമിനാറുകളും ഇടവകതലത്തിലോ സഭയുടെ വിദ്യാലയങ്ങളിലോ നടത്തുക.
മുരളീധരന്‍ മുല്ലമറ്റം

Leave a Reply

Your email address will not be published. Required fields are marked *

error: