നവോത്ഥാനം- എന്ത്? എങ്ങനെ? ആരുടെ?

പ്രൊഫ. ബിനോ പി. ജോസ്
ചരിത്രവിഭാഗം

‘നവോത്ഥാനം’ ‘നവോത്ഥാനമൂല്യങ്ങള്‍’ ‘കേരളനവോത്ഥാനം’ എന്നീ ആശയങ്ങള്‍ കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചകള്‍ സമകാലീനമായ വൈകാരികപ്രശ്നങ്ങളുമായി ചേര്‍ത്തുകെട്ടപ്പെടുകയും നവോത്ഥാനചരിത്രം പലപ്പോഴും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നു. അതിലുപരി, നവോത്ഥാനത്തെക്കുറിച്ച് ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ള പുതിയ കാഴ്ചപ്പാടുകള്‍ അപ്പാടെ തമസ്കരിച്ചുകൊണ്ട് അതിന്‍റെ പിതൃത്വവും മാതൃത്വവും പലരും ഏറ്റെടുക്കാന്‍ ശ്രമിച്ചുകാണുന്നുമുണ്ട്. ഇക്കാര്യത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും തമ്മില്‍ തീവ്രതയുടെ തോതിലുള്ള വ്യത്യാസം മാത്രമാണുള്ളത്. നവോത്ഥാന സംബന്ധിയായി കേരളത്തില്‍ നടക്കുന്ന എല്ലാ ചര്‍ച്ചകളിലും ഓര്‍ത്തിരിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങള്‍ മാത്രം വിചിന്തനം ചെയ്യുകയാണിവിടെ.

എന്താണ് ‘നവോത്ഥാനം’?

പതിനാലാം നൂറ്റാണ്ടില്‍ ഇറ്റലിയിലാരംഭിക്കുകയും തുടര്‍ന്ന് യൂറോപ്പ് മുഴുവന്‍ വ്യാപിക്കുകയും ചെയ്ത തീവ്രമായ സര്‍ഗ്ഗാത്മകതയുടെയും മാറ്റത്തിന്‍റെയും കാലഘട്ടത്തെയാണ് ‘നവോത്ഥാനം’ എന്നു വിളിച്ചുപോരുന്നത്..

നവോത്ഥാനം ക്രൈസ്തവവിരുദ്ധമോ?

നവോത്ഥാനത്തിന്‍റെ ആശയങ്ങളും നിലപാടുകളും ക്രൈസ്തവവിരുദ്ധമായിരുന്നു എന്ന ധാരണ പൊതുവെ നിലനില്ക്കുന്നുണ്ട്. റിനയ്സന്‍സിനെക്കുറിച്ചുള്ള രചനകള്‍ യൂറോപ്പിന്‍റെ മധ്യയുഗത്തെ ‘ഇരുണ്ടയുഗം’ എന്നു വിശേഷിപ്പിച്ചതില്‍ നിന്നാണ് ഈ തെറ്റിദ്ധാരണയുടെ തുടക്കം. അത്തരം രചനകള്‍ നവോത്ഥാനത്തെ 14-ാം നൂറ്റാണ്ടില്‍ പെട്ടെന്നുണ്ടായതും മുന്‍കാലവുമായി ബന്ധമില്ലാത്തതുമായ ഒരു മുന്നേറ്റമായാണ് കണ്ടത്.

ഈ കാഴ്ചപ്പാട് ഇന്ന് ചരിത്രം പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിട്ടുണ്ട്. നവോത്ഥാനത്തിന്‍റെ വേരുകള്‍ യഥാര്‍ത്ഥത്തില്‍ മധ്യയുഗത്തില്‍തന്നെയാണ് കാണാനാകുന്നത്. നവോത്ഥാനം ചരിത്രത്തില്‍ ആകെ പുത്തനായ ഒരു ഘട്ടമായിരുന്നില്ല; അത് മധ്യയുഗത്തിന്‍റെ സ്വാഭാവിക തുടര്‍ച്ച തന്നെയായിരുന്നു. മധ്യയുഗത്തെ ക്രൈസ്തവവും പിന്തിരിപ്പനുമെന്നും നവോത്ഥാനത്തെ ക്രൈസ്തവവിരുദ്ധവും പുരോഗമനപരവുമെന്നും വിപരീതദ്വന്ദ്വങ്ങളായി പ്രതിഷ്ഠിക്കുന്നത് തികച്ചും തെറ്റാണ്.

*             പ്രസിദ്ധരായ നവോത്ഥാന കലാകാരന്മാര്‍ പലരും ഉറച്ച ക്രൈസ്തവരായിരുന്നു. പെട്രാര്‍ക്ക്, ലോറെന്‍സോ വല്ല, ഗൊലൂച്ചിയോ മുതലായവരൊക്കെ വിശ്വാസികളായിരുന്നു.

*             നവോത്ഥാന കലാകാരന്മാരെ സംരക്ഷിച്ചതും അവരുടെ പ്രസിദ്ധരചനകള്‍ക്ക് സാമ്പത്തികസഹായം നല്കിയതും സഭയായിരുന്നു. ലോകപ്രസിദ്ധമായ നവോത്ഥാന കലകള്‍ പള്ളികളിലാണ് എന്ന് ഓര്‍ക്കുക. ക്രിയേഷന്‍ ഓഫ് മാന്‍, അന്ത്യത്താഴം, പിയാത്ത തുടങ്ങിയ കലാസൃഷ്ടികള്‍ ഓര്‍ക്കുക.

*             നവോത്ഥാനകലയുടെയും സാഹിത്യത്തിന്‍റെയും ഇതിവൃത്തം ക്രൈസ്തവവിരുദ്ധമായിരുന്നില്ല എന്നു മാത്രമല്ല, അവയൊക്കെ ബൈബിളധിഷ്ഠിതവും സഭാത്മകവും കൂടിയായിരുന്നു.

നവോത്ഥാനകലയുടെയും സാഹിത്യത്തിന്‍റെയും ഏറ്റവും വലിയ പ്രായോജകനും, പരിപോഷകനും സാക്ഷാല്‍ മാര്‍പാപ്പ തന്നെയായിരുന്നു. നവോത്ഥാനത്തിന്‍റെ ഏറ്റവും വലിയ ദൃശ്യഅടയാളങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് കത്തോലിക്കാസഭയുടെ ആഗോളതലസ്ഥാനമായ റോമില്‍ ആണെന്നുള്ളതും ഒട്ടും യാദൃശ്ചികമല്ല. ചുരുക്കിപ്പറഞ്ഞാല്‍ കത്തോലിക്കാസഭയും ഇറ്റാലിയന്‍ – യൂറോപ്യന്‍ നവോത്ഥാനവും തമ്മില്‍ വൈരുദ്ധ്യമല്ല ജൈവബന്ധമാണുണ്ടായിരുന്നത്.

ഇന്ത്യന്‍ നവോത്ഥാനം

ഇന്ത്യന്‍ നവോത്ഥാനത്തെക്കുറിച്ച് പഠിക്കുന്ന ഏതൊരാളും വിസ്മരിക്കാത്ത പേരാണ് “ഇന്ത്യയിലെ ആദ്യത്തെ ആധുനിക മനുഷ്യന്‍’ എന്നു പേരുകേട്ട രാജാറാം മോഹന്‍ റോയ്. ബംഗാളിയും സംസ്കൃതവും പേര്‍ഷ്യനും പാഠശാലയിലും മദ്രസയിലുമായി പഠിച്ച് തുടങ്ങിയ റാം മോഹന്‍ പിന്നീട് ഗ്രീക്കും ഫ്രഞ്ചും ഇംഗ്ലീഷും പഠിച്ചാണ് ആധുനികമനുഷ്യനായത്.

പരമ്പരാഗത വിദ്യാഭ്യാസത്തില്‍നിന്ന് ആധുനികതയിലേക്കുള്ള അദ്ദേഹത്തിന്‍റെ ചുവടുമാറ്റം ആരംഭിക്കുന്നത് വില്യംകാരി എന്ന മിഷനറിയുമായുള്ള തന്‍റെ ബന്ധത്തിലൂടെയാണ്. റാം മോഹന്‍റെ ആദ്യത്തെ പുസ്തകവും ഏകദൈവവിശ്വാസത്തെ പിന്തുണക്കുന്നതായിരുന്നു. അവസാനഘട്ടത്തില്‍ കാരിയുമായി അദ്ദേഹം വേര്‍പെട്ടുവെങ്കിലും റാംമോഹന്‍റെ ബ്രഹ്മസമാജം ഏകദൈവവിശ്വാസത്തെ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ ഒന്നാമത്തെ നായകനില്‍ മാത്രമല്ല മിക്കവരിലും ക്രിസ്തീയ സ്വാധീനം കാണാം. സ്വാധീനം എന്നാല്‍ ക്രിസ്തുമതത്തെ അംഗീകരിക്കലോ, പിന്തുടരലോ തന്നെ ആയിക്കൊള്ളണമെന്നില്ല. നേരെ മറിച്ച്, ക്രിസ്തുമതത്തിന്‍റെയും മിഷനറിമാരുടെയും ശൈലിയും സ്വാധീനവും കണ്ട് സ്വന്തം മതത്തില്‍ തിരുത്തലും നവീകരണവും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് അതിനായി പരിശ്രമിക്കുന്നതും സ്വാധീനഫലം തന്നെയാണ്. പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിലെ ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ ചില സവിശേഷതകള്‍ സമകാലീനകേരളത്തിലെ നവോത്ഥാന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഒന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

*             ഇന്ത്യന്‍ നവോത്ഥാനം മതവിരുദ്ധമോ മതേതരമോ ആയിരുന്നില്ല.

*             മതങ്ങളെ പുതുക്കി മാലിന്യമുക്തമാക്കുകയും മനുഷ്യവിരുദ്ധമായി മതത്തില്‍ കടന്നുകൂടിയിട്ടുള്ള – അഥവാ ഉണ്ടായിരുന്ന അംശങ്ങളെ നീക്കിക്കളയുകയായിരുന്നു ഇന്ത്യന്‍ നവോത്ഥാനം.

*             ഇന്ത്യന്‍ നവോത്ഥാനം സാമൂഹികപരിഷ്കരണത്തെയും മതപരിഷ്കരണത്തെയും വേര്‍തിരിച്ചുകണ്ടില്ല. മതപരിഷ്കരണം തന്നെയായിരുന്നു ഇന്ത്യന്‍ നവോത്ഥാന നായകര്‍ക്ക് സാമൂഹികപരിഷ്കരണം. ക്രിസ്തുമതം ഉയര്‍ത്തിയ ‘ചാലഞ്ചി’നെ നേരിടാന്‍ സ്വയം പ്രാപ്തമാകുക എന്ന ലക്ഷ്യം പലപ്പോഴും ഇന്ത്യന്‍ മതനവീകരണത്തിന്‍റെ ഭാഗമായിരുന്നു.

*             ഇന്ത്യന്‍ നവോത്ഥാനത്തില്‍ മതവിരുദ്ധതയും ക്രൈസ്തവിരുദ്ധതയുമല്ല, മതനിബദ്ധതയും ക്രൈസ്തവ സ്വാധീനവുമാണ് കാണുന്നത്.

നവോത്ഥാന കേരളം

കേരളനവോത്ഥാനത്തിനും മേല്പറഞ്ഞ ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ സവിശേഷതകള്‍ എല്ലാമുണ്ടായിരുന്നു. ശ്രീനാരായണഗുരുവും മന്നത്തു പത്മനാഭനും മുതല്‍ അയ്യങ്കാളിയും പൊയ്കയിലപ്പച്ചനും വരെയുള്ള ഒരു കേരള നവോത്ഥാന നായകനും മതത്തെയോ വിശ്വാസത്തെയോ തള്ളിപ്പറഞ്ഞിട്ടില്ല. വിശ്വാസത്തെ യുക്തിസഹമാക്കാനും മതത്തെ ശുദ്ധമാക്കാനുമാണ് അവര്‍ ശ്രമിച്ചത്. അവരുടെ വിശാല രാഷ്ട്രീയത്തില്‍പോലും മതേതരത്വം ഒരിക്കലും കടന്നുവന്നില്ല. സമൂഹത്തെയും രാഷ്ട്രത്തെയും മതത്തെയും ഒരിക്കലും ഇഴപിരിച്ചുകാണാന്‍ ശ്രമിക്കാത്തവരായിരുന്നു ‘കേരളനവോത്ഥാനനായകര്‍.’

കേരള നവോത്ഥാനം ഒരു കാരണവശാലും ക്രൈസ്തവവിരുദ്ധമായിരുന്നില്ല എന്നത് വസ്തുനിഷ്ഠമായ സത്യം മാത്രമാണ്.

*             കേരളചരിത്രത്തില്‍ ‘ഇരുണ്ട മധ്യയുഗം’ എന്നും അതിനു കാരണമായ ക്രിസ്തീയസഭയെന്നും ഉള്ള കാഴ്ചപ്പാട് നിലനില്‍ക്കുന്നതേയല്ല.

*             യൂറോപ്യര്‍ ഇന്ത്യയില്‍ അധികാരവും ഗണ്യമായ സ്വാധീനവും ഉള്ളവരാകുന്നതിനുമുമ്പ് ഇന്ത്യയില്‍ വ്യക്തമായ ക്രൈസ്തവസ്വാധീനമുള്ള പ്രദേശം കേരളം മാത്രമായിരുന്നു. കേരളത്തിലെ പരമ്പരാഗത ക്രൈസ്തവരാകട്ടെ വിശ്വാസത്തില്‍ കത്തോലിക്കരായിരുന്നെങ്കിലും സംസ്കാരത്തില്‍ തികച്ചും ഭാരതീയരായിരുന്നതിനാല്‍ നിലവിലുള്ള ഇന്ത്യന്‍ സമൂഹത്തെ പുതുക്കിയിരുന്നില്ല.

*             ഇന്ത്യയില്‍ യൂറോപ്യരുടെ സ്വാധീനം ഗണ്യമായതോടെ ക്രൈസ്തവ സ്വാധീനവും വര്‍ദ്ധിച്ചു. വി. ഫ്രാന്‍സിസ് സേവ്യര്‍ അടക്കമുള്ള മിഷനറിമാരും ഈശോസഭയും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്ത്യയിലെമ്പാടും ക്രിസ്തീയ സാന്നിധ്യം ഉണ്ടായി. ക്രിസ്തുമതവും അതു പിന്തുടരുന്ന പുതിയ ഭരണാധികാരികളും അടയാളപ്പെടുത്തിയ നവോത്ഥാന സംസ്കാരത്തോടുള്ള ഇടപെടല്‍ ഇന്ത്യന്‍ നവോത്ഥാനത്തിനു തിരികൊളുത്തുകയും ചെയ്തു.

*             സ്വാഭാവികമായും ഏറ്റവും കൂടുതല്‍ ക്രിസ്തീയസാന്നിധ്യമുള്ള കേരളത്തിലാണ് നവോത്ഥാനം ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തിയത്.

*             ഈശോയുടെ ശിഷ്യനായ തോമ്മാശ്ലീഹായുടെ കാലംമുതല്‍ ക്രൈസ്തവര്‍ ഉള്ളതും യൂറോപ്യര്‍ ആദ്യം എത്തിച്ചേര്‍ന്നതുമായ കേരളം നവോത്ഥാനത്തിന്‍റെ മൂല്യങ്ങള്‍ സ്വന്തമാക്കുന്നതില്‍ മറ്റേത് ഇന്ത്യന്‍ പ്രദേശത്തെയും പിന്നിലാക്കി.

*             നവോത്ഥാന – ക്രിസ്ത്യന്‍ മൂല്യങ്ങള്‍ അടങ്ങിയ ഇംഗ്ലീഷ് വിദ്യാഭ്യാസം, മിഷനറിമാരുടെ മാതൃകകള്‍, അവര്‍ സ്ഥാപിച്ച വിദ്യാലയങ്ങള്‍, ആ മാതൃകയിലും അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും തിരുവിതാംകൂര്‍ ഭരണകൂടം തുടങ്ങിവച്ച ആധുനികവിദ്യാഭ്യാസം എന്നിവ കേരളത്തില്‍ നവോത്ഥാനമൂല്യങ്ങളുടെ പ്രചാരത്തിനു കാരണമായി.

*             കേരളത്തിലെ ആദ്യപത്രം ‘രാജ്യസമാചാരം’ ആയിരുന്നു. ഏതു രാജ്യത്തിന്‍റെ സമാചാരം? ദൈവരാജ്യത്തിന്‍റെ. അത് ഒരു മിഷനറി പ്രസിദ്ധീകരണമായിരുന്നു.

*             പത്രം അടക്കം ആധുനികതയുടെയും നവോത്ഥാനമൂല്യപ്രചാരത്തിന്‍റെയം എല്ലാ ജിഹ്വകളും ഘടകങ്ങളും കേരളത്തില്‍ ആരംഭിച്ചത് ക്രൈസ്തവമായ മുന്‍കൈയെടുക്കലില്‍ ആയിരുന്നു എന്നു വ്യക്തം.

*             ആദ്യത്തെ അച്ചടിശാല, ആദ്യം അച്ചടിച്ച ഗ്രന്ഥം, ആദ്യം എഴുതപ്പെട്ട ഗ്രന്ഥം, ഭാഷയുടെ ലിപി നിഷ്കൃഷ്ടമാക്കല്‍, ഭാഷാ നിഘണ്ടുവിന്‍റെ രൂപീകരണം എന്നിങ്ങനെ മലയാളഭാഷ ക്രൈസ്തവമിഷനോടു കടപ്പെട്ടിരിക്കുന്നത് അളവറ്റ വിധത്തിലാണ്.

*             1805 മുതല്‍ 1871 വരെയാണ് ചാവറയച്ചന്‍റെ ജനനകാലം. ‘കേരളസാക്ഷരതയുടെ പിതാവ്’ എന്ന് അദ്ദേഹം അറിയപ്പെടുന്നു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്‍റെ നട്ടെല്ലായ ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ സ്ഥാപിക്കപ്പെടുന്നതുതന്നെ 1885-ല്‍ ആണെന്നോര്‍ക്കുക.

*             കേരളത്തിലെ എല്ലാ മതസമൂഹപരിഷ്കരണസംഘടനകളും പ്രസ്ഥാനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇരുപതാംനൂറ്റാണ്ടില്‍ മാത്രം സ്ഥാപിക്കപ്പെട്ടവയാണ്. കോണ്‍ഗ്രസ് മാത്രം അതിന് ഏതാനും വര്‍ഷങ്ങള്‍മുമ്പ്. പക്ഷേ 1871 ല്‍ അന്തരിച്ച ചാവറയച്ചന്‍ അതിനും എത്രയോ മുമ്പ് തികഞ്ഞ നവോത്ഥാനമൂല്യങ്ങള്‍ പഠിപ്പിച്ചു. ക്രൈസ്തവമൂല്യങ്ങളും നവോത്ഥാനമൂല്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്തെങ്കിലും സംശയമുള്ളവര്‍ “ഒരു നല്ലയപ്പന്‍റെ ചാവരുള്‍” മാത്രം വായിച്ചാല്‍ മതിയാകും.

എന്തുകൊണ്ട്?

എന്തുകൊണ്ട് കേരളം ഇന്ത്യയില്‍ വികസനത്തിനും സാമൂഹികപുരോഗതിക്കും വേറിട്ട മാതൃകയാകുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരം ചരിത്രത്തില്‍ സുവ്യക്തമാണ്. ആധുനികതയെ മറ്റേത് ഇന്ത്യന്‍പ്രദേശത്തെക്കാളും മുമ്പേ സ്വീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു കേരളം. അതിനാവശ്യമായ സാംസ്കാരിക – സാമൂഹിക – ബൗദ്ധിക പശ്ചാത്തലമൊരുക്കിയ ഒന്നാം ഘടകം ഇവിടുത്തെ ക്രൈസ്തവസാന്നിധ്യവും ക്രൈസ്തവ – നവോത്ഥാനമൂല്യങ്ങള്‍ തമ്മിലുള്ള ജൈവബന്ധവും തന്നെയായിരുന്നു.

മറക്കാതിരിക്കുക

1.            രാജാറാം മോഹന്‍ റോയിയുടെ ഏറ്റവും പ്രചാരമുള്ള ചിത്രം ഒരു പ്രതിമയില്‍നിന്നുള്ളതാണ്. എവിടെയാണ് ഈ മോഹന്‍ റോയി പ്രതിമ നിലകൊള്ളുന്നത്? ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ കത്തീദ്രലിനു മുന്നില്‍.

                – അതെ നവോത്ഥാനവും ക്രൈസ്തവികതയും തമ്മിലുള്ള ബന്ധത്തിന്‍റെ ഒരടിക്കുറിപ്പാണത്.

Leave a Reply

Your email address will not be published. Required fields are marked *

error: