രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പാര്‍ലമെന്‍റ് മന്ദിരത്തിലും സംസ്ഥാന നിയമസഭ മന്ദിരങ്ങളിലും തുടങ്ങി.

4809 എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമാണ് വോട്ടവകാശം. ദ്രൗപദി മുര്‍മുവാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും.

രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റ് മന്ദിരത്തിലെ 63ാം മുറിയില്‍ വോട്ട് രേഖപ്പെടുത്തി. എം.പിമാര്‍ക്ക് പച്ചനിറത്തിലും എം.എല്‍.എമാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റുകളാണ് ലഭിക്കുക. വയലറ്റ് മഷിയുള്ള പ്രത്യേകം രൂപകല്‍പന ചെയ്ത പേനയാണ് വോട്ട് ചെയ്യാന്‍ ഉപയോഗിക്കുക.

വോട്ടെണ്ണല്‍ 21നും രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ജൂലൈ 25നും നടക്കും. ഒഡിഷയിലെ ബിജു ജനതാദള്‍, ആന്ധ്രപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡി.പി, ബി.എസ്.പി, ശിവസേന, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ശിരോമണി അകാലിദള്‍ തുടങ്ങി എന്‍.ഡി.എ ഘടകകക്ഷികളല്ലാത്ത പാര്‍ട്ടികളുടെ വോട്ടുകൂടി ഉറപ്പിച്ച ദ്രൗപദി മുര്‍മു 60 ശതമാനത്തിലേറെ വോട്ടുറപ്പിച്ചു കഴിഞ്ഞു.