പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റി; അഞ്ച് മുതൽ സ്കൂൾ പ്രവേശനം നേടാം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതിയില്‍ മാറ്റം.

വ്യാഴാഴ്ച്ച പ്രസിദ്ധീകരിക്കാനിരുന്ന അലോട്ട്‌മെന്റ് പട്ടിക വെള്ളിയാഴ്ച്ചയിലേക്കാണ് മാറ്റിയത്. രാവിലെ 11 മണിക്ക് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയം ദീര്‍ഘിപ്പിച്ചതിനാലാണ് സമയം പുനഃക്രമീകരിച്ചത്.

സ്‌പോട്‌സ് ക്വാട്ടയിലെ ആദ്യ അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്‌മെന്റില്‍ അവസരം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്ത് അഞ്ച് മുതല്‍ 10 ന് വൈകിട്ട് അഞ്ച് മണിവരെ സ്‌കൂള്‍ പ്രവേശനം സാധ്യമാക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ സാങ്കേതിക തടസം നേരിട്ടതോടെ മണിക്കൂറുകളോളം വെബ്‌സൈറ്റ് ലഭ്യമായിരുന്നില്ല. തുടര്‍ന്ന് ഡാറ്റാ സെന്റര്‍, എന്‍ഐസി അധികൃതര്‍ ഇടപെട്ട് കൂടുതല്‍ സെര്‍വറുകള്‍ ഒരുക്കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

അതിനിടെ പ്ലസ്‌വണ്‍ പ്രവേശനത്തിന് 10 % കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റിലേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഈ പത്തുശതമാനം മാറ്റി നിര്‍ത്തിയാകും അലോട്ട്‌മെന്റ് നടത്തുക. ന്യൂനപക്ഷ സമുദായത്തില്‍പെടാത്ത മാനേജ്‌മെന്‍റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ സമുദായ ക്വാട്ടയില്‍ 10 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഭരണഘടനാ വരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.