സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഒമ്ബത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതേത്തുടര്‍ന്ന് ഒമ്ബത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമര്‍ദ്ദംതീവ്ര ന്യൂനമര്‍ദ്ദമാകാനുള്ള സാധ്യതയാണുള്ളതായും മുന്നറിയിപ്പില്‍ പറയുന്നു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒഡിഷ – വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇത് വരുന്ന മണിക്കൂറുകളില്‍ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയില്‍ ഒഡിഷ – ഛത്തിസ്ഗര്‍ മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമാകാനാണു സാധ്യത.