കൗണ്‍സിലിംഗ് രോഗികൾക്ക് ഉള്ളതല്ല

ബിന്നിയച്ചൻ
കൗണ്‍സിലിംഗ് എന്ന വാക്ക് നമ്മുടെ ജീവിതചുറ്റുപാടുകളില്‍ ഒരുപാട് കേള്‍ക്കുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒന്നാണ്. നമ്മുടെ സാമൂഹികപശ്ചാത്തലത്തില്‍ കൗണ്‍സിലിംഗ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ എത്താന്‍ സാധ്യത ധ്യാനങ്ങളോടും ധ്യാനകേന്ദ്രങ്ങളോടും അനുബന്ധിച്ച് നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കൗണ്‍സിലിങ്ങിനെക്കുറിച്ചും കൗണ്‍സിലിംഗ് നടത്തുന്നവരെ കുറിച്ചുമാണ്. ഇവിടെ നമ്മള്‍ ചിന്തിക്കുന്നത് കൗണ്‍സിലിങ്ങിന്‍റെ മനഃശാസ്ത്രപരമായ തലങ്ങളെ കുറിച്ചാണ്. ആത്മീയകൗണ്‍സിലിങ്ങുകളുടെ ബഹളത്തില്‍ ശ്രദ്ധിക്കാതെ പോയ ഒരു ഭാഗമാണ് മനഃശാസ്ത്രപരമായ കൗണ്‍സിലിംഗ്.
എന്താണ് കൗണ്‍സിലിംഗ് ?
ഒരു മനുഷ്യന് അവന്‍റെ ജീവിതത്തെ കുറച്ചുകൂടി മനോഹരമായി ജീവിക്കാന്‍ പ്രാപ്തിയുള്ളവന്‍ ആകാന്‍ സഹായിക്കുന്ന ഇടപെടലിനെ നമുക്ക് കൗണ്‍സിലിംഗ് എന്ന് വിളിക്കാം. സന്തോഷത്തോടെയും ഉത്തരവാദിത്തത്തോടെയും സ്വന്തം ജീവിതം ജീവിക്കാനുള്ള പ്രാപ്തി മറ്റൊരാളുടെ സഹായത്തോടെ നേടിയെടുക്കാനുള്ള ശ്രമമാണ് കൗണ്‍സിലിംഗ്. നമ്മുടെ കഴിഞ്ഞു പോയ ജീവിതത്തിലെ പ്രശ്നങ്ങളെ ഇന്നിന്‍റെ സാഹചര്യത്തില്‍ ഇരുന്ന് മനസ്സിലാക്കുകയും പരിഹരിക്കുകയും, കൂടുതല്‍ സന്തോഷത്തോടെ മുന്നോട്ട് ജീവിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്താനുള്ള ശ്രമവുമാണ് കൗണ്‍സിലിംഗ്. നമ്മുടെ കഴിഞ്ഞകാലജീവിതത്തില്‍ ഉണ്ടായിട്ടുള്ള നമ്മുടെ ജീവിതത്തെ സഹായിക്കാത്ത ചിന്തകളും, വികാരങ്ങളും, പെരുമാറ്റങ്ങളും സംസാരങ്ങളും തിരുത്താനുള്ള അവസരമാണ് കൗണ്‍സിലിംഗ്.
ആർക്കാണ് കൗണ്‍സിലിംഗ് ?
നമ്മുടെ ഇടയിലുള്ള ഒരു വലിയ തെറ്റിദ്ധാരണയാണ് കൗണ്‍സിലിംഗ് മാനസിക രോഗികള്‍ക്കുള്ളത് ആണെന്ന്. അതുകൊണ്ടുതന്നെ ഒരാള്‍ കൗണ്‍സിലിംഗിന് പോയി എന്ന് കേട്ടാല്‍ പലപ്പോഴും ആദ്യ പ്രതികരണം ആ ആള്‍ക്ക് മാനസിക രോഗമാണെന്നാണ്. കൗണ്‍സിലിംഗ് രോഗിക്കുള്ളത് അല്ല. മാനസിക രോഗമുള്ളവര്‍ക്ക് മരുന്നിനോടൊപ്പം ഒരു സഹായം മാത്രമാണ് കൗണ്‍സിലിംഗ്.
എന്നാല്‍ കൗണ്‍സിലിംഗ് ഏതൊരു സാധാരണ മനുഷ്യനും വേണ്ടി ഉള്ളതാണ്. സ്വന്തം ജീവിതത്തെ കുറച്ചു കൂടി നന്നായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കൗണ്‍സിലിംഗ് ആവശ്യമാണ്. വളരെ നോര്‍മല്‍ ആയി ജീവിക്കുമ്പോഴും നമുക്ക് ജീവിതത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രതികരിക്കാനോ, മുന്നോട്ട് കൊണ്ടുപോകാനോ പറ്റാതെ വരാം. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ ആകുന്നു എന്നതിന് നമുക്ക് ഉത്തരവും കണ്ടെത്താന്‍ കഴിയാതെ വരാം. അവിടെ നമ്മുടെ  ജീവിതത്തെ കൃത്യമായ പരിശീലനം സിദ്ധിച്ച മറ്റൊരാളുടെ സഹായത്തോടെ അവലോകനം ചെയ്യാനും, തിരുത്താനും, കൂടുതല്‍സമാധാനത്തോടും സന്തോഷത്തോടും മുന്നോട്ടു പോകാനുമുള്ള സഹായമാണ് കൗണ്‍സിലിംഗ്. ഇത് പ്രശ്നങ്ങളെ പരിഹരിക്കാനുള്ള അവസരം മാത്രമല്ല. നമുക്ക് നമ്മുടെ ജീവിതത്തെ കുറച്ചുകൂടി നല്ലതായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതിനുള്ള അവസരം ആണ്. കുറച്ചുകൂടി ആത്മവിശ്വാസത്തില്‍ വളരാനും, നന്മയോടുകൂടി മറ്റുള്ളവരോട് ഇടപെടാനും, ചിലതിനോട് ചീ എന്ന് പറയാനും, നമ്മളെയും മറ്റുള്ളവരെയുംകുറച്ചു കൂടി മനസ്സിലാക്കാനുമൊക്കെ കൗണ്‍സിലിംഗ് സഹായിക്കും. സന്തോഷത്തോടെ ജീവിക്കുമ്പോഴും ആ ജീവിതത്തെ കുറച്ചു കൂടി നന്മയിലേക്ക് വളര്‍ത്താന്‍ നമ്മെ സഹായിക്കുന്നതാണ് കൗണ്‍സിലിംഗ്. നല്ല കുടുംബമായി ജീവിക്കുമ്പോഴും കുറച്ചു കൂടി ഊര്‍ജ്ജസ്വലമായി ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കൗണ്‍സിലിംഗ് സഹായിക്കും.
പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും, അസുഖമുള്ളവര്‍ക്കും മാത്രമല്ല കൗണ്‍സിലിംഗ് ആവശ്യം, സ്വന്തം ജീവിതത്തെ കുറച്ചുകൂടി നല്ലതായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും കൗണ്‍സിലിംഗ് ആവശ്യമാണ്.
എന്താണ് കൗണ്‍സിലിംഗ് ?
എന്താണ് കൗണ്‍സിലിംഗ് എന്ന് ചിന്തിക്കുമ്പോള്‍, എന്തല്ല കൗണ്‍സിലിംഗ് എന്ന് പറയുന്നത് ആണ് എളുപ്പം. കൗണ്‍സിലിംഗ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക ഉപദേശിച്ചു നന്നാക്കാനുള്ള സ്ഥലം എന്നാവാം. എന്നാല്‍ യഥാര്‍ത്ഥ കൗണ്‍സിലിംഗ് ഉപദേശം അല്ല. തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള സ്ഥലമല്ല, നഷ്ടപരിഹാരം സംസാരിക്കാനുള്ള സ്ഥലവും അല്ല. ഒരാള്‍, സ്വന്തം ജീവിതത്തെ, പരിശീലനം കിട്ടിയ മറ്റൊരാളുടെ സഹായത്തോടെ വിശകലനം ചെയ്യുകയും, മുന്നോട്ട് കൂടുതല്‍ ഭംഗിയായും സന്തോഷത്തോടെയും ജീവിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇടമാണ് കൗണ്‍സിലിംഗ്.
എന്തിനാണ് കൗൺസിലർ?
സാധാരണമായി ജീവിക്കുന്ന ഒരാള്‍ക്കു, രോഗങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്കു എന്തിനാണ് കൗണ്‍സിലിംഗ്? നമുക്ക് നമ്മുടെ ജീവിതത്തെ അറിയാമല്ലോ, അതില്‍ മറ്റൊരാള്‍ എന്തിന് ഇടപെടണം, എന്തിനാണ് ഇതില്‍ മറ്റൊരാളുടെ ഉപദേശം എന്ന് നമുക്ക് തോന്നിയേക്കാം. എന്നാല്‍ ഒരാള്‍ അമ്മയുടെ ഉള്ളില്‍ ആയിരിക്കുമ്പോള്‍ മുതല്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. അത് ജീവിച്ച സാഹചര്യം ആകാം, കേട്ട വാക്കുകള്‍ ആകാം, അനുഭവിച്ച നഷ്ടങ്ങള്‍ ആകാം, നഷ്ടമായ ആളുകളോ സ്വപ്നങ്ങളോ ആകാം. അങ്ങനെ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന എല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. ഒരാള്‍ ഇന്ന് എന്തായിരിക്കുന്നോ അതിന് ഇതെല്ലാം കാരണങ്ങളാണ്. അതിനെ എല്ലാം മനസ്സിലാക്കാനോ, തിരുത്താനോ ഒരു സാധാരണ മനുഷ്യന് എളുപ്പമല്ല. അവിടെ പരിശീലനം ലഭിച്ച ഒരാളുടെ സഹായം ആവശ്യമാണ്. ജീവിതത്തെ കുറച്ചുകൂടി വ്യക്തമായി കാണാനും, നമ്മള്‍ കാണുന്നതില്‍നിന്ന് വ്യത്യസ്തമായി കാണാനും മുന്നോട്ടുപോകാനും സഹായിക്കുന്ന ഒരു വ്യക്തി ആണ് counsellor.
വാല്‍കഷ്ണം
കൗണ്‍സിലിംഗിനു പോകുന്ന എല്ലാവര്‍ക്കും വട്ടാണ് എന്ന് ചിന്തിക്കുന്ന നമ്മുടെ സമൂഹത്തിന് തന്നെയാണ് ആദ്യം കൗണ്‍സിലിംഗ് ആവശ്യം. നമ്മുടെ ജീവിതത്തെ കൂടുതല്‍ മെച്ചമാക്കാന്‍ നമ്മെ സഹായിക്കാന്‍ കഴിയുന്ന ആളെ കണ്ടുപിടിക്കുക. അത് കൃത്യമായ പരിശീലനം ലഭിച്ച ആളാകട്ടെ. നമ്മളെ മനസ്സിലാക്കി നമ്മുടെ ജീവിതത്തെ നമ്മളോടു ചേര്‍ന്ന് മുന്നോട്ട് നയിക്കുന്ന ആളാവണം കൗണ്‍സിലര്‍. കൗണ്‍സിലിംഗ് കഴിയുമ്പോള്‍ കൂടുതല്‍ കുറ്റബോധവും, നിരാശയുമാണ് തോന്നുന്നതെങ്കില്‍ നമ്മള്‍ തെറ്റായ ആളിന്‍റെ അടുത്താണ് ചെന്നു പെട്ടിരിക്കുന്നത് എന്നു മനസ്സിലാക്കുക.