’25 വര്‍ഷം, 5 പ്രതിജ്ഞ’: പുതിയ ദിശയിലേക്ക് ചുവടുവെയ്ക്കാനുള്ള ദിവസമാണിതെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: പുതിയ തീരുമാനങ്ങളോടെ പുതിയ ദിശയിലേക്ക് ചുവടുവെയ്ക്കാനുള്ള ദിവസമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഐതിഹാസിക ദിവസമാണിത്. ലോകത്തിന്‍റെ എല്ലാ കോണിലും ത്രിവര്‍ണമണിയുന്ന ദിവസം. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണ്. അടുത്ത 25 വര്‍ഷം രാജ്യത്തിന് പ്രധാനമാണ്. നമുക്ക് വലിയ പദ്ധതികളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിനായി അഞ്ച് പ്രതിജ്ഞയും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. വികസനം പരമ പ്രധാനം, എല്ലാ അര്‍ഥത്തിലുമുള്ള സ്വാതന്ത്ര്യം, ഇന്ത്യയുടെ പാരമ്ബര്യത്തില്‍ അഭിമാനം കൊള്ളുക, അഖണ്ഡത കാത്തുസൂക്ഷിക്കുക, പൌരധര്‍മം പാലിക്കുക എന്നീ പ്രതിജ്ഞകളാണ് പ്രധനമന്ത്രി മുന്നോട്ടുവെച്ചത്.

കര്‍ത്തവ്യത്തിന്‍റെ പാതയില്‍ ജീവന്‍ നല്‍കിയ ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്, വീര്‍ സവര്‍ക്കര്‍ തുടങ്ങിയവരോട് പൗരന്മാര്‍ നന്ദിയുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വഴികാട്ടികളായി. സാമൂഹ്യ മാറ്റം വരുത്തിയ മഹാത്മാക്കളില്‍ ശ്രീനാരായണ ഗുരുവിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

75 വര്‍ഷത്തിനിടെ രാജ്യം ഏറെ വെല്ലുവിളികള്‍ നേരിട്ടു. ഭീകരവാദവും തീവ്രവാദവും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.വെല്ലുവിളികള്‍ക്കിടയിലും രാജ്യം മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.