ഭയാനകമായ ലഹരിയുപയോഗം ‘തലകൊണ്ടു ചെയ്യേണ്ടത് കാലുകൊണ്ട് ചെയ്യരുത്’

ഋഷിരാജ് സിങ്(മുൻ എക്സൈസ് കമ്മീഷണർ)
ലഹരിയുപയോഗം രാജ്യത്ത് എത്രമാത്രം ഭീകരമായ അവസ്ഥയിലാണ്. ഞാന്‍ എക്സൈസ് കമ്മീഷണറായിരുന്നപ്പോള്‍ എത്രയോ അമ്മമാര്‍ മക്കള്‍ ലഹരിക്ക് അടിപ്പെട്ടതിന്‍റെ സങ്കടം കണ്ണീരോടെ പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ ലഹരിക്ക് അടിമയായശേഷമാണ് അതിന്‍റെ ഭീകരാവസ്ഥ മാതാപിതാക്കള്‍ അറിയുന്നത്. തുടക്കത്തില്‍ത്തന്നെ അറിയിച്ചിരുന്നെങ്കില്‍, ഒരു കൗണ്‍സിലറുടെ ഉപദേശം തേടുകയോ, ലഹരിവിമുക്ത ചികിത്സാകേന്ദ്രങ്ങളില്‍ പോകുകയോ ചെയ്തിരുന്നെങ്കില്‍ മേല്‍ സൂചിപ്പിച്ച തരത്തിലുള്ള ദുരവസ്ഥകള്‍ ഒഴിവാക്കാമായിരുന്നു.
ഡല്‍ഹിയില്‍ നടന്ന ഒരു സംഭവത്തിന് ഇരയായത് കുട്ടി പഠിച്ച സ്കൂളിലെ ഹെഡ്ടീച്ചറാണ്. പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഹെഡ്ടീച്ചര്‍ മറ്റു കുട്ടികളുടെ മുന്നില്‍വച്ച് വഴക്കു പറഞ്ഞതിന് അച്ഛന്‍റെ തോക്ക് കൊണ്ടുവന്ന് ഹെഡ്ടീച്ചറെ വെടിവച്ചുകൊന്നു. മറ്റു കുട്ടികളുടെ മുന്നില്‍വച്ച് ടീച്ചര്‍ വഴക്കുപറഞ്ഞത് കുട്ടിക്ക് അപമാനമായി തോന്നി. തോക്ക് കൈവശം വച്ചതിന് കുട്ടിയുടെ അച്ഛനെയും പോലീസിന് അറസ്റ്റു ചെയ്യേണ്ടിവന്നു.
ഒരു ദിവസത്തെ അവധിക്കുവേണ്ടി ഒരു പെണ്‍കുട്ടി കൂടെ പഠിക്കുന്ന പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചു. പെണ്‍കുട്ടികളും മാനസികസംഘര്‍ഷത്തില്‍ പിന്നിലല്ലെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു.
പുതിയ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിന് കുട്ടി ആത്മഹത്യ ചെയ്ത സംഭവം കേരളത്തില്‍ ഈയടുത്ത കാലത്താണു നടന്നത്. താന്‍ ആവശ്യപ്പെട്ട കാര്യം അപ്പോള്‍ത്തന്നെ നടന്നിരിക്കണം. ഇതെന്‍റെ അവകാശമാണ്, കാത്തിരിക്കാന്‍ ക്ഷമയില്ല. കേരളത്തില്‍ അടുത്തകാലത്ത്, സഹോദരിമാര്‍ക്കിടയില്‍ നടന്ന കൊലപാതകം പത്രത്തില്‍ വായിച്ചതാണ്. അമ്മയുടെ സഹോദരിയുടെ കുട്ടിയെ എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കുന്നു. പുകഴ്ത്തുന്നു. അവളെ മാത്രം സ്നേഹിക്കുന്നു. ഈയൊരു ചിന്ത മറ്റേ കുട്ടിയെ അസ്വസ്ഥയാക്കി. അവള്‍ പക തീര്‍ത്തത് കൊലപാതകം നടത്തിയാണ്. ഇത് അപകര്‍ഷതാബോധമാണ്.
മേല്‍സൂചിപ്പിച്ച അനിഷ്ടസംഭവങ്ങളെല്ലാമുണ്ടാകുന്നത് രക്ഷിതാക്കളുടെ ശ്രദ്ധക്കുറവുകൊണ്ടുകൂടിയാണ്. കുട്ടികള്‍ അവരുടെ മനസ്സിന്‍റെ സംഘര്‍ഷം പലപ്പോഴായി ഇവരെ അറിയിച്ചിരിക്കാം. മാതാപിതാക്കളോ അധ്യാപകരോ വേണ്ടവിധത്തില്‍ ഗൗനിച്ചില്ലെന്നുമാത്രം. ഒരുപക്ഷേ, ഈ കുട്ടികളെല്ലാംതന്നെ ഇതിനുമുമ്പും ഇത്തരത്തിലുള്ള വികലമായ മാനസികചേഷ്ടകള്‍ പ്രകടിപ്പിച്ചിട്ടുണ്ടാവാം. അധ്യാപകര്‍ക്കോ മാതാപിതാക്കള്‍ക്കോ അത് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. കുട്ടികള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല. കുട്ടികളുടെ വികലമായ സ്വഭാവരീതികള്‍ മാതാപിതാക്കളും അവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്ന അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം.
ഇത്തരത്തില്‍ മാനസികപ്രശ്നം അനുഭവിക്കുന്ന കുട്ടികള്‍ പിന്നീടു ലഹരിക്ക് അടിപ്പെടുന്നു. ചെറുപ്പകാലത്ത് കുട്ടികളുടെ മനസ്സില്‍ രൂപപ്പെടുന്ന വിഹ്വലതകള്‍ മാറ്റിയെടുക്കേണ്ടതാണ്.
സന്തുഷ്ടമായിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ കുട്ടികളിലെ പെരുമാറ്റങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ സംസാരിക്കണം. അതു വഴക്കു പറയുന്ന രീതിയിലായിരിക്കരുത്. അവരിലെ പെരുമാറ്റശ്രേഷ്ഠതകളെ അംഗീകരിച്ചും പ്രശ്നങ്ങളെ വിശകലനം ചെയ്തുമാണ് സംസാരിക്കേണ്ടത്. സംഘര്‍ഷത്തെ ലഘൂകരിക്കാന്‍ കഴിഞ്ഞാല്‍ പല ദുരന്തങ്ങളും ഒഴിവാക്കാന്‍ കഴിയും. ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കുന്നത് ലഘൂകരണത്തിനുള്ള നല്ല വഴിയല്ല. കുട്ടികള്‍ അവരുടെ മാനസികസംഘര്‍ഷങ്ങള്‍ വര്‍ത്തമാനം, പെരുമാറ്റം, മൂഡ് എന്നിവയിലൂടെ പ്രകടിപ്പിക്കും. അതു ഗൗരവത്തോടെ കണ്ട് അവയെ ലഘൂകരിക്കുകയും കുട്ടികളുടെ കോപ്പിങ് മെക്കാനിസം വികസിപ്പിക്കുകയും ചെയ്യണം. ബോധത്തോടെയുള്ള ശ്രമങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നതിനെയാണ് മനഃശാസ്ത്രം കോപ്പിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അവലംബം;വൈകും മുൻപേ