ദൈവത്തിന്‍റെ കൈയ്യൊപ്പുള്ളവര്‍

ജോണ്‍ തെങ്ങുംപള്ളില്‍


ഒരു കഥയോടെ തുടങ്ങട്ടെ. പലരും കേട്ട കഥ ആയിരിക്കാം. നല്ല ഭക്തിയിലും വിശ്വാസത്തിലും വളര്‍ന്ന് പുണ്യങ്ങള്‍ ചെയ്തു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ. വിവാഹശേഷം അവളും ചിന്തിച്ചു: എനിക്ക് നല്ലൊരു കുഞ്ഞിനെ കിട്ടണം. നല്ല ആരോഗ്യവും, സൗന്ദര്യവും, ബുദ്ധിയുമുള്ള ഒരു മിടുക്കനെയോ മിടുക്കിയെയോ ദൈവം തരുമെന്ന് ഉറച്ചുവിശ്വസിച്ച് മാസങ്ങളായി അവള്‍ പ്രാര്‍ത്ഥിച്ചൊരുങ്ങി. മാസങ്ങള്‍ക്കുശേഷം നല്ല ഓമനത്തമുള്ള ഒരു മാലാഖ കുഞ്ഞിനെ അവള്‍ പ്രസവിച്ചു. അധികം താമസിയാതെ അവളുടെ കുടുംബത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തി ആ സത്യം ഡോക്ടര്‍ അവരെ അറിയിച്ചു. കുഞ്ഞ് ബുദ്ധിമാന്ദ്യമുള്ള ഒരു കൊച്ചാണെന്ന്. ഈ വാര്‍ത്ത അവര്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാനായില്ല. അവള്‍ ദൈവത്തോട് നിരന്തരം ശണ്ഠകൂടി. ഇത്രയും നല്ലപോലെ പുണ്യം ചെയ്തും, ത്യാഗം അനുഷ്ഠിച്ചും, പ്രാര്‍ത്ഥിച്ചുകിട്ടിയ കുഞ്ഞ് ഇങ്ങനെ ആയിപ്പോയല്ലോ! ദൈവം എന്തിന് എന്നെ ഇങ്ങനെ ശിക്ഷിച്ചു?
ആ ദിവസങ്ങളില്‍ അവള്‍ക്ക് ഒരു സ്വപ്നമുണ്ടായി. സ്വപ്നത്തില്‍ മാലാഖാമാര്‍വന്ന് അവളെ എതിരേറ്റ് സ്വര്‍ഗ്ഗത്തിലെ വിസ്മയ കാഴ്ചകള്‍ കാണിക്കാന്‍ കൂട്ടിക്കൊണ്ടുപോവുകയാണ്. ദൂരെനിന്നേ സ്വര്‍ഗ്ഗത്തിന്‍റെ കണ്ണഞ്ചിക്കുന്ന കമനീയ ദൃശ്യങ്ങള്‍ കാണാമായിരുന്നു. മാലാഖവൃന്ദങ്ങളുടെ നൃത്തച്ചുവടുകളോടെ അവള്‍ സ്വര്‍ഗ്ഗകവാടം കടന്നു. ദൈവമാതാവും യൗസേപ്പിതാവും മറ്റു വിശുദ്ധരുമെല്ലാം അവളെ സ്വീകരിക്കാനെത്തി. സ്വര്‍ഗത്തിന്‍റെ മഹത്വം അവര്‍ണനീയമായിരുന്നു! സിംഹാസനത്തിലിരിക്കുന്ന ദൈവപിതാവിനെയും ഈശോയെയും പരിശുദ്ധാത്മാവിനെയും അവള്‍ കണ്ടു. അനേകം കുട്ടികള്‍ ദൈവപിതാവിന്‍റെ മടിയിലിരിക്കുന്നതായും കാണാനിടയായി. ഈശോയും മാതാവുമൊക്കെ മടിയിലിരിക്കുന്ന കുട്ടികളെ കൊഞ്ചിച്ചു താലോലിക്കുന്നു! ദൈവസ്നേഹം അവളിലേക്ക് ഒഴുകുന്നതായി അവള്‍ക്ക് തോന്നി. പിതാവിന്‍റെ അടുത്തെത്തിയപ്പോള്‍ മടിയിലിരിക്കുന്ന കുട്ടികളെ അവള്‍ ശ്രദ്ധിച്ചു.  അവരാരും ഒന്നും മിണ്ടാതെ, ഒന്നും ചെയ്യാനാവാതെ വെറുതെ ഇരിക്കുന്നതേയുള്ളൂ. അക്കൂട്ടത്തിലതാ, അവളുടെ മാലാഖകുഞ്ഞും.
അവളെ കണ്ടപ്പോള്‍ ദൈവപിതാവ് അവളെ വിളിച്ച് അരികിലിരുത്തി പറഞ്ഞു, ‘കണ്ടോ, ഈ കുട്ടികളൊക്കെ എന്‍റെ സ്പെഷ്യല്‍ മക്കളാണ്. ഇവര്‍ക്ക് പ്രത്യേക സ്നേഹവും പരിചരണവും ആവശ്യമാണ്. ഞങ്ങള്‍ മൂവരുംകൂടി ആലോചിച്ച് തെരഞ്ഞെടുക്കുന്ന യോഗ്യരായ മാതാപിതാക്കളെയാണ് ഈ മക്കളെ വളര്‍ത്താന്‍ ഏല്പിക്കുന്നത്. അങ്ങനെയാണ്, സുകൃതങ്ങളാല്‍ അലംകൃതയായ നിന്നെ ഈ കുഞ്ഞിനെ ഞങ്ങള്‍ ഏല്പിച്ചിരിക്കുന്നത്. നിനക്കുള്ള ഞങ്ങളുടെ സ്നേഹസമ്മാനമാണ് ഈ കുഞ്ഞ്!.
ഈ സ്പെഷ്യല്‍ കുഞ്ഞുങ്ങളെ (മാലാഖ കുഞ്ഞുങ്ങള്‍) ദൈവത്തിന്‍റെ സമ്മാനം, അനുഗ്രഹം എന്നൊക്കെ നാം വിളിക്കുമെങ്കിലും, അവരെ പരിചരിച്ച് വളര്‍ത്തുക എന്നുള്ളത് വലിയ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ഹെര്‍ക്കുലിയന്‍ ദൗത്യമാണ്. അവരുടെ സ്വഭാവ പെരുമാറ്റരീതികള്‍, പ്രതികരണങ്ങള്‍, എല്ലാം തന്നെ വിചിത്രങ്ങളാണ്. നെല്ലിപ്പടിയോളം ക്ഷമയും, അതിലേറെ സ്നേഹവും ഉള്ളവര്‍ക്കു മാത്രമേ അവരെ അംഗീകരിക്കാനാവൂ. ഒരു സ്പെഷ്യല്‍ കുട്ടി ഒരു കുടുംബത്തിലെത്തുമ്പോഴേ ആ കുടുംബത്തിന്‍റെ സര്‍വ്വമാന ക്രമങ്ങളും മാറ്റിമറിക്കപ്പെടും.  കുടുംബം ഒന്നാകെ ആ കുഞ്ഞിനെ കേന്ദ്രീകരിച്ചുവേണം അവരുടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കാന്‍.
വചനം പറയുന്നതുപോലെ ‘കൃപ ലഭിച്ചവര്‍ക്കു മാത്രമേ’ ഒരു ഭിന്നശേഷി കുട്ടിയെ പരിചരിക്കാനാവൂ!
വിദേശരാജ്യങ്ങളില്‍ ഇങ്ങനെയുള്ളവര്‍ക്ക് പ്രത്യേക പരിഗണനയും, അംഗീകാരവും, ആദരവും ലഭിക്കുന്നുണ്ട്. അവര്‍ക്കായി ഗവണ്മെന്‍റ് പ്രത്യേക സേവന, സാമ്പത്തിക സഹായസംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. ഇങ്ങനെയുള്ള ഓരോ സ്പെഷ്യല്‍ കുടുംബത്തെയും എങ്ങനെയെല്ലാം സഹായിക്കാനാവുമെന്നാണ് ഗവണ്മെന്‍റും പൊതുസമൂഹവും ആലോചിക്കുന്നത്. ശാരീരികമായും, മാനസികമായും, സാമ്പത്തികമായും സാമൂഹികമായും വളരെയേറെ കഷ്ടപ്പെടുന്ന ഈ കുടുംബങ്ങളുടെ ജീവിതഭാരം കുറയ്ക്കുക എന്നുള്ളത് ഓരോ പൗരന്‍റെയും ഭരണസംവിധാനങ്ങളുടെയും, സമൂഹത്തിന്‍റെയും കടമയും ഉത്തരവാദിത്തവുമാണ്.നമ്മുടെ നാട്ടില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല. കാഴ്ച – ശ്രവണ – ചലന പരിമിതിയുള്ളവര്‍ക്കും ബുദ്ധിപരമായ പരിമിതിയുള്ളവര്‍ക്കും ഒട്ടും സൗഹൃദപരമായ രീതിയിലല്ല നമ്മുടെ മിക്ക ഗവണ്മെന്‍റ് ഓഫീസ് സംവിധാനങ്ങളും. ഇവരുടെ ക്ലേശങ്ങളെപ്പറ്റി   ഒരു ധാരണയും ഇല്ലാത്ത രീതിയിലാണ് ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള പല ഓഫീസുകളും കെട്ടിടത്തിന്‍റെ രണ്ടാം നിലയിലും മൂന്നാം നിലയിലുമൊക്കെ നടത്തപ്പെടുന്നത്. പലവിധ പരിമിതികളാല്‍ വലയുന്നവര്‍പോലും ഓരോ സേവനത്തിനായി എത്തുമ്പോള്‍ ഓഫീസിലുള്ളവരുടെ നിലപാടുകളും പെരുമാറ്റവും പലപ്പോഴും മനുഷ്യത്വരഹിതമായിപ്പോകുന്നത് കാണാനിടയായിട്ടുണ്ട്. മരുന്നിനും ചികിത്സയ്ക്കും ഭാരിച്ച തുക കണ്ടെത്തേണ്ടിയിരിക്കുമ്പോള്‍, തുച്ഛമായ ക്ഷേമപദ്ധതികള്‍പോലും വെട്ടിച്ചുരുക്കി ഗവണ്മെന്‍റിന്‍റെ അനാവശ്യ ആഢംബരങ്ങള്‍ക്കായി ചെലവാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
‘സ്വന്തം കുടുംബത്തിലേക്കു വരുമ്പോഴും സംഗതികള്‍ക്കു മാറ്റമില്ല. കുടുംബത്തില്‍ ഭിന്നശേഷിക്കാരനായ ഒരു കുട്ടി ജനിച്ചാല്‍ അതൊരു ശാപമായി കാണുന്നവര്‍ സമൂഹത്തിലുണ്ട്. ഈ കുട്ടിയില്‍നിന്നും ഒന്നും തിരികെ കിട്ടാനില്ല എന്ന ധാരണയില്‍ പലപ്പോഴും ഈ കുട്ടികള്‍ മറ്റുള്ളവരാല്‍ തഴയപ്പെടുന്നു. വിദേശ രാജ്യങ്ങളില്‍നിന്നും വിലയേറിയ സമ്മാനങ്ങള്‍ മറ്റു സഹോദരങ്ങള്‍ക്കു കിട്ടുമ്പോള്‍, അറിയാതെ കൈനീട്ടി, വെറും കൈയ്യോടെ മടങ്ങുന്ന ഉരുകുന്ന കുഞ്ഞുമനസ്സുകളും ഞാന്‍ കണ്ടിട്ടുണ്ട്. വിവാഹ ആലോചനകള്‍ നടത്തുമ്പോള്‍ കുടുംബപേരുകള്‍ തേടിപ്പോയി, വിദൂരത്തിലുള്ള ഒരു കുടുംബത്തിലെ ഒരു കുട്ടിക്ക് പഠനവൈകല്യമുണ്ടെന്നറിയുമ്പോള്‍ ‘നോ’ പറയുന്ന പ്രബുദ്ധ കേരളമാണ് നമ്മുടേത്. വിവാഹത്തിന് തടസ്സമാകാതിരിക്കാനായി ഭിന്നശേഷി സഹോദരനെയോ അദ്ദേഹത്തിന്‍റെ കുടുംബത്തെയോ തള്ളിപ്പറയുന്ന, അവരെ മാറ്റിനിര്‍ത്തുന്ന സ്വാര്‍ത്ഥവും മനുഷ്യത്വരഹിതവുമായ പ്രവണതകള്‍ പുരോഗമന കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു.
സ്വന്തം പരിമിതികളോടൊപ്പം കുടുംബപരവും സാമൂഹികവുമായ വെല്ലുവിളികളെ സധൈര്യം  നേരിടുകയാണ് ഈ മക്കള്‍. ദൈവം ആലോചിച്ച് തീരുമാനിച്ചയച്ച ഈ മക്കളെ ഇരു കരങ്ങളും നീട്ടി സന്തോഷത്തോടെ സ്വീകരിക്കുകയും, അവരെ ക്ഷമാപൂര്‍വ്വം പരിചരിച്ച് സ്വന്തം സ്വാതന്ത്ര്യവും ജീവിതവും സമര്‍പ്പിക്കുന്ന മാതാപിതാക്കളെയും, ഈ മക്കള്‍ക്കുവേണ്ടി രാപകല്‍ അധ്വാനിക്കുകയും ചെയ്യുന്ന സഭയിലെ ബഹു. സിസ്റ്റേഴ്സിനെയും വൈദികരെയും എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. അവരുടെ ത്യാഗപൂര്‍ണമായ ജീവിതസമര്‍പ്പണമാണ് വേഗത്തിലോടുന്ന ഈ സമൂഹത്തിന്‍റെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് എന്ന് തോന്നാറുണ്ട്. അവര്‍ തീര്‍ച്ചയായും ദൈവത്തിന്‍റെ കൈയ്യൊപ്പുള്ളവരാണ്. ഈ ഭൂമിയെ കൂടുതല്‍ മനോഹരമാക്കാന്‍ ദൈവം നേരിട്ട് നിയോഗിച്ചവര്‍.