ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.
രാജിക്കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. . അരനൂറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധമാണ് ഗുലാംനബി അസാദ് അവസാനിപ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ഗുലാംനബി.
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി താന്‍ നല്‍കിയ നിര്‍ദേശങ്ങളെല്ലാം നേതൃത്വം ചവറ്റുകൊട്ടയിലുട്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിട്ടത്. പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുല്‍ തകര്‍ത്തു. പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചു. മുതിര്‍ന്ന നേതാക്കളെയും പരിചയസമ്ബന്നരെയും ഒതുക്കിയെന്നും ബിജെപിയ്ക്ക് രാഷ്ട്രീയ ഇടം നല്‍കുകയാണ് രാഹുലിന്റെ നേതൃത്വം നല്‍കിയതെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്ന ഗുലാനബി ആസാദ് പാര്‍ട്ടിയെ വിമത പക്ഷമായി ജി 23ന് നേതൃത്വം നല്‍കിയ ആളായിരുന്നു. നേരത്തെ അഞ്ച് വിമതനേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനവും ഗുലാം നബി രാജിവച്ചിരുന്നു.കോണ്‍ഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലിന്റെ ഭാഗമായിരുന്നെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.