രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 മുതൽ, മൂന്നുവർഷത്തിനകം രാജ്യത്തെല്ലായിടത്തും

ന്യൂഡല്‍ഹി : രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5 ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

ആദ്യഘട്ടങ്ങളില്‍ നഗരങ്ങളില്‍ സേവനം ലഭ്യമാകുമെന്നും അടുത്ത മൂന്നുവ‍ര്‍ഷത്തിനകം രാജ്യത്തെല്ലായിടത്തും 5ജി സേവനം എത്തിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. 5 ജി സേവനങ്ങള്‍ അതിവേഗം പുറത്തിറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ടെലികോം കമ്ബനികള്‍ ഇതിന്റെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.

4 ജിയെക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്താണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാന്‍ പോകുന്നത്. ആഗസ്റ്റ് ഒന്നിനാണ് 5ജി സ്പെക്‌ട്രം ലേല നടപടികള്‍ പൂര്‍ത്തിയാക്കിയത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്.

72097.85 മെഗാഹെര്‍ട്സ് സ്‌പെക്‌ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്‌പെക്‌ട്രംനല്‍കുക. 600 മെഗാഹെര്‍ട്സ്, 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്. ആകെ 72 ഗിഗാ ഹെര്‍ട്‌സ് സെപ്ക്‌ട്രത്തിന്റെ 71 ശതമാനം കമ്ബനികള്‍ വാങ്ങിയെന്ന് അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു