ഇ- ഹെല്‍ത്ത്

ഡോ.ജൂബി മാത്യു (പ്രൊഫസർ അമൽജ്യോതി കോളേജ്

ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ അതിരാവിലെ എത്തി ക്യൂ നില്‍ക്കേണ്ട മഹാദുരിതത്തിന് അറുതിയാകുന്നു. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഒ.പി ടിക്കറ്റും ആശുപത്രി അപ്പോയിന്‍റ്മെന്‍റും എടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇ-ഹെല്‍ത്ത് (E-HEALTH).  കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍കോളജുകള്‍ വരെ ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി നിശ്ചിത തീയതിയിലും നിശ്ചിതസമയത്തും ഡോക്ടറുടെ സേവനം ലഭ്യമാണ്. സ്മാര്‍ട്ട്ഫോണും കംപ്യൂട്ടറും ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താം.
 ഇ-ഹെല്‍ത്തിലൂടെ ചികിത്സ, ഗവേഷണങ്ങള്‍, ആരോഗ്യപ്രവര്‍ത്തകരുടെ പരിശീലനം, രോഗനിര്‍ണയം, പൊതുജനാരോഗ്യം നിരീക്ഷിക്കല്‍ തുടങ്ങിയവ സാധ്യമാകുന്നു. വ്യക്തിയുടെ സമഗ്രമായ ആരോഗ്യരേഖകള്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ ആശുപത്രികളില്‍ ലഭ്യമാകുന്നതിനല്‍ തുടര്‍ ചികിത്സ മികവുറ്റ രീതിയില്‍ നിര്‍ണയിക്കാന്‍ സാധിക്കുന്നു. രോഗികള്‍ക്ക് തങ്ങളുടെ ചികിത്സ സംബന്ധമായ രേഖകള്‍ കൊണ്ടു നടക്കേണ്ട ആവശ്യവും ഇല്ലാതാകുന്നു. ലാബ് പരിശോധനക്കുറിപ്പുകളും പരിശോധനാഫലവും ഓണ്‍ലൈന്‍ ആയി നേരിട്ട് ലാബുകളിലും തിരികെ ഡോക്ടര്‍ക്കും ലഭ്യമാകും. കേരളത്തിലെ ഏകദേശം 350-ാളം ആശുപത്രികളില്‍ ഈ സേവനം ലഭ്യമായിട്ടുണ്ട്.
 ഈ- ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയല്‍ നമ്പര്‍ അഥവാ യു. എച്ച്. ഐഡി (UNIQUE HEALTH IDENTIFICATION-UHID) ഉണ്ടാക്കണം. അതിനായി http://e health.kerala.gov.in പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍നമ്പര്‍ ടൈപ്പ് ചെയ്തശേഷം പ്രൊസീഡ് ബട്ടനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്ററില്‍ നമ്പറില്‍ ഒടിപി വരും. ഈ  ഒ.ടിപി നല്‍കി വേരിഫൈ ചെയ്യുക. അപ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കിയ വ്യക്തിയുടെ വിരങ്ങള്‍ ലഭ്യമാകും. അതിനു താഴെയുള്ള കോളത്തില്‍ മൊബൈല്‍ നമ്പര്‍ നല്‍കി സബ്മിറ്റ് ചെയ്യുക. അപ്പോള്‍ യുഎച്ച് ഡി നമ്പര്‍ ലഭ്യമാകും. ഇത് സൂക്ഷിച്ച് വയ്ക്കേണ്ടതാണ്. ഈ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ച് ആശുപത്രിയിലേയ്ക്കുള്ള നിശ്ചിത തീയതിയിലേയ്ക്കും സമയത്തും അപ്പോയിന്‍റ്മെന്‍റ് എടുക്കാന്‍ സാധിക്കും. ആദ്യതവണ ലഭിച്ച യു.ഐ.ഡി നമ്പര്‍ തന്നെയാണ് പാസ്വേര്‍ഡായി ഉപയോഗിക്കേണ്ടത്.
 എങ്ങനെ അപ്പോയിന്‍റ്മെന്‍റ് എടുക്കാം
ഇ- ഹെല്‍ത്ത് പോര്‍ട്ടലിന്‍റെ മുകള്‍വശത്തുള്ള ലോഗ് ഇന്‍ ഫോര്‍ ഓണ്‍ലൈന്‍ അപ്പോയിന്‍റ്മെന്‍റ് എടുക്കുക. ആദ്യം ചെയ്യുമ്പോള്‍ യുഎച്ച്ഐഡി നമ്പര്‍, ലോഗിന്‍ ഐഡിയായും പാസ്വേഡായും നല്‍കുക. അപ്പോള്‍ പുതിയ പാസ്വേഡ് സെറ്റ് ചെയ്ത് സൂക്ഷിച്ചു വയ്ക്കുക. ആശുപത്രികളില്‍ നിന്ന് ലഭിച്ച UHID  ആണെങ്കില്‍  പാസ്വേഡ് ലഭിക്കാനായി ഈ പോര്‍ട്ടലില്‍ ‘forgot’ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി പുതിയ പാസ്വേര്‍ഡ് സെറ്റ് ചെയ്യുക. ഇപ്പോള്‍ വരുന്ന പേജില്‍ ഇടതുവശത്തുള്ള ന്യൂ അപ്പോയിന്‍റ്മെന്‍റില്‍ (New appointment) ക്ലിക്ക് ചെയ്യുക. റഫറല്‍ ആയാണോ നേരിട്ടാണോ ഡോക്ടറെ കാണുന്നത് എന്ന് നല്‍കണം. മെഡിക്കല്‍ കോളജിലുള്‍പ്പെടെ വിദഗ്ധ ഒ.പി ചികിത്സയ്ക്ക് റഫറല്‍ ആവശ്യമാണ്. റഫറല്‍ ലെറ്റര്‍ ഉണ്ടെങ്കില്‍ യെസ് എന്നും ഇല്ലെങ്കില്‍ നോ എന്നും  നല്‍കി പ്രൊസീഡ് നല്‍കുക.
 തുടര്‍ന്നു വരുന്ന അപ്പോയിന്‍റ്മെന്‍റ് ഫോമില്‍ ജില്ല, കാണിക്കേണ്ടത് എതുതരം ആശുപത്രി, ആശുപത്രിയുടെ പേര്, ഡിപ്പാര്‍ട്ട്മെന്‍റ് എന്നിവ നല്‍കി പ്രോസീഡ് നല്‍കുക. അതിനുശേഷം വരുന്ന പേജില്‍ തീയതി തിരഞ്ഞെടുത്ത്, ആ തീയതി ലഭ്യമാണോ എന്നറിയാന്‍ ചെക്ക് അവയബിലിറ്റി ക്ലിക്ക് ചെയ്യണം. ആ ദിവസം ചികിത്സ ലഭ്യമാണോ എന്നറിയാന്‍ ചെക്ക് അവയബലിറ്റി ക്ലിക്ക് ചെയ്യണം. ആ ദിവസം ചികിത്സ ലഭ്യമാണെങ്കില്‍ അതിന് താഴെ ആ ദിവസത്തേയ്ക്കുള്ള ടോക്കണുകള്‍ കാണാം. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമയ സമയവും ടോക്കണും ക്ലിക്ക് ചെയ്യാം. വരുമാനം കൂടി നല്‍കുക. അതിനുശേഷം ക്ലിക്ക് അപ്പോയിന്‍റ്മെന്‍റ് നല്‍കുമ്പോള്‍ നമ്മള്‍ നല്‍കിയ വിവരങ്ങള്‍ വരും. ടോക്കണ്‍ വിവരങ്ങള്‍ എസ് എം എസ്സ് ആയും മൊബൈലില്‍ ലഭിക്കും. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും.
 സംശയങ്ങള്‍ക്ക് ദിശ 104, 1056, 04712552056, 2551056 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഓരോ പൗരനും ഇലക്ട്രോണിക് ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.