തിരുവനന്തപുരം: കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ തെളിവുകള്‍ പുറത്തുവിട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ചരിത്ര കോണ്‍ഗ്രസിലെ ഗൂഢാലോചന സംബന്ധിച്ച ദൃശ്യങ്ങളാണ് ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി ഗവര്‍ണര്‍ പുറത്തുവിട്ടത്.ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ പ്രസംഗിക്കുന്നതിന്റെയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെയും പി.ആര്.ടി പകര്‍ത്തിയ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തിനിടെ പ്രദര്‍ശിപ്പിച്ചത്.
മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്.
ഞായറാഴ്ച എറണാകുളത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് കണ്ണൂരില്‍ തനിക്കെതിരെയുണ്ടായത് വധശ്രമമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കിയത്. കൊലപ്പെടുത്താന്‍ ശ്രമിച്ചാലുള്ള പ്രത്യാഘാതം എന്താണെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് വധിക്കാനല്ല, പകരം ഭയപ്പെടുത്താനാണ് ശ്രമിച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
പൊതുവേദിയില്‍ സംസാരിപ്പിക്കാതിരിക്കലായിരുന്നു ലക്ഷ്യം. താന്‍ വേദിയിലുണ്ടെന്ന് ഉറപ്പാക്കേണ്ടത് സര്‍വകലാശാല വി.സിയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളയാള്‍ ഗൂഢാലോചനയില്‍ പങ്കാളിയായെന്നും ഗവര്‍ണര്‍ ആരോപിച്ചു.
എന്നാല്‍, എറണാകുളത്തെത്തിയ ഗവര്‍ണര്‍ വധശ്രമമല്ലെന്നും ഭയപ്പെടുത്തല്‍ നീക്കമാണ് നടന്നതെന്നും തിരുത്തി. തനിക്കെതിരായ വധശ്രമത്തിന് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചിരുന്നത്.
സ്വമേധയാ കേസെടുക്കാവുന്ന കൃത്യമായിരുന്നു അത്. പരാതിയില്ലെങ്കിലും കേസെടുക്കാവുന്ന കുറ്റമാണെന്ന് അറിയാത്തവരാണോ നാട് ഭരിക്കുന്നതെന്ന് തിരുവനന്തപുരത്ത് വെച്ച് ചോദിച്ച ഗവര്‍ണര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.