ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുളള വിലാപയാത്ര ആരംഭിച്ചു. വെസ്‌റ്ര്‌മിനിസ്‌റ്റര്‍ ആബിയിലേക്കാണ് ഭൗതികദേഹം കൊണ്ടുപോകുന്നത്.
പ്രാദേശിക സമയം 11 മണിയോടെ (ഇന്ത്യന്‍ സമയം വൈകിട്ട് 3.30) ആരംഭിച്ച ചടങ്ങില്‍ രാജ്ഞിയുടെ മൂത്ത മകനും രാജാവുമായ ചാള്‍സ് മൂന്നാമന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ പിന്നാലെ അകമ്ബടി സേവിക്കുന്നുണ്ട്.
ലക്ഷക്കണക്കിന് ജനങ്ങളാണ് മണിക്കൂറുകളോളം ക്യൂ നിന്ന് അവസാനമായി രാജ്ഞിയ്‌ക്ക് ആദരവര്‍പ്പിച്ചത്. വെസ്‌റ്റ്‌മിന്‍സ്‌റ്റര്‍ ഡീന്‍, കാന്റര്‍ബറി ആര്‍ച്ച്‌ബിഷപ്പ് എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ നേതൃത്വം വഹിക്കും. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികിലാണ് രാജ്ഞിയുടെ അന്ത്യവിശ്രമം.
ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറലും അനുസ്‌മരണ പ്രസംഗം നടത്തും. രാജരഥത്തില്‍ ഭൗതികശരീരം 142 റോയല്‍ നേവി അംഗങ്ങള്‍ ചേര്‍ന്ന് നിയന്ത്രിക്കും. രണ്ട് മിനിട്ട് മൗനം ആചരിച്ച ശേഷം 11.55ഓടെ ബ്രിട്ടീഷ് ദേശീയ ഗാനം ആലപിക്കും.തുടര്‍ന്ന് ഗണ്‍ ക്യാരേജില്‍ ദി മാള്‍ വഴി വെല്ലിംഗ്‌ടണ്‍ ആര്‍ച്ചിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. തുടര്‍ന്ന് വിന്‍സര്‍ കാസിലില്‍ ഭൗതികദേഹം എത്തിക്കും. വൈകിട്ട് 4.30ഓടെ രാജകുടുംബാംഗങ്ങളുടെയും പേഴ്‌സണല്‍ സ്‌റ്റാഫിന്റെയും സാന്നിദ്ധ്യത്തില്‍ സെന്റ് ജോര്‍ജ് ചാപ്പലില്‍ രണ്ടാംഘട്ട സംസ്‌കാര ചടങ്ങ് ആരംഭിക്കും. രാത്രി 7.30ഓടെ അന്തിമ സംസ്‌കാര ശുശ്രൂഷ നടക്കും. വളരെ അടുത്ത ബന്ധുക്കളാണ് ഈ ചടങ്ങിലുണ്ടാകുക.