ഞങ്ങളുണ്ട് സഭയോടൊപ്പം

ഞങ്ങളുണ്ട് സഭയോടൊപ്പം
ഇന്ന് ലോകമെമ്പാടും ക്രിസ്തുവാഹകരായി കടന്നുചെല്ലുന്നത് കേരളസഭയാണ്. ആഗോളസഭ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് അനേകായിരം വൈദികരും, സന്ന്യസ്തരും, അല്മായപ്രേഷിതരും, ധ്യാനകേന്ദ്രങ്ങളും, കാരുണ്യപ്രവര്‍ത്തനകേന്ദ്രങ്ങളുമുള്ള കേരളസഭയെയാണ്. ഈ സഭ സാത്താന്‍ ലക്ഷ്യംവെച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. പത്രോസാകുന്ന പാറമേല്‍ പണിയപ്പെട്ട സഭയാണ് എന്‍റെ ക്രൈസ്തവസഭ. ഈ കാലയളവില്‍ മാധ്യമങ്ങള്‍ ചിട്ടപ്പെടുത്തിയ അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ അവരുടെ മാധ്യമമൂല്യങ്ങളെ ഉപയോഗിച്ചുകൊണ്ട് സഭയെ ആക്രമിക്കാന്‍ ശ്രമിക്കുന്നു. ഇത്രയധികം വേട്ടയാടാന്‍ സഭ സമൂഹത്തോട് എന്ത് അനീതിയാണ് പ്രവര്‍ത്തിച്ചത്. കുറവുകളുള്ളവരാണ് മനുഷ്യന്‍. ഒന്നോ രണ്ടോ പേര്‍ ചെയ്ത തെറ്റിന് സഭയെ മുഴുവനായി വിമര്‍ശിക്കുന്നതില്‍ എന്ത് കഴമ്പാണുള്ളത്.
സഭയ്ക്കുമേല്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ക്കുമേല്‍ നീതിയുടെ ചോദ്യചിഹ്നങ്ങള്‍ എത്തുകതന്നെ ചെയ്യും. ഞങ്ങളുടെ സന്ന്യസ്തരെയും അല്മായരെയും വേട്ടയാടിയാല്‍ ഞങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയുമെന്നു കരുതുന്നുണ്ടോ, ഒരിക്കലുമില്ല. ക്രിസ്തുവിന്‍റെ സഭയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ഈ രണ്ടായിരം വര്‍ഷവും സഭ തലയെടുപ്പോടെ നില്‍ക്കുന്നുണ്ടെങ്കില്‍ വരുംകാലങ്ങളിലും ഇതേ കരുത്തോടെ ഒറ്റക്കെട്ടായി നില്‍ക്കുകതന്നെ ചെയ്യും. സഭയുടെ രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ നീണ്ട പ്രയാണത്തിന് ചൂട്ടുകത്തിച്ചാരും വഴികാണിക്കേണ്ടി വന്നിട്ടില്ല. കാരണം, ഈ ലോകത്തിന്‍റെ പ്രകാശമാണ് ഞാനെന്ന് പറയാന്‍ മാത്രം ആര്‍ജ്ജവമുള്ള അസ്തമിക്കാത്തൊരു സൂര്യനു പിന്നാലെയാണ് അവളുടെ നടപ്പ്. അത് ഇടനെഞ്ച് കുത്തിത്തുറന്ന് എന്‍റെ ക്രിസ്തു എനിക്കായി വച്ചുനീട്ടിയ സമ്മാനം എന്‍റെ കത്തോലിക്കാസഭ. എന്‍റെ അമ്മ.
ഡാനിയ ബാബു, ചിറക്കടവ്
ദര്‍ശകന്‍ നവംബര്‍ ലക്കം-പ്രതികരണം

Leave a Reply