ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധം ; സര്‍വ്വകലാശാല വിസിമാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്തെ സര്‍വ്വകലാശാല വിസിമാര്‍ ഹൈക്കോടതിയിലേക്ക് . സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഏഴ് വിസിമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം, ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പുറത്താക്കാതിരിക്കാന്‍ കാരണം ചോദിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് വിസിമാര്‍ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം നടത്തി തെറ്റ് കണ്ടെത്തിയാല്‍ മാത്രമേ പുറത്താക്കാനാകൂ. അതിനാല്‍ തന്നെ ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമാണ്. ഈ നോട്ടീസ് റദ്ദാക്കണമെന്നും വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം കേരള സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള, ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍്റെ നടപടി ചോദ്യം ചെയത് 15 അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ ചാന്‍സലര്‍ക്കെതിരെ കോടതി പരാമര്‍ശം നടത്തിയിരുന്നു.ചീത്ത വിളിച്ചാല്‍ പ്രീതി നഷ്ടപ്പെടില്ലെന്നും വ്യക്തിപമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സെനറ്റംഗങ്ങളെ പുറത്താക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്നും പതിന‌ഞ്ച് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധമാണെന്നുമാണ് ഗവര്‍ണറുടെ വാദം.