മുന്നാക്ക സംവരണം ശരിവെച്ച്‌ സുപ്രീംകോടതി; നിര്‍ണായക വിധി

മുന്നാക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടന ഭേദഗതി സുപ്രീംകോടതി ശരിവെച്ചു.ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അഞ്ചില്‍ നാല് ജഡ്ജിമാരും മുന്നാക്ക സംവരണത്തെ അനുകൂലിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പാര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി.തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജികള്‍. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണ് മുന്നാക്ക സംവരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികള്‍.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയായിരുന്നു 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി നടത്തിയത്. എന്നാല്‍, സാമ്ബത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പെടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ ആറര ദിവസം നീണ്ട വാദത്തിനൊടുവിലായിരുന്നു ഹരജികള്‍ വിധി പറയാന്‍ മാറ്റിയത്.

കോടതി പരിശോധിച്ചത് പ്രധാന മൂന്ന് ചോദ്യങ്ങള്‍

ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനക്കായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഹരജികളിലുന്നയിച്ച നാല് ചോദ്യങ്ങളാണ് ഡ്രാഫ്റ്റ് ചെയ്തത്. ഇതില്‍ മൂന്ന് ചോദ്യങ്ങളാണ് കോടതി പരിഗണിച്ചത്.

1. സാമ്ബത്തിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സംവരണം ഉള്‍പ്പെടെയുള്ള പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ സംസ്ഥാനങ്ങളെ അനുവദിച്ചുകൊണ്ടുള്ള 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതായി പറയാമോ.

2. സ്വകാര്യ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തെ അനുവദിക്കുക വഴി ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുണ്ടോ.

3. എസ്.ഇ.ബി.സി (സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍)/ ഒ.ബി.സി (മറ്റ് പിന്നാക്ക വിഭാഗങ്ങള്‍) / പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ എന്നിവയെ സാമ്ബത്തിക സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ഭരണഘടനാപരമായി ശരിയാണോ.