ഒരു രസത്തിനു തുടങ്ങിയതാണ് മാറ്റാൻ പറ്റുന്നില്ല

ഡോ.അനിറ്റ് ജോസഫ് കാരയ്ക്കാട്ട് (General Hospital Ernakulam?)


2020  ജൂണ്‍  14 നാണ് പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുട്ട് ആരാധകരെ കണ്ണീരിലാഴ്ത്തി  ഈലോകത്തോട് വിടപറഞ്ഞത്. അദ്ദേഹത്തിന്‍റെ മരണം ആത്മഹത്യയാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും അദ്ദേഹം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. പത്രങ്ങളില്‍ ഒട്ടു മിക്ക ദിവസങ്ങളിലും കാണുന്നതാണ് വിദ്യാര്‍ത്ഥികളും യുവജനങ്ങളും  മയക്കുമരുന്നുമായി അല്ലെങ്കില്‍ മയക്കുമരുന്നിന്‍റെ  വില്പനയുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടു എന്നുള്ള വാര്‍ത്തകള്‍. ഇന്ന് യുവജനങ്ങളില്‍ കാണപ്പെടുന്ന പുതിയൊരു ട്രെന്‍റ് ആണ് ലഹരി വസ്തുക്കളുടെ ഉപയോഗം. കണക്കുകള്‍ കാണിക്കുന്നത് കേരളത്തില്‍ മാത്രം 2020-ല്‍ മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട് 4650 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു എന്നാണ്. 2021-ല്‍ അത് 5334 ആയി ഉയര്‍ന്നു. എന്നാല്‍ 2022-ല്‍ ഇതുവരെ അത് 16,986 കേസുകള്‍ ഉണ്ടെന്നാണ്. മയക്കുമരുന്നുകളുടെ ഉപയോഗം ക്രമേണ അതിന്‍റെ അടിമത്വത്തിലേയ്ക്ക് നയിക്കുന്നു. ഇത് ജീവിതനിലവാരം മോശമാക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് വഴി തെളിക്കുകയും ആത്മഹത്യാപ്രവണതയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.പതിനഞ്ചു മുതല്‍ ഇരുപത്തിനാലുവരെയുള്ള പ്രായത്തിലാണ് പലരും മയക്കുമരുന്നുപയോഗം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, കൂലിപ്പണിക്കാര്‍, ഡ്രൈവര്‍മാര്‍, ലൈംഗിക തൊഴിലാളികള്‍, പ്രഫഷണല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി പല മേഖലയിലുള്ളവരില്‍ മയക്കുമരുന്നുപയോഗം കണ്ടുവരാറുണ്ട്.
വിദ്യാര്‍ത്ഥികളുടെ ഇടയിലാണ് മയക്കുമരുന്നിന്‍റെ വില്പന ഏറ്റവും കൂടുതലായി നടക്കുന്നത്. പുകവലിയില്‍ നിന്നാണ്  ഈ ദുശീലം ആരംഭിക്കുന്നത്. പുകവലിക്കാര്‍ ക്രമേണ മദ്യത്തിനടിമകളാകും. സാവധാനം കൂടുതല്‍ ലഹരിയുടെ ലോകത്തെത്താന്‍ അവര്‍ മയക്കുമരുന്നിനെ ആശ്രയിച്ചു തുടങ്ങുന്നു. തുടക്കത്തില്‍ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം, കുറെ കഴിയുമ്പോള്‍ ശീലമായി മാറുന്നു. അതു ക്രമേണ ആസക്തിയിലേയ്ക്കും അടിമത്വത്തിലേയ്ക്കും നയിക്കുന്നു.
മയക്കു മരുന്ന് ഉപയോഗിക്കാനുള്ള കാരണങ്ങള്‍
 വീട്ടിലെ പ്രശ്നങ്ങള്‍, വിഷാദരോഗം, ടെന്‍ഷന്‍, പ്രണയ നൈരാശ്യം, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍, കൂട്ടുകാരില്‍ നിന്നും കേട്ട നിറം പിടിപ്പിച്ച കഥകള്‍ കേട്ടുള്ള ആവേശം ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍  ഇത്തരം കൂട്ടുകെട്ടുകളില്‍ പെട്ടെന്നു ചെന്നു വീഴും.
2021-ല്‍ എക്സൈസ് വകുപ്പ് മയക്കുമരുന്നുമായി പിടിക്കപ്പെട്ട കുട്ടികളില്‍ ഒരു സര്‍വ്വേ നടത്തി. അതില്‍ കണ്ടെത്തിയത് കൂടുതല്‍പ്പേരും കൂട്ടുകാരുടെ സമ്മര്‍ദ്ദംമൂലമാണ് ലഹരി ഉപയോഗിച്ച് തുടങ്ങിയത് എന്നാണ്. ഉപയോഗിച്ച് നോക്കാനുള്ള ആകാംക്ഷകൊണ്ടും വീടുകളിലെ പ്രശ്നങ്ങള്‍കൊണ്ടുംമാത്രം ലഹരിക്കടിമയായവര്‍ ഇതിലും കുറവാണ്.

ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം കുറെ കഴിയുമ്പോള്‍ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേയ്ക്കും അടിമത്വത്തിലേയ്ക്കും നയിക്കുന്നു.
മയക്കുമരുന്നുപയോഗത്തിനുള്ള സാഹചര്യങ്ങള്‍
1. തമാശയ്ക്കുവേണ്ടി തുടങ്ങുക
2. സുഹൃത്തുക്കളുടെ നിര്‍ബന്ധം
3. അനുകരണം: സിനിമയിലെ സൂപ്പര്‍താരം വിരലുകള്‍ക്കിടയില്‍ കഞ്ചാവുമായി  നില്‍ക്കുന്നതു കാണുമ്പോള്‍ കുട്ടികള്‍ക്ക് അതനുകരിക്കാന്‍ തോന്നും. എന്തൊക്കെയോ ആകാനുള്ള പ്രവണത.
4. എം.ഡി.എം.എ.
5. ഉപയോഗിച്ചാലുള്ള ദോഷത്തെക്കുറിച്ചുള്ള വ്യക്തമായ  തിരിച്ചറിവില്ലായ്മ.
6.  ഉപയോഗിച്ചാല്‍  കിട്ടിയേക്കാവുന്ന ഫലങ്ങളേക്കുറിച്ചുള്ള മിഥ്യാധാരണ

 സാധാരണയായി കണ്ടു വരുന്ന മയക്കുമരുന്നുകള്‍
1. കഞ്ചാവും അതില്‍നിന്നുണ്ടാക്കുന്ന ഭാംഗ്, ഹാഷിഷ്, കഞ്ചാവ് ഓയില്‍ എന്നിവ.
 2. കറുപ്പും ,അതിന്‍റെ ഉത്പന്നങ്ങളായ ഹെറോയിന്‍, ബ്രൗണ്‍ ഷുഗര്‍, മോര്‍ഫിന്‍, കൊഡീന്‍ എന്നിവ.
3. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയസിപ്പാം, പെത്തഡിന്‍, സുപ്രനോര്‍ഫിന്‍, പെന്‍റഡോസിന്‍ മുതലായ മരുന്നുകള്‍.
ലോകത്താകമാനം ഏകദേശം 14 ലക്ഷത്തോളം ആളുകള്‍ മയക്കുമരുന്നായ കരുപ്പും അതിന്‍റെ ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നു. ഏകദേശം  നൂറ്റിനാല്പത്തേഴ് ദശലക്ഷത്തോളം ആളുകള്‍ കഞ്ചാവും അനുബന്ധ ഉത്പന്നങ്ങളും ഉപയോഗിക്കുന്നു. ആംഫീറ്റമിന്‍ പോലുള്ള മയക്കുമരുന്നുകളുടെയും കൊക്കൈന്‍റെയും ഉപഭോഗം ക്രമാതീതമായി വര്‍ധിച്ചു വരുന്നുണ്ട.്
കഞ്ചാവിന്‍റെ ഉപയോഗം
കഞ്ചാവുത്പന്നങ്ങള്‍ പുകവലിയായും ആവിയായും ലഘുഭക്ഷണപദാര്‍ത്ഥളില്‍ ചേര്‍ത്തും പാനീയങ്ങളില്‍ ചേര്‍ത്തുമൊക്കെ ഉപയോഗിച്ചു വരുന്നു. ജീവനപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കഞ്ചാവുല്പ്പന്നങ്ങള്‍ കുത്തിവച്ച് ഉപയോഗിക്കാറില്ല.
കഞ്ചാവ് പുക ശ്വസിക്കുമ്പോള്‍ വിഷവസ്തുക്കള്‍ ശ്വാസനാളിയിലൂടെ നമ്മുടെ രക്തത്തിലേയ്ക്ക് ദ്രുതഗതിയില്‍ ആഗീരണം ചെയ്യപ്പെടുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ മത്തുപിടിപ്പുക്കുകയും ഏതാനും മണിക്കൂറുകള്‍ ലഹരിപിടിയില്‍ അമരുകയും ചെയ്യുന്നു. എന്നാല്‍ വായിലൂടെ കഴിക്കുമ്പോള്‍ ഏകദേശം അരമണിക്കൂറിനുള്ളില്‍ മത്തു പിടിക്കുകയും കൂടുതല്‍ നേരം ലഹരിപ്പിടിയിലമരുകയും ചെയ്യുന്നു.
ശരീരത്തില്‍ ആഗീരണം ചെയ്യപ്പെട്ട വിഷവസ്തുക്കളില്‍ ഒരു ശതമാനത്തോളം തലച്ചോറിലെത്തുന്നു. കരളിലെ രാസാഗ്നികളെ ഉദ്ദീപിപ്പിക്കുവാന്‍ കഞ്ചാവിലെ വിഷവസ്തുക്കള്‍ക്ക് കഴിയും. പ്ലാസന്‍റയിലൂടെയും മുലപ്പാലിലൂടെയും കഞ്ചാവിലെ വിഷവസ്തുക്കള്‍ പൂര്‍ണ്ണമായും ശരീരം വിട്ടൊഴിയാന്‍ ഏകദേശം ഒരു മാസമെടുക്കുന്നതുകൊണ്ട്  ചെറിയ അളവില്‍ വല്ലപ്പോഴുമുള്ള ഉപയോഗംപോലും നീണ്ടു നില്‍ക്കുന്ന ദോഷഫലങ്ങള്‍ വളരെ അധികമായിരിക്കും.

കറുപ്പ്
 കറുപ്പ് വിഭാഗത്തില്‍പ്പെട്ട മയക്കുമരുന്നുകളെല്ലാംതന്നെ ഒരുപോലെ ദോഷങ്ങള്‍ക്കിടയാക്കുന്നതും അടിമത്വം ജനിപ്പിക്കുന്നതുമാണ്. എന്നാല്‍ പാലിയേറ്റീവ് കെയര്‍ ലഭിക്കുന്ന രോഗികള്‍ക്ക് വേദന നിവാരണത്തിന് നല്‍കുന്ന മോര്‍ഫിന്‍മൂലം മറ്റ് ദോഷഫലങ്ങളോ അടിമത്തമോ ഉണ്ടാവുകയില്ല.
 എം. ഡി .എം.എ
 ക്രിസ്റ്റല്‍ മെത്ത്, ഐസ്മെത്ത്, കല്‍ക്കണ്ടം, ക്രിസ്റ്റല്‍ ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന മാരകമയക്കുമരുന്നാണ് എം ഡി എം എ(മെത്തലിന്‍ ഡയോക്തിന്‍ മെത്താഫെറ്റാമിന്‍). തലച്ചോറിലെ നാഡികള്‍ തമ്മില്‍ വിവരം കൈമാറുന്ന രാസപദാര്‍ത്ഥങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തുവാന്‍ എംഡിഎം എ യ്ക്ക് സാധിക്കും. സഹാനുഭൂതി, വൈകാരിക അടുപ്പം എന്നിവ തോന്നിക്കാന്‍ കാരണമാകുന്ന സെറോടോണില്‍  ഡോപ്പാമിന്‍ എന്നിവയെ എം ഡി എം എ നേരിട്ട് സ്വാധീനിക്കും. സ്ഥിരമായി ഉപയാഗിക്കുന്ന ആളുകള്‍ക്ക് അതിവേഗം മരണം സംഭവിക്കും. കുറഞ്ഞത് പത്തു വര്‍ഷംവരെയാണ് അത്തരക്കാരുടെ ആയുസ്സെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
 മദ്യം പോലെയോ, കഞ്ചാവ് പോലെയോ എംഡിഎംഎയ്ക്ക് മണമില്ല. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീടൊരിക്കലും നിര്‍ത്താന്‍ കഴിയാത്തവിധം ഇത് ഉപഭോക്താവിനെ അടിമയാക്കുന്നു.
മയക്കു മരുന്ന് അടിമത്തത്തിന്‍റെ ലക്ഷണങ്ങള്‍
1. ഏതു സമയവും മയക്കം
2. വൃത്തിക്കുറവ്
3. ദിനചര്യകളിലെ മാറ്റം
4. സൗഹൃദങ്ങളില്‍ മാറ്റം, മുതിര്‍ന്ന ആളുകളുമായുള്ള സൗഹൃദം,അപരിചിതരുടെ സന്ദര്‍ശനം.
5. പണം ധാരാളമായി ആവശ്യപ്പെടുക
6. വിറയല്‍
7. സംസാരത്തില്‍ വൈകല്യം
8. ഉറക്കക്കുറവ്, പതിവിലും കൂടുതല്‍ പകലുറക്കം
9. ചുറ്റുമുള്ളവരെക്കുറിച്ച് കൃത്യമായ ബോധമില്ലായ്മ

10. ഒന്നിലും ഒരു താല്പര്യമില്ലായ്മ
11. നന്നായി പഠിച്ചിരുന്ന കുട്ടി പെട്ടെന്ന് പിന്നോക്കം പോവുക
12. ശരീരത്തില്‍ പോറലുകളും മുറിപ്പാടുകളും
13. മടി, ക്ഷീണം
14. മറ്റുള്ളവരില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള രഹസ്യ സ്വഭാവം
15. ആത്മനിന്ദ
16. ആത്മവിശ്വാസക്കുറവ്
17. തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ
18. അനാവശ്യമായ വാദപ്രതിവാദങ്ങള്‍
19. രോഷം, ആകാംക്ഷ, വിഷാദം.
20. അപകടസാധ്യതകള്‍ ഗൗനിക്കാതെയുള്ള എടുത്തുചാട്ടം.
21. സ്വയം ഉപദ്രവിക്കാന്‍ ശ്രമിക്കുക.
22. അക്രമം, മോഷണം, കുറ്റകൃത്യങ്ങള്‍.
മയക്കു മരുന്നുപയോഗിക്കുന്നവരില്‍ കാണുന്ന ഈ മൂന്ന് ലക്ഷണങ്ങള്‍ ചികിത്സ അത്യാവശ്യമാണെന്ന സൂചനയാണു നല്‍കുന്നത്.
1.  ഉപയോഗിക്കുന്ന മയക്കുമരുന്നിന്‍റെ അളവ് ക്രമേണ കൂടിക്കൂടി വരിക.
2.  ചിന്തകളിലും പ്രവൃത്തികളിലും മയക്കുമരുന്നിനോട് ആസക്തി, ആശ്രയത്വം
3.  ലഹരി ഉപയോഗിക്കുമ്പോള്‍ പനി , ജലദോഷം, വെപ്രാളം, വിറയല്‍ എന്നി  വ ഉണ്ടാവുക.
 മയക്കു മരുന്നില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍
1. കുഞ്ഞുങ്ങള്‍ എന്തു കാര്യവും രക്ഷിതാക്കളോട് തുറന്ന് പറയാന്‍ കഴിയണം.
2. മയക്കുമരുന്നിന്‍റെ ദൂഷ്യവശങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക.
3. ക്രിയാത്മകവും ആരോഗ്യകരവുമായ പ്രവൃത്തികളിലേര്‍പ്പെടാന്‍ കുട്ടികളെ സഹായിക്കുക.
4. കുട്ടികളുടെ സുഹൃത്തുക്കളാരെന്നും അവരുടെ ജീവിതസാഹചര്യങ്ങളെന്തെന്നുമൊക്കെ മാതാപിതാക്കള്‍ മനസ്സിലാക്കി വയ്ക്കുക.
5. കുട്ടികളുടെ സുഹൃത്തുക്കളുടെ വീട്ടില്‍ പോകുകയും അവരുടെ രക്ഷിതാക്കളെ പരിചയപ്പെടുകയും ചെയ്യുന്നത് നമ്മുടെ കുട്ടികള്‍ സുഹൃദ്ബന്ധങ്ങളിലൂടെ തെറ്റിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ സഹായിക്കും
6. മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ മാതൃകയായിരിക്കുക.
7.പ്രശ്നങ്ങളെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ ശാസിക്കാതെ അതില്‍നിന്നും സാവധാനം പിന്തിരിപ്പിക്കുവാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക.
 8. സ്കൂള്‍, കോളേജ്തലങ്ങളില്‍ മയക്കുമരുന്നിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വേണ്ടത്ര ബോധവത്കരണം നടത്തണം. ദൃശ്യമാധ്യമങ്ങളിലൂടെ ഇതിനെതിരെ പ്രചാരണം നടത്തണം.
9. കുട്ടികളുടെ ഓരോ ദിവസവുമുള്ള പ്രവൃത്തികളും സ്വഭാവസവിശേഷതകളും മാതാപിതാക്കളും അധ്യാപകരും നിരീക്ഷിച്ച് മസ്സിലാക്കണം.
10. ഹോസ്റ്റലിലും മറ്റും നിന്ന് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന മക്കളെ കൃത്യമായ ഇടവേളകളില്‍ മാതാപിതാക്കള്‍ സന്ദര്‍ശിക്കുകയും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും വേണം.


‘സ്നേഹത്തിന്‍റെ ആനന്ദം’ എന്ന ചാക്രികലേഖനത്തില്‍ പരിശുദ്ധ ഫ്രാന്‍സ്സീസ് മാര്‍പാപ്പാ, ഉല്‍പത്തി പുസ്തകത്തിലെ ദൈവം ആദത്തോട് ചോദിക്കുന്ന “ആദം നീ എപ്പോള്‍ എവിടെയാണ്” എന്ന ചോദ്യത്തെ ഉദ്ധരിച്ചുകൊണ്ട് മാതാപിതാക്കളോട് പറയുന്നുണ്ട്.
“മാതാപിതാക്കളേ നിങ്ങള്‍ അറിയണം നിങ്ങളുടെ മക്കള്‍ ഇപ്പോള്‍ എവിടെയാണെന്ന്? ഭൂമിശാസ്ത്രപരമായി അവരിപ്പോള്‍ എവിടെയാണെന്നല്ല, അവരുടെ മൂല്യബോധങ്ങളില്‍ അവരെവിടെയാണ്? അവരുടെ ധാര്‍മ്മികതയില്‍ അവരെവിടെയാണ്? അവരുടെ ഫോണുകളില്‍ അവര്‍ കാണുന്നത് കേള്‍ക്കുന്നത് എന്തൊക്കെയാണ്? ഇതൊക്കെ മാതാപിതാക്കള്‍ അറിയേണ്ടതാണ്.”
 അതുകൊണ്ട് സമയം തെറ്റിയുള്ള വീട്ടില്‍ വരവ്, വീട്ടില്‍നിന്നും മാറി നില്ക്കുന്നത്, സമൂഹത്തില്‍നിന്നും മാറി നില്‍ക്കുന്നത് ഒക്കെ ആദ്യ ലക്ഷണങ്ങളാണെന്ന് തിരിച്ചറിയാനുള്ള വിവേകവും ജാഗ്രതയും മാതാപിതാക്കന്മാര്‍ക്ക്  ഉണ്ടാകട്ടെ.