സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഭാഗികമായി മാത്രം നല്‍കിയാല്‍ മതിയെന്ന ഉത്തരവിനെതിരെയാണ് പ്രതിഷേധം.

ഈ മാസം 26 ശനി മുതല്‍ കടകള്‍ അനിശ്ചിതമായി അടച്ചിടും.

ഒക്ടോബറില്‍ റേഷന്‍ വിതരണം നടത്തിയ വകയില്‍ വ്യാപാരികള്‍ക്ക് 29 കോടി 51 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഈ തുകയുടെ 49 ശതമാനം മാത്രം നല്‍കിയാല്‍ വിതരണം ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവാണ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ക്ക് നല്‍കിയത്.

അതായത് 51 ശതമാനം കമ്മീഷന്‍ തടഞ്ഞുവയ്ക്കുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. റേഷന്‍ വ്യാപാരികളുടെ വിവിധ സംഘടനകളുടെ യോഗം ചേര്‍ന്നാണ് സമരപ്രഖ്യാപനം നടത്തിയത്. സിഐടിയു, എഐടിയുസി ഉള്‍പ്പെടെയുള്ള ഭരണാനുകൂല സംഘടനകളുമുള്‍പ്പെടെയാണ് സമര രംഗത്തുള്ളത്.