ഭിന്നശേഷിമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരങ്ങൾ വിതരണം ചെയ്തു; ആശ്വാസ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിനും,ചെങ്കൽ ആശാനിലയം സ്പെഷ്യൽ സ്കൂളിനും പുരസ്‌കാരം

ഭിന്നശേഷിമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള 2022 ലെ പുരസ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു വിതരണം ചെയ്തു. എൻ.ജി. ഒ.യ്ക്ക് കീഴിലെ മികച്ച ഭിന്നശേഷി പുനരധിവാസകേന്ദ്രം ആശ്വാസ് വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ, കാഞ്ഞിരപ്പള്ളിയ്ക്ക് ലഭിച്ചു. 50000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫി ക്കറ്റും മൊമെന്റോയും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. കൂടാതെ ഭിന്നശേഷിമേഖലയിലെ മികച്ച എൻ ജി ഒ സ്ഥാപനത്തിനുള്ള അവാർഡ് ചെങ്കൽ ആശാനിലയം സ്പെഷ്യൽ സ്കൂളിനും ലഭിച്ചു. 20000/- രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മൊമെന്റോയും അടങ്ങുന്നതാണ് ഈ അവാർഡ്. ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം തിരൂരിൽ നടന്ന ചടങ്ങിലാണ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ആശാനിലയം, ആശ്വാസ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർ ഫാദർ റോയി മാത്യു വടക്കേൽ, സി. ലിറ്റി സേവ്യർ മറ്റ് സ്ഥാപന പ്രതിനിധികൾ എന്നിവർ ബഹു. മന്ത്രിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

1979 ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യത്തെ സ്ഥാപനമായി ആരംഭിച്ച ആശാനിലയം സ്പെഷ്യൽ സ്കൂൾ, ഭിന്നശേഷിക്കാരുടെ സമഗ്രമായ ഉന്നമനത്തിനുവേണ്ടി, അവരുടെ മാതാപിതാക്കളെയും ഉൾചേർത്തുകൊണ്ട്, ചെങ്കല്ലിൽ എട്ട് ഏക്കർ സ്ഥലത്ത് പഠന, തൊഴിൽ പുനരധിവാസ സംവിധാനം ഒരുക്കിയിരിക്കുകയാണ്. ഏഞ്ചൽസ് വില്ലേജ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ കാമ്പസിൽ ആശാനിലയം സ്പെഷ്യൽ സ്കൂൾ, ആശ്വാസ് വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ, തെറാപ്പി സെന്റർ, കുട്ടികൾക്കുള്ള ബോർഡിംഗ് ഹൗസ്, കുട്ടികൾ മാതാപിതാക്കളോടൊപ്പം താമസിച്ച് പഠനവും പരിശീലനവും നേടാനുള്ള ഏഞ്ചൽസ് ഹോംസ് മുതലായ സേവ നങ്ങൾ നൽകിവരുന്നു. 324 കുട്ടികൾക്കായ് 84 അധ്യാപക അനധ്യാപക സംഘം, ഡയറക്ടർ ഫാദർ റോയി മാത്യു വടക്കേലിന്റെയും പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യറിന്റെയും നേതൃത്വത്തിൽ ഇവിടെ സേവനം ചെയ്യുന്നു.

കഴിവില്ല എന്ന് സമൂഹം വിധിയെഴുതുന്ന മക്കളെ സമഗ്രമായ പഠന – പരിശീലന പ്രക്രി യകളിലൂടെ കഴിവുറ്റവരും, മറ്റാരെയും പോലെ സമൂഹത്തിൽ ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്ത് ജീവിക്കുവാൻ പ്രാപ്തരാക്കി, അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാൻ അവരെ ശാക്തീകരിക്കുന്ന നൂതന പദ്ധതികളാണ് ഏഞ്ചൽസ് വില്ലേജിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.