മതപീഡനത്തിന്‍റെ കാണാപ്പുറങ്ങള്‍

താന്‍ വിശ്വസിക്കുന്ന ജീവിതമൂല്യങ്ങള്‍ക്കുവേണ്ടി ജീവന്‍തന്നെ ബലികഴിക്കുന്നവരെയാണു നാം രക്തസാക്ഷികള്‍ എന്നു വിളിക്കുന്നത്. ‘രക്തസാക്ഷികള്‍’ രണ്ടു തരമുണ്ടെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. തങ്ങളുടെ വിശ്വാസത്തിനുവേണ്ടി അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍തന്നെ ത്യജിച്ച ചുവന്ന – രക്തസാക്ഷികളും കൊല്ലപ്പെട്ടിട്ടില്ലെങ്കിലും വിശ്വാസത്തിനുവേണ്ടി പലവിധ പീഡകള്‍ സഹിക്കുന്ന ശുഭ്ര രക്തസാക്ഷികളും. രക്തസാക്ഷികളുടെ കാര്യത്തിലെന്നപോലെ മതപീഡനത്തിന്‍റെ കാര്യത്തിലും രണ്ടു വ്യത്യസ്ത രീതികള്‍ അവലംബിക്കാറുണ്ട്. ഒന്ന്, രക്തരൂക്ഷിത പീഡനങ്ങളും മറ്റൊന്ന്, രക്തരൂക്ഷിതമല്ലാത്ത മൃദു-മതപീഡനങ്ങളും.
ഭാരതസഭയുടെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ പോലും ഈ രണ്ടു തരത്തിലുമുള്ള പീഡനങ്ങള്‍ നമുക്ക് കാണുവാന്‍ കഴിയും. ഒറീസയില്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടെരിച്ചതു മുതല്‍, വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സി. റാണിമരിയയും വിവിധ മിഷന്‍പ്രദേശങ്ങളില്‍ കൊല്ലപ്പെട്ട നിരവധി ആളുകളും ഈ കാലഘട്ടത്തില്‍ ക്രൈസ്തവവിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായിട്ടുണ്ട്. അതുപോലെ തന്നെ കണ്ടമാലിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും മംഗലാപുരത്തുമൊക്കെ വലിയ രീതിയില്‍ ക്രൈസ്തവര്‍ക്കെതിരെ ലഹളകള്‍ തന്നെ സംഘടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ അടുത്തകാലത്തായി ഇത്തരം രക്തരൂക്ഷിത പീഡനങ്ങള്‍ കുറഞ്ഞിട്ടുണ്ട് എന്ന കാര്യവും അംഗീകരിക്കാതെ വയ്യ. പക്ഷെ ഇത്തരം രക്തരൂക്ഷിതപീഡനങ്ങള്‍ കുറഞ്ഞു എന്നതുകൊണ്ട് മാത്രം ക്രൈസ്തവര്‍ ഇപ്പോള്‍ സുരക്ഷിതരാണ് എന്ന്  അര്‍ത്ഥമുണ്ടോ? ഇല്ല എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെ വിലയിരുത്തുന്ന ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടനയുടെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഇന്ത്യയിലെ ക്രൈസ്തവപീഡനത്തിന്‍റെ നിരക്ക് അതിഭയാനകം എന്നാണു കൊടുത്തിരിക്കുന്നത്. മത-ദേശീയതയാണു ഈ പീഡനത്തിന്‍റെ പ്രധാന കാരണമായി ഓപ്പണ്‍ ഡോര്‍സ് സൂചിപ്പിക്കുന്നത്. ഇക്കാരണത്താല്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡനം നേരിടുന്ന നാലു  രാജ്യങ്ങളും (മ്യാന്മാര്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക) ഇന്ത്യയുടെ അയല്‍ക്കാരാണ്. ക്രൈസ്തവ പീഡനത്തിന്‍റെ കാര്യത്തില്‍ സൗദി അറേബ്യ, നൈജീരിയ, സിറിയ, ഈജിപ്ത് എന്നിങ്ങനെ നിരവധി രാജ്യങ്ങളിലും ഭയാനകമാണു ഇന്ത്യയിലെ സ്ഥിതി. എന്തുകൊണ്ടാണ് ഓപ്പണ്‍ ഡോര്‍സ് എക്സട്രീം മതപീഡനം നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്?
വലിയ തോതിലുള്ള രക്തരൂക്ഷിതപീഡനങ്ങള്‍ നടക്കുന്നില്ലെങ്കിലും ക്രിസ്ത്യാനികള്‍ക്കെതിരെ വ്യാപകമായ രീതിയില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു ഓപ്പണ്‍ ഡോര്‍സ് കണ്ടെത്തിയത്. ഇത്തരം ആക്രമണങ്ങള്‍ക്കപ്പുറം ക്രിസ്തുവിനെ പിന്തുടരുന്നവരും പ്രഘോഷിക്കുന്നവരും എന്ന രീതിയില്‍ ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളെയും ഈ ലിസ്റ്റില്‍ പ്രതിപാദിക്കുന്നുണ്ട്. എന്‍റെ അഭിപ്രായത്തില്‍ രക്തരൂക്ഷിത ആക്രമങ്ങളേക്കാള്‍ ആസൂത്രിതമായ സമ്മര്‍ദ്ദതന്ത്രങ്ങളാണ് ഇന്നു ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പീഡനമുറകള്‍. രക്തരൂക്ഷിത അക്രമണങ്ങള്‍ മതപീഡനത്തെ മറച്ചു വയ്ക്കാനാവാത്തവിധം പരസ്യമായവ ആണെങ്കില്‍ ഇത്തരം മൃദു – മതപീഡനങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകാത്തവയും പലപ്പോഴും “പൊതുനന്മ” എന്നു തോന്നിപ്പിക്കുമാറ് വഞ്ചനാപരമായ പേപ്പറില്‍ പൊതിഞ്ഞവയും ആയിരിക്കും.
ഉദാഹരണമായി, കല്‍ക്കത്തയിലെ മദര്‍ തെരേസയെ ആദ്യമായി വിമര്‍ശിച്ചതു നിഷ്പക്ഷരെന്നു തോന്നിക്കുന്നവരും വിദേശികളുമായ ചില എഴുത്തുകാര്‍ ആയിരുന്നു. മദര്‍ പാവങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിട്ടില്ല എന്നും പാവങ്ങളെ തന്‍റെ പ്രശസ്തിക്കായി ഉപയോഗിക്കുകയായിരുന്നു എന്നും അവര്‍ വാദിച്ചു. തങ്ങളുടെ ബുദ്ധികൊണ്ട് മാത്രം മനുഷ്യജീവിതങ്ങളെ അളക്കാന്‍ ശ്രമിക്കുന്ന ഇത്തരം വ്യാജ-തിയറിസ്റ്റുകളുടെ ചുവടു പിടിച്ചു പരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ മദറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചു. മതംമാറ്റമായിരുന്നു മദറിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യം എന്ന ഇവരുടെ തിയറിക്ക് സമ്പൂര്‍ണ്ണസാക്ഷരര്‍ എന്നു അവകാശപ്പെടുന്ന മലയാളികളുടെ ഇടയില്‍വരെ പ്രചാരം ലഭിച്ചു. ലോകത്തിലെ ഏറ്റവും എക്സ്ട്രീം ആയ മേഖലകളില്‍പോലും ഉപവിപ്രവര്‍ത്തനങ്ങള്‍നടത്തിയിരുന്ന മദറിന്‍റെ സഹോദരിമാരെ ‘ഇന്ത്യയില്‍ മാത്രം’ ജോലി ചെയ്യുന്നവര്‍ എന്ന വ്യാജ ആരോപണം ഉന്നയിച്ച് ഇന്ത്യന്‍ സമൂഹത്തിന്‍റെ മുമ്പില്‍ ഗൂഢലക്ഷ്യങ്ങളുള്ളവരായി അവതരിപ്പിക്കുവാനും ഈ ഘട്ടത്തില്‍ ഇവര്‍ മടിച്ചില്ല. തുടര്‍ച്ചയായ ഇത്തരം ആരോപണങ്ങളുടെ ഫലമായി ‘ഉപവിയുടെ സഹോദരിമാര്‍’ക്കു സമൂഹത്തിന്‍റെയും സര്‍ക്കാരിന്‍റെയും പല കോണില്‍ നിന്നും ആരോപണങ്ങളും പ്രശ്നങ്ങളും നേരിടേണ്ടിവന്നു. അനാഥാശ്രമങ്ങളും അഗതിമന്ദിരങ്ങളും നടത്തിക്കൊണ്ട് പോവുക എന്നത് ദുഷ്കരമാക്കി, ദത്ത് കൊടുക്കാനുള്ള ലൈസന്‍സുകള്‍ ഉപേക്ഷിക്കേണ്ടിവന്നു. പല സ്ഥലങ്ങളിലും സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റും അനാവശ്യസമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നു.
മദര്‍ തെരേസയുടെ സഹോദരിമാരുടേത് ഒറ്റപ്പെട്ട സംഭവമല്ല. ക്രിസ്ത്യന്‍ മാനേജ്മെന്‍റ് നടത്തിക്കൊണ്ടുപോകുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, സോഷ്യല്‍ സര്‍വീസ് സെന്‍ററുകള്‍, എന്‍.ജി.ഓകള്‍, അനാഥാശ്രമങ്ങള്‍, അഗതിമന്ദിരങ്ങള്‍… എന്നിങ്ങനെ  ഒട്ടുമിക്ക സ്ഥാപനങ്ങളും വര്‍ഷങ്ങളായി വളരെയധികം പ്രശ്നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കു പുറമെ ഇപ്പോള്‍ ആരാധനാശൈലികളില്‍ വരെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. സര്‍ക്കാര്‍ നികുതിപ്പണം മുടക്കി കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ‘വിജ്ഞാന കൈരളി’ എന്ന മാഗസിനില്‍ പോലും കുമ്പസാരിക്കുന്നത് ലജ്ജാവഹമാണെന്ന രീതിയില്‍ ഉള്ള ലേഖനങ്ങള്‍ വന്നത് ഈ അടുത്ത കാലത്താണ്.
ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ജീവിതം ദുസ്സഹമാക്കുന്ന നിയമനിര്‍മ്മാണങ്ങളും വിധിപ്രസ്താവനകളും മാധ്യമവിചാരണകളുമൊക്കെ നിത്യേന എന്ന വണ്ണം നിര്‍ബാധം തുടരുകയാണ്. നമ്മുടെ കുടുംബങ്ങളുടെ കെട്ടുറപ്പും ധാര്‍മ്മികതയും തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പല പ്രശ്നങ്ങളും നമുക്ക് നേരിടേണ്ടി വരുന്നുണ്ട്. വിവാഹത്തിലും പ്രണയത്തിലുമൊക്കെ ലിബറല്‍ ചിന്താഗതികള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതും ഇതിന്‍റെയൊക്കെ ഭാഗമാണെന്നാണു പല കേസുകളും പഠിക്കുമ്പോള്‍ വ്യക്തമാകുന്നത്. പലരുടെയും അനുഭവങ്ങളും നമ്മുടെ ചുറ്റും കാണുന്നുണ്ടെങ്കിലും നാം അംഗീകരിക്കാനും ചര്‍ച്ചചെയ്യാനും ബുദ്ധിമുട്ടുന്ന ‘ലവ് ജിഹാദ്’ കേസുകള്‍ മുതല്‍ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന സ്വവര്‍ഗവിവാഹം, ദയാവധം, ഭ്രൂണഹത്യ എന്നിങ്ങനെ വ്യക്തിസ്വാതന്ത്ര്യം എന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെടുന്ന പലതും അര്‍ത്ഥവത്തായ ക്രൈസ്തവ ജീവിതം ദുഷ്കരമാക്കുന്നുണ്ട്.
രക്തം ചൊരിയപ്പെട്ട് ക്രിസ്തുവിനു സാക്ഷികളാകുന്നവര്‍ മാത്രമല്ല രക്തസാക്ഷികള്‍ എന്നു തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ശാരീരികമായി പീഡിപ്പിക്കുന്നവ മാത്രമല്ല മതപീഡനങ്ങളുടെ കണക്കില്‍ പെടുത്തേണ്ടത്. ഇന്ത്യയിലെ മതപീഡനങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായുമുള്ള മുതലെടുപ്പുകളാണ്. ഒരുപക്ഷെ രക്തരൂക്ഷിതമായ പീഡനങ്ങളോട് സഹിഷ്ണുത പുലര്‍ത്തുന്ന ക്രിസ്ത്യാനികള്‍ക്കെതിരെ അത്തരം ആക്രമണങ്ങള്‍കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ല എന്നു മനസ്സിലാക്കിയതിനാല്‍ ആവണം അവര്‍ പീഡനത്തിന്‍റെ ശൈലി മാറ്റിയത്. വ്യാപകമായിക്കൊണ്ടിരിക്കുന്ന മൃദു-മതപീഡനത്തെ മനസ്സിലാക്കുകയും അതിനെ വെളിച്ചത്തില്‍ കൊണ്ടുവരുകയും ക്രിസ്തീയമായ രീതിയില്‍ തന്നെ അതിനെ നേരിടുകയും ചെയ്യേണ്ടത് ആവശ്യമാണ്. ക്രിസ്ത്യന്‍ കൂട്ടായ്മകള്‍ ഈ വിപത്തിനെ എങ്ങനെ നേരിടുമെന്നത് ഭാരതത്തിലെ അവരുടെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരിക്കും.
ഫാ. ബിബിന്‍ മഠത്തില്‍
ദർശകൻ ഡിസംബർ ലക്കം

Leave a Reply