ചോദ്യം ചെയ്യപ്പെടുന്ന വിശ്വാസം

ചോദ്യം ചെയ്യപ്പെടുന്ന വിശ്വാസം
കേരളകത്തോലിക്കാസഭ വാര്‍ത്തകളിലും വര്‍ത്തമാനങ്ങളിലും
നിറഞ്ഞുനില്‍ക്കുകയാണ്. കത്തോലിക്കാവിശ്വാസവുമായി ബന്ധപ്പെട്ട് പലവിധ ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും കത്തോലിക്കാസഭയെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാനുണ്ട്. ഈ പറച്ചിലുകളെല്ലാം സഭയുടെ നന്മകളെയും വളര്‍ച്ചയെയും കുറിച്ചല്ലെന്നും നമുക്കറിയാം. യഥാര്‍ത്ഥത്തില്‍ അതൊന്നും പറഞ്ഞുതീര്‍ക്കാന്‍ കഴിയുന്നവയുമല്ല. എങ്കിലും സഭയുടെ വീഴ്ചകളും പരാജയങ്ങളും വലിയ ചര്‍ച്ചകളാകുന്നു എന്ന യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ നാം നില്‍ക്കുകയാണ്. വ്യക്തിപരമായും സാങ്കേതികമായുമൊക്കെ വന്നുഭവിക്കുന്ന തെറ്റുകളുടെ അടിസ്ഥാനത്തില്‍ കൂദാശകളും സമര്‍പ്പിതജീവിതവും ആകമാനസഭയുടെ വിശ്വാസവുമെല്ലാം ചോദ്യം ചെയ്യപ്പെടുകയാണ്. ചോദ്യം ചെയ്യപ്പെടുന്നു എന്നതിലും നാം അസ്വസ്ഥതപ്പെടേണ്ടതില്ല. പക്ഷേ, ഇത്തരം ചോദ്യംചെയ്യലുകള്‍ ആനുപാതികമല്ലാത്തവിധം രൂക്ഷവും മാന്യമായ മറുപടികള്‍ നല്കാന്‍ സാധിക്കാത്തവിധത്തില്‍ അവേഹേളനപരവുമാണ് എന്ന സത്യത്തിലാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നത് നാമാരും കരുതുന്നതുപോലെ നേര്‍ക്കുനേരെയുള്ള ചോദ്യങ്ങളും വിമര്‍ശനങ്ങളും മാത്രമായിട്ടല്ല. അതൊരു വ്യാപകപ്രതിഭാസമാണ്. ആ പ്രതിഭാസത്തിന്‍റെ ചില പ്രകടരൂപങ്ങളെ ഒന്നു പരിചയപ്പെടാം.
സഭാവിരുദ്ധരുടെ ആയുധങ്ങള്‍
 മാധ്യമങ്ങള്‍
മുഖ്യധാരാമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഒന്നുപോലെ വിശ്വാസത്തിനും സഭാജീവിതത്തിനും എതിരായുള്ള അക്രമത്തില്‍ പങ്കുകാരാണ്. സഭാപരമായോ വിശ്വാസപരമായോ എന്തു പ്രശ്നമുണ്ടായാലും ഉടനെ മാധ്യമപ്രവര്‍ത്തകര്‍ വിധികര്‍ത്താക്കളും അവയുടെ വിശകലനവിദഗ്ധരുമായി മാറുകയാണ്. യഥാര്‍ത്ഥത്തില്‍ പ്രസ്തുത വിഷയവുമായോ സഭാജീവിതവുമായോ യാതൊരു ബന്ധവും അത്തരം വിഷയങ്ങളുമായി യാതൊരു പരിചയവും ഇല്ലാത്തവരാണ് ഈ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. പ്രസ്തുത ചര്‍ച്ചകള്‍ കത്തോലിക്കാവിശ്വാസത്തെ സമൂഹമധ്യത്തില്‍ വളരെയധികം ഇകഴ്ത്തിക്കാണിക്കുന്നതിന് ഇടയായിട്ടുണ്ട്. ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും വാര്‍ത്താ അവതാരകരും ചര്‍ച്ചകളില്‍ സംബന്ധിക്കുന്നവരും ഒന്നും തന്നെയും അടിസ്ഥാനപരമായി അവ വിശ്വാസവിഷയങ്ങളാണ് എന്ന പരിഗണന നല്കുന്നില്ല എന്നു കാണാം. മാത്രവുമല്ല, വളരെ ഉപരിപ്ലവമായ രീതിയിലുള്ള വിലയിരുത്തലും പരാമര്‍ശങ്ങളും കൊണ്ട് പ്രസ്തുതവിഷയത്തിന്‍റെ യാഥാര്‍ത്ഥ്യത്തെയും സഭാപരമായ നിലപാടുകളെയും അപ്രസക്തവും അപഹാസ്യവുമാക്കാന്‍ അവര്‍ക്ക് കഴിയുന്നുമുണ്ട്. തിരുസ്സഭയിലെ സമര്‍പ്പിതജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഇതിന്‍റെ ഉത്തമഉദാഹരണം നാം കണ്ടതാണ്. സമര്‍പ്പിതജീവിതത്തില്‍ നിന്നും പുറത്തുപോയവരും അതുമായി ബന്ധമില്ലാത്തവരും പറയുന്ന അഭിപ്രായങ്ങളാണ് ഒട്ടുമിക്കമാധ്യമങ്ങളും സഭയിലെ സമര്‍പ്പിതജീവിതത്തെക്കുറിച്ച് ആധികാരികഅഭിപ്രായങ്ങളായി പുറത്തുവിട്ടുകൊണ്ടിരുന്നത്. സമര്‍പ്പിതജീവിതത്തില്‍ നിലനില്‍ക്കുന്നവരായ ഭൂരിപക്ഷത്തെ അവഗണിച്ചുകൊണ്ടും സമര്‍പ്പിതജീവിതത്തെക്കുറിച്ചുള്ള സഭയുടെ ധാരണകളെ മാനിക്കാതെയും നടത്തിയ കിരാതമായ അക്രമം മാത്രമായിരുന്നു അന്നാളുകളിലെ ഈ വിഷയത്തിലുള്ള മാധ്യമപ്രവര്‍ത്തനം.
സിനിമകള്‍, നാടകങ്ങള്‍ മുതലായവ
ക്രൈസ്തവവിശ്വാസവും അനുബന്ധവിഷയങ്ങളും പരാമര്‍ശിക്കപ്പെടുന്ന സിനിമകളും കലാരൂപങ്ങളും ഇന്ന് നിരവധിയുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ ഇറങ്ങിയ പല സിനിമകളിലെയും പ്രമേയങ്ങള്‍ വളരെ പ്രകടമായി ക്രൈസ്തവവിശ്വാസത്തെ ചോദ്യം ചെയ്യുന്നവയും അവഹേളിക്കുന്നവയുമായിരുന്നു. സിനിമകളുടെ പേരുകളില്‍ പലതും ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ടവയാണ്. അവഗണിക്കാനാവാത്ത വിധത്തില്‍ അത്തരം പേരുകളും അവയുടെ ഉള്ളടക്കങ്ങളും ഇത്തരം കലാരൂപങ്ങളില്‍ അവഹേളിക്കപ്പെടുന്നുവെന്ന സത്യം പറയാതിരിക്കാനാവില്ല. ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാം സമ്മാനം കിട്ടിയ ‘കക്കുകളി’ എന്ന നാടകത്തിന്‍റെ വിഷയം ഒരു കന്യാസ്ത്രീ മഠത്തില്‍ അനുഭവിക്കുന്ന മാനസികപീഡനങ്ങളും സമ്മര്‍ദ്ദങ്ങളുമായിരുന്നു. അവയെല്ലാം തള്ളിമാറ്റി മഠംവിടുന്ന കന്യാസ്ത്രീയെ അവതരിപ്പിച്ചുകൊണ്ടാണ് പുരുഷാധിപത്യത്തിനും ലിംഗവിവേചനത്തിനുമെതിരെയുള്ള കന്യാസ്ത്രീയുടെ എതിര്‍പ്പും പ്രതിരോധവും നാടകം രേഖപ്പെടുത്തുന്നത്. യാഥാര്‍ത്ഥ്യവുമായി ഇത്തരം കഥകള്‍ക്കും മറ്റും എന്തു ബന്ധമാണുള്ളതെന്ന് ഒരുപക്ഷേ കാണികളില്‍ പലരും ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല.
അല്മായസംഘടനകള്‍
കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന അല്മായസംഘടനകള്‍ ഇന്ന് കേരളസഭയിലെ ഒരു പ്രതിഭാസമാണ്. വ്യത്യസ്തകാരണങ്ങളുടെ പേരിലാണ് ഇവയെല്ലാം മുളയെടുക്കുന്നത് എങ്കിലും പ്രത്യക്ഷത്തില്‍ അവയിലെല്ലാം നിഴലിക്കുന്ന ആവശ്യങ്ങള്‍ക്ക് വിശ്വാസവിരുദ്ധവും സഭാവിരുദ്ധവുമായ ഒരു പൊതുസ്വഭാവം കാണാവുന്നതാണ്. അത്തരം ആവശ്യങ്ങളില്‍ പലതും സഭയുടെ അടിസ്ഥാനപരമായ വിശ്വാസങ്ങളോട് ചേര്‍ന്നുപോകാത്തതും വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നവയുമാണ്. ഇത്തരം സംഘടനകളില്‍ നാമമാത്രമായ ആള്‍ക്കാര്‍ മാത്രമേ കണാറുള്ളു. കുമ്പസാരം നിരോധിക്കുക, സ്ത്രീകള്‍ക്കു കുമ്പസാരം കേള്‍ക്കാന്‍ അനുവാദം കൊടുക്കുക എന്നിങ്ങനെ വിചിത്രങ്ങളായ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ഇവരില്‍ പലരും സ്വന്തം ഇടവകദേവാലയത്തോടു പോലും ബന്ധമില്ലാത്തവരാണെന്നതാണ് സത്യം. അന്ധമായ വൈദികവിരോധം (ചിലര്‍ക്കെങ്കിലും അതിന് ന്യായീകരിക്കാന്‍ കഴിയുന്ന കാരണങ്ങളുണ്ടാവാം) പ്രകടിപ്പിക്കുകയും സഭാധികാരത്തെ പുച്ഛവും കലര്‍ന്ന വാക്കുകളില്‍ നിന്ദിക്കുകയും ചെയ്യുക ഇവരുടെ പ്രത്യേകതയാണ്. പലപ്പോഴായി ഇവര്‍ നടത്തിയ പ്രകടനങ്ങളിലെല്ലാം പ്രകടമായ സഭാവിരുദ്ധത നമുക്ക് കാണാനാവുന്നതാണ്. സഭക്കെതിരെ ഇത്തരക്കാരിലൊരാള്‍ നല്കിയ കേസ് തള്ളിക്കൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പറഞ്ഞത് സഭയുടെ ഇപ്പോള്‍ തുടരുന്ന ശൈലികളില്‍ താത്പര്യമില്ലെങ്കില്‍ താങ്കള്‍ക്ക് പുറത്തു പോകാം എന്നാണ്. സഭക്കുള്ളിലെ അസ്വസ്ഥതകള്‍ക്ക് കാരണമായിത്തീരുന്ന ഇത്തരം ചെറുകീടങ്ങളെ വിശ്വാസികള്‍ ശക്തമായി പ്രതിരോധിക്കേണ്ട കാലം അതിക്രമിക്കുകയാണ്. ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, എ.എം.ടി., കാത്തലിക് ലെയ്റ്റി അസോസിയേഷന്‍ എന്നിങ്ങനെ നിരവധി പെട്ടിക്കടകള്‍ അല്മായസംഘടനകളെന്ന പേരില്‍ ഇപ്പോള്‍ നിലവിലുണ്ട്.
സന്ന്യസ്ത-വൈദിക
ജീവിതം നയിക്കുന്നവരുടെ
വിമതപ്രതികരണങ്ങള്‍
സന്ന്യസ്തജീവിതവും വൈദികജീവിതവും നയിക്കുന്നവരുടെ പല പ്രതികരണങ്ങളും അഭിപ്രായപ്രകടനങ്ങളും പലപ്പോഴും സഭാവിഷയങ്ങളെപ്പറ്റി ഗ്രാഹ്യമില്ലാത്ത അത്മായരുടെ പ്രതികരണങ്ങളെക്കാള്‍ തരംതാണുപോകുന്നുവെന്നത് സമീപകാലത്തെ അനുഭവമാണ്. വിശ്വാസപരവും ചരിത്രപരവും സഭാപരവുമൊക്കെയായ നിരവധി വിഷയങ്ങളില്‍ ഇത്തരം എതിര്‍ചിന്തകള്‍ പ്രചരിപ്പിക്കാന്‍ സന്ന്യാസ-വൈദികജീവിതത്തിലുള്ള ചിലരെങ്കിലും മുന്നില്‍ നില്ക്കുന്നുവെന്നതാണ് സത്യം. സത്യദീപം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു രൂപതയുടെ മുഖപത്രവും അതിലെ പല എഴുത്തുകാരും എഡിറ്റോറിയല്‍ അംഗങ്ങളും ഇത്തരത്തില്‍ വിശ്വാസവിഷയങ്ങളെ വളരെ അപക്വമായി കൈകാര്യം ചെയ്യുന്നുവെന്നത് പലതവണ, പലതലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മാര്‍പാപ്പയുടെ തന്നെ പകര്‍പ്പവകാശം തനിക്കാണെന്ന മട്ടില്‍ നവമാധ്യമങ്ങളിലൂടെ എഴുതുന്നവര്‍, തങ്ങളെക്കാള്‍ വലിയ പണ്ഡിതരില്ലെന്ന മട്ടില്‍ എല്ലാത്തിനും തീര്‍പ്പുകല്പിച്ചും വിലയിട്ടും വിലയിരുത്തല്‍ നടത്തിയും പ്രതികരണങ്ങള്‍ നടത്തുന്ന ദൈവ(?)ശാസ്ത്രജ്ഞര്‍, നിലവാരമില്ലാത്ത കവിതകളും പ്രതികരണങ്ങളുമായി സാമൂഘ്യമാധ്യമങ്ങളുപയോഗിക്കുന്ന സന്ന്യാസിനീ-സന്ന്യാസികള്‍ എന്നിങ്ങനെ പല ഗണത്തിലും പെട്ട വൈദികരെയും സന്ന്യസ്തരെയും നമുക്ക് ഈ കാലഘട്ടത്തില്‍ കണ്ടുമുട്ടാനാകും. തോമാശ്ലീഹായുടെ പൈതൃകത്തെക്കുറിച്ച് സംശയം പറഞ്ഞ മുന്‍ സഭാവക്താവ് മാര്‍ത്തോമ്മാപാരമ്പര്യം കൈയ്യാളുന്ന വലിയൊരു വിശ്വാസസമൂഹത്തിന്‍റെ അഭിമാനത്തിനാണ് ക്ഷതമേല്പിച്ചത് എന്ന് ചിന്തിക്കുന്നുണ്ടാവില്ല. ഒരുദാഹരണം പറഞ്ഞുവെന്ന മാത്രം.
സമരങ്ങള്‍ – തെരുവുപ്രകടനങ്ങള്‍
അടുത്തകാലത്ത് വിശ്വാസസമൂഹത്തിന് നേതൃത്വം നല്കേണ്ടവരില്‍ നിന്ന് പുറപ്പെട്ട പ്രതികരണത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും മറ്റും ചില ശൈലികളെങ്കിലും തികച്ചും തരംതാണതാണെന്ന് പറയാതെ വയ്യ. അവരുടെ പ്രവൃത്തികള്‍ വിശ്വാസത്തെയും സഭയുടെ അധികാരത്തെയും ഘടനയെയും ചോദ്യം ചെയ്യുന്നവയും സഭാസംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രം കനത്ത ആഘാതമേല്പിച്ചവയുമായിരുന്നു. നിരത്തിലൂടെയുള്ള വൈദികരുടെ സംഘംചേര്‍ന്നുള്ള മൗനജാഥ, സഭാരേഖകളും മറ്റും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത്, സഭാധികാരികള്‍ക്കും സഭയുടെ നിലപാടുകള്‍ക്കുമെതിരേ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പട്ട് സംസാരിച്ചത്, അവഹേളനപരമായ രീതിയില്‍ നടന്ന സമരവേദികളില്‍ പ്രത്യക്ഷപ്പെട്ടത്, യാതൊരു അടിസ്ഥാനവുമില്ലാത്തതും യുക്തിസഹമല്ലാത്തതുമായ ആവശ്യങ്ങളുടെ പേരില്‍ പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചത് എന്നിങ്ങനെ സമരങ്ങളും പ്രതിഷേധപ്രകടനങ്ങളുമൊക്കെയായി സഭയുടെ തന്നെ നേതൃസ്ഥാനങ്ങളിലിരിക്കേണ്ടവര്‍ നടത്തിയ വിലകെട്ട പ്രതികരണങ്ങള്‍ കേരളസഭയില്‍ ഇന്ന് ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നുണ്ട്.
സമാപനം
വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നത് മേല്‍പ്പറഞ്ഞതരത്തില്‍ വ്യത്യസ്തമായ സങ്കേതങ്ങളിലൂടെയാണ്. ഇവയെല്ലാം വളരെ അടുത്തനാളുകളില്‍ സഭയില്‍ ദൃശ്യമായ ചില പ്രതിഭാസങ്ങളും അവയുടെ ദുസ്വാധീനങ്ങളുമാണ്. നിരീശ്വരവാദികള്‍, യുക്തിവാദികള്‍, സാത്താന്‍ ആരാധകര്‍, വര്‍ഗ്ഗീയശക്തികള്‍ എന്നിങ്ങനെ ക്രൈസ്തവവിശ്വാസത്തെ ഒളിഞ്ഞും തെളിഞ്ഞും ആരാധിക്കുന്ന നിരവധി വിഭാഗങ്ങളും മുന്നേറ്റങ്ങളും വേറെയുമുണ്ട്. ഇത്തരം കുടിലശക്തികളുടെ സ്വാധീനം മേല്‍വിവരിച്ച എല്ലാ മേഖലകളിലും വളരെ ശക്തമായിട്ടുണ്ടായിരുന്നു എന്നത് അവയെ അടുത്ത് വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാകുന്ന സത്യമാണ്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാനും വീഴ്ചകളെ വീഴ്ചകളായി ഏറ്റുപറയാനും സഭ സ്വീകരിക്കുന്ന നിലപാടുകള്‍ വളരെ പ്രശംസനീയമാണ്. എന്നാല്‍ അവയില്‍ പലതും സമൂഹം ആഗ്രഹിക്കുന്നതുപോലെയോ സമൂഹത്തിന്‍റെ ശൈലികളോട് ചേര്‍ന്നുപോകുന്നവയോ അല്ല എന്നതിനാല്‍ അവയും വിമര്‍ശിക്കപ്പെടുന്നുണ്ട്. തികച്ചും ആത്മീയമായ കാഴ്ചപ്പാടോടെ വിശകലനം ചെയ്യേണ്ടതും സഭാകൂട്ടായ്മയുടെ പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടതുമാണ് അവയെല്ലാം തന്നെ.
സഭയുടെ മക്കളും ദൈവജനവുമെന്ന നിലയില്‍ വര്‍ത്തമാനകാലസാഹചര്യങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാനും അവയിലെ ശരിതെറ്റുകളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളുകയോ തള്ളിക്കളയുകയോ ചെയ്യാനും ഓരോ ക്രൈസ്തവനും ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെയല്ലെങ്കില്‍ നാം തെറ്റിദ്ധരിക്കപ്പെട്ടവരും വ്യാജവാര്‍ത്തകളാല്‍ വഞ്ചിക്കപ്പെടുന്നവരുമായി അവശേഷിക്കും എന്ന് തീര്‍ച്ച. നൂറ്റാണ്ടുകളിലൂടെ കൈമാറിക്കിട്ടിയ ക്രൈസ്തവവിശ്വാസത്തിന്‍റെ കലര്‍പ്പില്ലാത്ത സംരക്ഷകരാകാന്‍ നമുക്ക് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം, പ്രാര്‍ത്ഥിക്കാം, പ്രയത്നിക്കാം.
നോബിള്‍ തോമസ് പാറയ്ക്കല്‍
ദർശകൻ ഡിസംബർ ലക്കം

Leave a Reply