തോമ്മാശ്ലീഹാ വന്നു; അതാണ് ചരിത്രം

തോമ്മാശ്ലീഹാ വന്നു; അതാണ് ചരിത്രം
“നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” എന്ന ഈശോയുടെ ആഹ്വാനമനുസരിച്ച് 12 ശിഷ്യന്മാര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സുവിശേഷവുമായി യാത്ര തിരിച്ചു. ശിഷ്യന്മാരിലൊരുവനായ മാര്‍തോമ്മാശ്ലീഹാ ഭാരതമണ്ണില്‍ എത്തി. ആദ്യം വടക്കേ ഇന്ത്യയില്‍ സുവിശേഷം അറിയിച്ച തോമ്മാ എ.ഡി. 52-ല്‍ കേരളത്തില്‍ ‘മാല്യങ്കര’യില്‍ കപ്പലിറങ്ങിയെന്നും ‘7’ വിശ്വാസസമൂഹങ്ങള്‍ സ്ഥാപിച്ചു എന്നും പാരമ്പര്യം പറയുന്നു. മിക്ക ചരിത്രകാരന്മാരും ഈ പാരമ്പര്യത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ എംജി.എസ് നാരായണനും ജോസഫ് ഇടമറുകും ഇതിനെ എതിര്‍ക്കുന്ന ചരിത്രകാരന്മാരില്‍പ്പെടുന്നു. അവരുടെ പ്രധാന വാദങ്ങള്‍ ഇവയാണ്:
* തോമാശ്ലീഹാ എത്തിയ കാലഘട്ടത്തില്‍ കേരളത്തില്‍ ബ്രാഹ്മണ കുടിയേറ്റം നടന്നിട്ടില്ലായിരുന്നു. 6,7 നൂറ്റാണ്ടുകളിലാണ് ബ്രാഹ്മണര്‍ കേരളത്തിലേക്ക് കുടിയേറിയത്. അപ്പോള്‍ ഒന്നാം നൂറ്റാണ്ടില്‍ തോമാശ്ലീഹാ ബ്രാഹ്മണര്‍ക്ക് മാമ്മോദീസാ നല്‍കിയെന്നു പറയുന്നത് തെറ്റാണ്.
* ഗോണ്ടഫെറസ് രാജാവിന്‍റെ രാജ്യമായ പാര്‍ത്ഥ്യയില്‍ ആണ് തോമാശ്ലീഹാ വന്നത്. ഇന്ത്യയിലല്ല, അഫ്ഗാനിസ്ഥാനിലാണ് ഈ രാജ്യം.
* കേരളത്തിലെ ക്രൈസ്തവര്‍ സിറിയയില്‍നിന്നോ മറ്റോ ആദ്യനൂറ്റാണ്ടുകളില്‍ കുടിയേറിയവരാകാം.
* പകലോമറ്റം, ശങ്കരപുരി കുടുംബങ്ങളുടെ ചരിത്രം ആദ്യനൂറ്റാണ്ടിലെ കഴിഞ്ഞാല്‍ പിന്നീട് 14-ാം നൂറ്റാണ്ടിലാണുള്ളത്.
* മൈലാപ്പൂരിലെ കബറിടത്തില്‍ നടത്തിയ ഖനനത്തില്‍ വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടില്ല.
* ആദ്യനൂറ്റാണ്ടുകളിലെ ക്രിസ്ത്യന്‍പള്ളികളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടില്ല.
എന്നാല്‍ ഈ വാദങ്ങളൊന്നും നിലനില്ക്കുന്നതല്ല. മാര്‍ തോമ്മാ പാരമ്പര്യം കൃത്യമായ ചരിത്രത്തെളിവുകളാല്‍ സുനിശ്ചിതമാണ് എന്നു മാത്രമല്ല, വിമര്‍ശനങ്ങള്‍ക്കു കൃത്യമായ മറുപടിയുമുണ്ട്.
* ഇന്ത്യയുടെ ചരിത്രരചനാശൈലി
പ്രശസ്ത ഇന്ത്യന്‍ ചരിത്രകാരി റോമില ഥാപ്പറിന്‍റെ ‘ഋായീററലറ ഒശീൃ്യെേ’ എന്ന തത്വമനുസരിച്ച് പ്രാചീന ഇന്ത്യാചരിത്രം എഴുതിയിരുന്നില്ല. കലയിലും സംസ്കാരത്തിലും സംഗീതത്തിലും സാഹിത്യത്തിലും മതത്തിലും ഇന്ത്യന്‍ ചരിത്രം ഒളിഞ്ഞുകിടക്കുന്നു. അതിനാല്‍ മാര്‍തോമ്മായുടെ ഭാരതപ്രവേശത്തെ സംബന്ധിക്കുന്ന എഴുതപ്പെട്ട തെളിവുകള്‍ അന്വേഷിക്കേണ്ടതും ഇത്തരം പാരമ്പര്യങ്ങളിലാണ്.
* തോമായുടെ നടപടികള്‍ – എഡി 200 നോടടുത്ത് രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന ഈ ഗ്രന്ഥം, തോമായുടെ അപ്പസ്തോലപ്രവര്‍ത്തനത്തെക്കുറിച്ചും അദ്ദേഹം ഗോണ്ടഫെറസിന്‍റെ രാജ്യത്തെത്തിയതിനെക്കുറിച്ചും രേഖപ്പെടുത്തുന്നു.
* ശ്ലീഹന്മാരുടെ പ്രബോധനം – എഡി 200 – 250 കാലഘട്ടത്തില്‍ സുറിയാനിയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ വ്യക്തമാക്കുന്നു.
* പന്തേനൂസിന്‍റെയും തിയോഫെലസിന്‍റെയും സ്ഥിരീകരണം – എഡി 190-ല്‍ കേരളം സന്ദര്‍ശിച്ച പന്തേനൂസും എഡി 354 -ല്‍ കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തിയാല്‍ അയയ്ക്കപ്പെട്ട തിയോഫെലസ് എന്ന മിഷണറിയും ആദ്യ നൂറ്റാണ്ടിലെ കേരളത്തിലെ ക്രൈസ്തവസാന്നിധ്യവും തോമാ പാരമ്പര്യവും സാക്ഷ്യപ്പെടുത്തുന്നു. “ഇന്ത്യയിലെ ക്രൈസ്തവസഭയില്‍ വൈദികരും തിരുക്കര്‍മ്മങ്ങളും ഉണ്ടായിരുന്നെന്നും അത് തോമായില്‍നിന്നും  ലഭിച്ചതാണെന്നും” തിയോഫെലസ് പറയുന്നു.
* ആരാധനക്രമപാരമ്പര്യം:- അന്തോക്യന്‍ സുറിയാനി സഭയുടെയും പേര്‍ഷ്യന്‍ പൗരസ്ത്യസുറിയാനി സഭയുടെയും ലത്തീന്‍സഭയുടെയും കാനോന നമസ്കാരങ്ങളും പാശ്ചാത്യസഭയുടെ ആരാധനക്രമകലണ്ടറും രക്തസാക്ഷികളുടെ ചരിത്രവുമെല്ലാം തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ അനുസ്മരിപ്പിക്കുന്നു. എഡി 883-ലെ ആഗ്ലോ – സാക്സണ്‍ ക്രോണിക്കിളില്‍ മഹാനായ ആല്‍ഫ്രഡ് രാജാവ് രണ്ട് പ്രതിനിധികളെ കാഴ്ചകളുടെ തോമാശ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലേക്ക് അയച്ചതായി പറയുന്നു.
* സഭാപിതാക്കന്മാരുടെയും പാശ്ചാത്യസഭാപണ്ഡിതരുടെയും സാക്ഷ്യം -മാര്‍ അപ്രേം, വി.ഗ്രിഗറി നസ്സിയാന്‍, വി. അംബ്രോസ്, വി.ജറോം തുടങ്ങിയ സഭാപിതാക്കന്മാരും ഡോ. മിംഗാന, വിന്‍സെന്‍റ് സ്മിത്ത്, നത്താലിസ് അലക്സാണ്ടര്‍, എഡ്ഗാര്‍ തേഴ്സ്റ്റണ്‍, കേണല്‍ യൂള്‍ എന്നീ ചരിത്രപണ്ഡിതന്മാരും മാര്‍ത്തോമ്മായുടെ ഭാരതസന്ദര്‍ശനത്തെയും രക്തസാക്ഷിത്വത്തെയും പ്രതിപാദിക്കുന്നു.
* സുറിയാനി കത്തോലിക്കാ പാരമ്പര്യങ്ങള്‍
തോമാശ്ലീഹായുടെ ആഗമനവും പ്രേഷിതപ്രവര്‍ത്തനവും ഏഴരപ്പള്ളികളുടെ സ്ഥാപനവും സംബന്ധിച്ചും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വവും കബറടക്കത്തിന്‍റെ വിവരണവുമൊക്കെ നാടന്‍പാട്ടുകളുടെയും അനുഷ്ഠാനകലകളുടെയും പ്രതിപാദ്യമായി പ്രാചീനകാലം മുതല്‍ നിലനില്‍ക്കുന്നു. മാര്‍ഗ്ഗം കളിപ്പാട്ട്, വീരടിയാന്‍പാട്ട്, റമ്പാന്‍പാട്ട് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവ തലമുറ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നു. അക്രൈസ്തവരുടെ ഇടയില്‍പോലും തോമായുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നു. പാലയൂര്‍പ്രദേശത്തെ അക്രൈസ്തവരുടെ ഇടയില്‍പോലും നിലനില്‍ക്കുന്ന ചരിത്രസത്യമാണ് തോമാശ്ലീഹാ ബ്രാഹ്മണര്‍ക്ക് മാമ്മോദീസാ നല്‍കിയതും, ജലം അന്തരീക്ഷത്തില്‍ നിര്‍ത്തിയതും. ഇവയില്‍ പ്രതിഷേധിച്ച് ശ്ലീഹായെ ശപിച്ച് പോയവര്‍ ഇവ പനയോലകളില്‍ എഴുതിസൂക്ഷിക്കുന്നുമുണ്ട്. ‘ചാവക്കാട്’ എന്ന പേരുപോലും ഈ ശാപവുമായി ബന്ധപ്പെട്ടവയാണ്.
* തോമാശ്ലീഹായുടെ കബറിടം – മൈലാപ്പൂരില്‍വച്ചു രക്തസാക്ഷിയായി മരിച്ചെന്നും അവിടെത്തന്നെ സംസ്കരിക്കപ്പെട്ടെന്നും ആണ് പാരമ്പര്യം. തോമാശ്ലീഹായുടെ മരണശേഷം അവിടം തീര്‍ത്ഥാടനകേന്ദ്രമായി മാറുകയും ചെയ്തു. പാരമ്പര്യവിശ്വാസവും ഭാരതത്തിലോ വിദേശത്തെവിടെയെങ്കിലുമോ ശ്ലീഹായുടെ കബറിടമുള്ളതായി ആരും അവകാശപ്പെടാത്തതും മൈലാപ്പൂരിലെ കബറിടത്തിന്‍റെ വാസ്തവികതയ്ക്ക് ഉറപ്പ് നല്‍കുന്നു.
* മുസിരീസ്സ് പട്ടണവും യഹൂദസാന്നിധ്യവും – ബിസി പത്താം നൂറ്റാണ്ടു മുതല്‍ യഹൂദര്‍ക്ക് ദക്ഷിണേന്ത്യയുമായി വ്യാപാരബന്ധമുണ്ടായിരുന്നു. യഹൂദരുടെ വ്യാപാരഭാഷ അറമായയായിരുന്നു. ദക്ഷിണേന്ത്യയിലും അറമായ ഒരു വ്യവഹാരഭാഷയായിരുന്നു. മുസിരീസ്സിലെ യഹൂദസാന്നിധ്യവും ലോകപ്രശസ്തമായ തുറമുഖവും വ്യാപാരകേന്ദ്രങ്ങളും തോമാശ്ലീഹായെ ഇവിടെയെത്താന്‍ പ്രേരിപ്പിച്ചിരിക്കാം.
* മാര്‍പാപ്പമാരുമായുള്ള ബന്ധം – പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനുമുമ്പും മാര്‍പാപ്പാമാരുമായുള്ള ബന്ധം ഊഷ്മളമായിരുന്നു. 325-ലെ നിഖ്യാകൗണ്‍സിലില്‍ ഇന്ത്യയില്‍നിന്നും പ്രതിനിധി പങ്കെടുത്തത് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയിലെയും കേരളത്തിലെയും സുറിയാനി ക്രിസ്ത്യാനികളുടെ മാര്‍തോമ്മാ പാരമ്പര്യം ഒരു വിശ്വാസമെന്നപോലെ ഒരു ചരിത്രസത്യവുമാണ്. നൂറ്റാണ്ടുകളായി ഒരു സമൂഹത്തിന്‍റെ വിശ്വാസവും പ്രാര്‍ത്ഥനയും സാഹിത്യവും കലയും ദൈനംദിനജീവിതവും ഈ ചരിത്രസത്യത്തെ പൊതിഞ്ഞു വികസിച്ചതാണ്. ഇക്കാലമത്രയും ഉയരാത്ത നിരാസങ്ങള്‍ അതിനെതിരെ ഇക്കാലത്തുയരുമ്പോള്‍ ആ വാദങ്ങളുടെ പശ്ചാത്തലവും ആത്മാര്‍ത്ഥതയും മാത്രമാണ് സംശയിക്കപ്പെടേണ്ടത്.
ബ്രദർ  അജോ തുണ്ടത്തിൽ
 ബ്രദർ ജസ്റ്റിന്‍  മണിമല
ദർശകൻ ഡിസംബർ ലക്കം

Leave a Reply