വിമത ചിന്ത തലയ്ക്കുപിടിക്കുമ്പോള്‍……

വിമത ചിന്ത തലയ്ക്കുപിടിക്കുമ്പോള്‍……
ചിലര്‍ അങ്ങനെയാണ്…….. എന്തിലും ഏതിലും കുറ്റം കണ്ടുപിടിക്കും,  താന്‍ ആയിരിക്കുന്ന സ്ഥാപനത്തില്‍ മാറ്റം ആവശ്യമാണെന്ന പേരില്‍ ആ സംവിധാനത്തെയും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന അധികാരികളെയും,  അംഗങ്ങളെയുമൊക്കെ യുക്തിരഹിതമായി വിമര്‍ശിക്കും. ഇനിയിപ്പോള്‍ അത് നടക്കാതെ വന്നാല്‍ ആ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാനനയങ്ങള്‍വരെ ചോദ്യം ചെയ്യും. ക്രമേണ ആ പ്രസ്ഥാനത്തെ പിളര്‍ത്തുക എന്നതാണ് ഇവരുടെ ആത്യന്തികമായ ലക്ഷ്യം.
ഇത്തരത്തിലുള്ള കുറച്ച് ആളുകള്‍ ഇന്ന് കത്തോലിക്കാസഭയിലുണ്ട്. ഏതെങ്കിലുമൊരു ഒരു പ്രത്യേക വിഷയത്തിന് അര്‍ഹിക്കുന്നതിലധികം പ്രാധാന്യം ലഭിക്കുന്നതില്‍ വിമതചിന്ത വച്ചുപുലര്‍ത്തുന്നവരുടെ പങ്ക് നിസ്സാരമല്ല. തിരുസഭയോട് ഇവര്‍ ചെയ്യുന്നത് കടുത്ത അപരാധമാണെങ്കില്‍ മാധ്യമങ്ങള്‍ക്ക് ഇവര്‍ ചെയ്യുന്നത് വലിയ ഉപകാരമാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ ഇവരെ അവതരിപ്പിക്കുക  നിരാലംബരുടെയും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ഇടയന്മാരായിട്ടും, നവോത്ഥാനമുന്നേറ്റത്തിന്‍റെ അഭിനവ വക്താക്കളായിട്ടുമായിരിക്കും. ഇത്തരത്തിലുള്ള ഒരു പ്രതിശ്ചായ ഇവര്‍ക്ക് ലഭിക്കുന്നതുകൊണ്ടു തന്നെ പലരും ഇക്കൂട്ടരെ വിശ്വസിച്ച് അവരുടെ അതേ പാത തന്നെ പിന്തുടരുന്ന കാഴ്ച്ച ഒരു ആനുകാലിക യാഥാര്‍ത്ഥ്യമാണ്. അക്കാരണത്താല്‍തന്നെ വിവിധ തരത്തിലുള്ള വിമത ചിന്തകരെയും, അവരുടെ പൊതുവായ സ്വഭാവഗുണങ്ങളെയുംപറ്റി നാം മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. (സഭയുടെ ഏതെങ്കിലും നിലപാടുകളോടോ, പ്രവര്‍ത്തനങ്ങളോടോ ‘മാന്യമായ രീതിയില്‍’ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെയല്ല, ഇവിടെ വിമതര്‍ എന്ന് ഉദ്ദേശിക്കുന്നതെന്ന് പ്രത്യേകം സൂചിപ്പിക്കുന്നു.)
ഒട്ടു മിക്ക സാഹചര്യങ്ങളിലും ഒരു വിമതന്‍ ജനിക്കുന്നത് ഒരു ഇടവക പള്ളിയില്‍നിന്ന് തന്നെയായിരിക്കും. സ്വന്തം താത്പര്യങ്ങള്‍ ഇടവക കൂട്ടായ്മയോ, വികാരിയച്ചനോ അനുവദിക്കാത്തപ്പോഴോ, അഭിപ്രായങ്ങള്‍ ഇകഴ്ത്തപ്പെടുമ്പോഴോ എതിര്‍ചിന്തയുണ്ടാവുകയും, ക്രമേണ അതു വളര്‍ന്ന് വ്യക്തമായ വിമത ചിന്തയിലേക്ക് വളരുകയും ചെയ്യാം.
ചില ആളുകള്‍ക്ക് ആത്മീയതയേക്കാള്‍ കൂടുതല്‍ താല്‍പര്യം അധികാരത്തോടാണ്. സഭയിലെ വിവിധ സംഘടനകളിലേക്കോ, സമിതികളിലേക്കോ തങ്ങള്‍ പ്രതീക്ഷിച്ച സ്ഥാനങ്ങളിലേക്ക് എത്താന്‍ കഴിയാതെ വന്നാല്‍ പിന്നെ, ഇത്തരക്കാര്‍ സഭയ്ക്കും, വൈദികര്‍ക്കുമെതിരെ മുറുമുറുപ്പ് തുടങ്ങും. ഈ വിധത്തിലുള്ള ആളുകളെ നമ്മുടെയൊക്കെ ചുറ്റുപാടുകളില്‍ ധാരാളം കാണാന്‍ സാധിക്കും.
മറ്റ് ചില വ്യക്തികള്‍, ആളുകളിക്കാനും, മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും അഹോരാത്രം പരിശ്രമിക്കുന്നവരാണ്. കത്തോലിക്കാസഭയെ തെറി പറയുന്നതിനേക്കാള്‍ മാധ്യമശ്രദ്ധ കിട്ടാന്‍ പോന്ന വിഷയം വേറേ കിട്ടില്ലെന്ന് ഇവര്‍ക്ക് നന്നായി അറിയാം. നാലാളുകളുടെ മുന്നില്‍ നിഗളിക്കാന്‍ എന്ത് വൃത്തികേട് പറയാനും, കാണിക്കാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. അതിനായി ഇവര്‍, സഭയ്ക്കെതിരെ ജാഥകള്‍ വിളിച്ചു കൂട്ടുകയും, അഭിവന്ദ്യ പിതാക്കന്മാരുടെ വരെ കോലം കത്തിക്കുകയും, ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് സഭയെ താറടിക്കുകയും ചെയ്യും.
വിമത ചേരിയില്‍ നിന്നുകൊണ്ട് തിരുസഭയെ തെരുവില്‍ നഗ്നരാക്കുന്നവരുടെ കൂട്ടത്തില്‍ ചില വൈദികരും, കന്യാസ്ത്രീകളുമുണ്ട്. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ വ്യത്യസ്തരും, ക്യത്യമായ വീക്ഷണങ്ങളും കാഴ്ച്ചപാടുകളും ഉള്ളവരാണെന്ന് കാണിക്കാനുള്ള ത്വരയാണ് ചിലരെ ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ മറ്റു ചിലരാകട്ടെ, ഒരു വൈദികനാകുക കന്യാസ്ത്രീയാകുക എന്നതുകൊണ്ട് തങ്ങള്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ (മാനുഷിക ലക്ഷ്യങ്ങള്‍) നടക്കാതെ വരുമ്പോഴാണ് സഭയ്ക്കെതിരെ തിരിയുന്നത്. കേരള കത്തോലിക്കാസഭയില്‍ പ്രത്യേകിച്ച് സീറോ മലബാര്‍സഭയില്‍ നിലനിന്നിരുന്ന പൊതുവായ അച്ചടക്കത്തിന് ചെറിയ രീതിയിലെങ്കിലും കോട്ടം സംഭവിച്ചതില്‍, ദൈവജനത്തെ ക്രിസ്തുവിലേക്കും, സഭയിലേക്കും കൂടുതല്‍ അടുപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന തിരുവസ്ത്രം ധരിച്ചവരുടെ ദുര്‍മാതൃകകള്‍ കാരണമായിട്ടുണ്ടെന്ന് ഏറെ വിഷമത്തോടെയാണെങ്കിലും പറയാതിരിക്കാന്‍ കഴിയില്ല.
സഭയില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുക തന്നെ വേണം. തെറ്റുകള്‍ തിരുത്തി വര്‍ദ്ധിച്ച തീക്ഷ്ണതയോടെ മുന്നോട്ടുപോകാന്‍ അത് ആവശ്യമാണ്. സഭയ്ക്ക് പൊതുവിലും, സഭാ നേതൃത്വത്തിനും സംഭവിക്കുന്ന വീഴ്ച്ചകള്‍ ചര്‍ച്ച ചെയ്യാനും, പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും സഭയ്ക്ക് വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രക്രിയ നിര്‍വഹിക്കപ്പെടേണ്ടത് സഭാസംവിധാനങ്ങളുമായി ബന്ധപ്പെട്ടായിരിക്കണം. ഇതിന്‍റെ അര്‍ഥം, രാജ്യത്തെ ഭരണഘടനാനുസൃതമായ നിയമസംവിധാനങ്ങള്‍ക്ക് വിധേയമാകരുത് എന്നല്ല. ഏതെങ്കിലും പ്രശ്നങ്ങളില്‍ രാജ്യത്തിന്‍റെ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ പോലീസിന്‍റെയും കോടതികളുടെയും പരിഗണനയിലേക്ക് അത് എത്തുകതന്നെ വേണം.
ഇത്തരത്തിലുള്ള വസ്തുതകളെല്ലാം മനസ്സിലായിട്ടും, തിരുസഭയ്ക്കെതിരെ വാര്‍ത്താചാനലുകളിലും, സോഷ്യല്‍ മീഡിയയിലും മറ്റും പിത്തലാട്ടം നടത്തുന്നവര്‍ നിക്ഷിപ്ത താത്പര്യക്കാര്‍ തന്നെയാണ്. ക്രൈസ്തവനാമവും പേറിക്കൊണ്ട് തിരുസഭയെ അവഹേളിക്കുന്നവര്‍ ചില കാര്യങ്ങള്‍ എപ്പോഴും ഓര്‍ക്കണം. നിങ്ങള്‍ ഇന്ന് മാധ്യമങ്ങളുടെ കണ്ണില്‍ വലിയ താരങ്ങളായിരിക്കണം. നിങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലിരുന്ന് അയഥാര്‍ത്ഥമായ കാര്യങ്ങള്‍ പറയുമ്പോള്‍ പോലും അവര്‍ നിങ്ങള്‍ പറയുന്നത് ന്യായമാണെന്ന മട്ടില്‍ സംസാരിച്ചേക്കാം. പക്ഷേ ഒന്നോര്‍ത്തുകൊള്ളൂ, നിങ്ങളുടെ വാക്ചാതുര്യമോ, പാണ്ഡിത്യമോ കണ്ടിട്ടല്ല അവര്‍ നിങ്ങളെ അവരോധിച്ചുകൊണ്ട് നടക്കുന്നത്. മറിച്ച് നിങ്ങള്‍ കത്തോലിക്കാസഭയ്ക്ക് എതിരാണ് എന്ന ഒറ്റക്കാരണം മാത്രം പരിഗണിച്ചു കൊണ്ടാണ് അവര്‍ നിങ്ങളുടെകൂടെ കൂടിയിരിക്കുന്നത്. സഭയോട് എന്തെങ്കിലും കാര്യങ്ങളില്‍ വിയോജിപ്പുകളുണ്ടെങ്കില്‍ അത് പറയേണ്ട വേദിയില്‍ അവതരിപ്പിക്കണം. അതാണ് അന്തസ്സ്. അല്ല……..ആരോടാ ഈ പറയുന്നത്??
പല മേഖലകളിലും നാം ആത്മശോധന ചെയ്തേ മതിയാകൂ. ചിലരെങ്കിലും വിമത സ്വഭാവത്തിലേക്ക് പരിവര്‍ത്തനപ്പെട്ടതില്‍ അറിഞ്ഞോ അറിയാതെയോ സഭാ നേതൃത്വത്തിനും പങ്കുണ്ട്. നമ്മുടെയൊക്കെ സമീപനങ്ങളില്‍ കുറച്ചുകൂടി ക്ഷമയും, സൗമനസ്യവുമുണ്ടായിരുന്നുവെങ്കില്‍ ചിലരെങ്കിലും മറുപാളയത്തില്‍ പോകാതിരുന്നേനേ. അത്മായരും വൈദികരും സഭ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യണം. നമ്മില്‍ ആരാണ് വലിയവന്‍ എന്നതിനേക്കാള്‍ നമുക്ക് എങ്ങനെ മുറിവുകള്‍ ഉണക്കാനും വിശ്വാസം പരിപോഷിപ്പിക്കാനും കഴിയും, എന്നതായിരിക്കണം നമ്മുടെ പരിഗണനാ വിഷയങ്ങള്‍.
തമ്മില്‍ തല്ലിച്ച് ഐക്യം നശിപ്പിക്കുക എന്നത് പിശാചിന്‍റെ തന്ത്രമാണ്. കാരണം തമ്മില്‍ തല്ലുമ്പോള്‍ അടിവേരിളക്കാന്‍ എളുപ്പമാണ്. അസ്വാരസ്യങ്ങളുടെയും, പാരവെപ്പുകളുടെയും ഈ കാലഘട്ടത്തില്‍ തിരുസഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഒത്തൊരുമയോടെ വര്‍ത്തിക്കുവാനും മറ്റുള്ളവരുടെ മുന്നില്‍ വെട്ടിത്തിളങ്ങുവാനും ലോകത്തിന്‍റെ പ്രകാശമായ മിശിഹായോട് നമുക്ക് പ്രാര്‍ത്ഥിക്കാം.
മാത്യൂസ് തെനിയപ്ലാക്കല്‍
ദർശകൻ ഡിസംബർ ലക്കം

Leave a Reply