പ്രതിസന്ധികളിലെ   വിശ്വാസമാണ് വിശ്വാസം 

പ്രതിസന്ധികളിലെ   വിശ്വാസമാണ് വിശ്വാസം
‘ദൈവം നിനക്ക് ഒരുപാട് സഹനങ്ങള്‍ നല്‍കുന്നെങ്കില്‍, അത് നിന്നെക്കുറിച്ചുള്ള മഹത്തായ ചില പദ്ധതികള്‍ അവിടുത്തേക്കുണ്ട് എന്നതിന്‍റെ അടയാളങ്ങളാണ്. അതിന്‍റെയര്‍ത്ഥം, നിന്നെ ഒരു വിശുദ്ധനോ വിശുദ്ധയോ ആക്കിത്തീര്‍ക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു.’ വി. ഇഗ്നേഷ്യസ് ലയോള.ക്രൈസ്തവന്‍റെ വിശ്വാസജീവിതത്തില്‍ ആഴമായ അര്‍ത്ഥങ്ങളുള്ള ഒരു ആത്മീയയാഥാര്‍ത്ഥ്യമാണ് സഹനം. ആ സഹനങ്ങള്‍ക്ക് ക്രിസ്തുവിന്‍റെ കുരിശുമരണത്തിനോട് ചേര്‍ന്ന മൂല്യമുണ്ട്. അവന്‍റെ ജീവിതത്തിലെ വേദനകള്‍ക്കും തകര്‍ച്ചകള്‍ക്കും അനന്തമായ ആത്മീയ അര്‍ത്ഥങ്ങളുണ്ട്. ഹൃദയത്തെ മുറിപ്പെടുത്താന്‍ ഇടയുള്ളതും, അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നതും തുടങ്ങി, ശാരീരികവും, മാനസികവും, വ്യക്തിപരവും, കുടുംബപരവുമായ സഹനങ്ങള്‍ ഒരുവന്‍ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. നാമോരോരുത്തരുടെയും വിശുദ്ധീകരണം ദൈവം ആഗ്രഹിക്കുന്നു എന്നുള്ളതിന്‍റെ പ്രകടമായ ലക്ഷണങ്ങളാണ് വേദനയുടെയും തകര്‍ച്ചയുടെയും സഹനത്തിന്‍റെയും നിമിഷങ്ങള്‍. ആത്മവിശുദ്ധീകരണത്തിന് ദൈവം നിശ്ചയിച്ചിരിക്കുന്ന പ്രധാന മാര്‍ഗ്ഗമാണ് ജീവിതവീഥികളില്‍ നാം അഭിമുഖീകരിക്കേണ്ടതായുള്ള ഇത്തരം അനുഭവങ്ങള്‍ എന്നുള്ളതിന് തിരുവചനം സാക്ഷ്യം നല്‍കുന്നു. എന്തെന്നാല്‍, സ്വര്‍ണ്ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു. സഹനത്തിന്‍റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും’چ പ്രഭാഷകന്‍ 2:5
സഹനം ക്രൈസ്തവന്‍റെ വ്യക്തിജീവിതത്തില്‍
പ്രത്യക്ഷത്തില്‍ നല്ലതല്ല എന്ന് മാനുഷികമായി തോന്നിയേക്കാവുന്ന വേദനയുടെ അനുഭവങ്ങളുടെ ദൈവശാസ്ത്രം ക്രൈസ്തവ ആദ്ധ്യാത്മികതയുടെ അടിത്തറ തന്നെയാണെന്ന് അനേകം വിശുദ്ധാത്മാക്കള്‍ തങ്ങളുടെ ജീവിതത്തിലൂടെയും പ്രബോധനത്തിലൂടെയും സാക്ഷ്യപ്പെടുത്തുന്നു. څകുരിശിനെ തീര്‍ച്ചയായും നിങ്ങള്‍ സ്വീകരിക്കണം. ധൈര്യപൂര്‍വ്വം നിങ്ങള്‍ അത് വഹിച്ചാല്‍, അത് നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കും. വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ വാക്കുകളാണ് ഇവ.
ക്രിസ്തുവിന്‍റെ കുരിശുമരണത്തില്‍നിന്നാണ് ക്രൈസ്തവസഹനത്തിന്‍റെ തത്വശാസ്ത്രങ്ങള്‍ ആരംഭിക്കുന്നത്. ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും മനുഷ്യനേത്രങ്ങളിലൂടെയുള്ള വിശകലനം ഇന്ന് ആത്മീയമായി നാം ധ്യാനിക്കുന്നതില്‍നിന്ന് വ്യത്യസ്ഥമാണ്. ഏറെ നാളുകള്‍ കൊണ്ട് ശത്രുക്കള്‍ തയ്യാറാക്കിയ പദ്ധതിപ്രകാരം, ക്രിസ്തു പിടിക്കപ്പെടുകയും, തുടര്‍ന്ന് ഏറ്റവും ദയനീയമാംവിധം അപമാനിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും, ക്രൂരമായി വധിക്കപ്പെടുകയും ചെയ്തു എന്നാവണം സാമാന്യജനത അന്ന് ചിന്തിച്ചിട്ടുണ്ടാവുക. ക്രിസ്തുവിന്‍റെ മുഖദാവില്‍നിന്ന് ആത്മീയവചസ്സുകള്‍ ശ്രവിക്കുകയോ ഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ ക്രിസ്തു എന്ന പ്രതിഭാശാലിയായ മനുഷ്യന്‍റെچകാലം അവസാനിച്ചു എന്നാവണം കരുതിയത്. മനുഷ്യനേത്രങ്ങള്‍ കൊണ്ട് കാണുന്നതും, മനുഷ്യമനസുകൊണ്ട് ഗ്രഹിക്കുന്നതുമായ ഭൗതിക യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം ദൈവിക പദ്ധതികളുടേതായ മറ്റൊരു തലമുണ്ട് എന്ന വാസ്തവം ഉള്‍ക്കൊള്ളുക എളുപ്പമല്ല. കുരിശുമരണം ഒരവസാനമായിരുന്നില്ല, ആരംഭമായിരുന്നു എന്ന് ചരിത്രം തെളിയിച്ചു. ആ വാസ്തവത്തെ ക്രിസ്തുവിന്‍റെ ശിഷ്യര്‍ക്ക് പോലും ഉള്‍ക്കൊള്ളാന്‍ എളുപ്പമായിരുന്നില്ല എന്ന് നാം കാണുന്നു. എമ്മാവൂസിലേക്ക് പോയ ശിഷ്യര്‍ക്കുണ്ടായ ദൈവാനുഭവം നാം വചനത്തില്‍ വായിക്കുന്നുണ്ട്. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട (ലൂക്കാ 24:21) അവര്‍ക്ക് പ്രത്യാശ പകര്‍ന്നത് ക്രിസ്തുവിന്‍റെ സജീവ സാന്നിദ്ധ്യവും, ദിവ്യവചസ്സുകളുമാണ്.
ഒരു വശത്ത് വേദനയും കണ്ണീരും ഒഴുകിയിറങ്ങിയ, മനുഷ്യപുത്രന്‍ തറയ്ക്കപ്പെട്ട കുരിശുമരത്തിന്‍റെ മറുവശം പ്രഭാപൂരിതമായിരുന്നു എന്നതിരിച്ചറിവിലാണ് ക്രിസ്തീയ സഹനത്തിന്‍റെ ആത്മീയ അന്തസത്ത ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. സഹനത്തിനും, തകര്‍ച്ചകള്‍ക്കും, മാനുഷികമായ അന്ത്യങ്ങള്‍ക്കും പോലും ഒരു മറുവശമുണ്ട്. ക്രൈസ്തവന്‍റെ മഹത്വീകരണത്തിന് പിന്നിലെ രഹസ്യവും ഇത് തന്നെയാണ്.
കുരിശ് അഥവാ, വേദനകളും സഹനങ്ങളും ക്രൈസ്തവജീവിതത്തിലെ ഒരു നിത്യയാഥാര്‍ത്ഥ്യമാണ്. ശാരീരികവും മാനസികവുമായ സഹനങ്ങളെയും, അവ വച്ചുനീട്ടുന്ന ജീവിതസാഹചര്യങ്ങളെയും, സാമൂഹികയാഥാര്‍ത്ഥ്യങ്ങളെയും ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയാണ് ക്രെെസ്തവന്‍റെ ആദ്ധ്യാത്മിക ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്. അതേസമയം, ആത്മീയമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍, സഹനത്തിനും തകര്‍ച്ചകള്‍ക്കും വിശ്വാസജീവിതത്തില്‍ ഫലം പുറപ്പെടുവിക്കാന്‍ കഴിയുകയില്ല. എന്തിനേയും ആത്മീയമായി ദര്‍ശിക്കുന്നെങ്കില്‍, അവയുടെ മൂല്യം അനന്തമായ സത്ഫലങ്ങളിലേക്ക് നമ്മെ നയിക്കാന്‍ പര്യാപ്തമാണ്.
ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പിന്നിലെ ആത്മീയ സത്യങ്ങള്‍
അവഹേളനങ്ങളും ആശയക്കുഴപ്പങ്ങളുമുളവാക്കുന്ന ജീവിതസാഹചര്യങ്ങളും പോലും ആത്മീയജീവിതത്തെ പരിപോഷിപ്പിക്കുന്ന കുരിശുകളായി മാറേണ്ടതുണ്ട്. കാരണം, ഭൗതികമായ തകര്‍ച്ചകളുടെയും വേദനകളുടെയും പാരമ്യമാണ് കുരിശ്. കാല്‍വരിയിലെ കുരിശിലേക്ക് നോക്കിയവരില്‍ ആര്‍ക്കും തന്നെ അന്ന് അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്രിസ്തുവിനെ പ്രതിയുണ്ടായിരുന്ന തങ്ങളുടെ കണക്കുകൂട്ടലുകളും പ്രതീക്ഷകളും തകര്‍ന്നടിഞ്ഞു എന്ന് വിലപിച്ചവര്‍ ഏറെയുണ്ടായിരുന്നു. മാനുഷികനേത്രങ്ങള്‍കൊണ്ട് നാം കണ്ടറിഞ്ഞ്, മനസ്സില്‍ നിര്‍മ്മിക്കുന്ന ബിംബങ്ങളെല്ലാം പൊളിഞ്ഞുവീഴുന്നിടത്തുനിന്നേ ആത്മീയമായവ പണിതുയര്‍ത്തപ്പെടുകയുള്ളൂ. മരണത്തിനുശേഷമാണ് ഉത്ഥാനം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. പുനരുത്ഥാനവും ജീവനുമായ ക്രിസ്തുവിലും, പുനരുത്ഥാനം എന്ന ആത്മീയ യാഥാര്‍ത്ഥ്യത്തിലുമാണ് ക്രൈസ്തവന്‍റെ പ്രത്യാശ.
സമീപകാലങ്ങളില്‍ ചില ആശയക്കുഴപ്പങ്ങളിലൂടെ വിശ്വാസിസമൂഹം കടന്നുപോകുന്നു. ക്രിസ്തുവിന്‍റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും ഇടയിലുള്ള ഏതാനും മണിക്കൂറുകളുടെ തനിയാവര്‍ത്തനങ്ങളായി നമുക്ക് അതിനെ കാണാന്‍ കഴിയും. പ്രത്യാശ കൈവിട്ടുപോകുന്ന ഏതാനും മണിക്കൂറുകള്‍… ഒരിക്കലും അവസാനിക്കാത്ത സ്വര്‍ഗ്ഗീയ സാമ്രാജ്യത്തിന്‍റെ അധിപനായ യേശുക്രിസ്തുവിലുള്ള നിരുപാധികമായ ആശ്രയത്വത്തില്‍നിന്ന് നാം പിന്നോക്കം പോകേണ്ടതുണ്ടോ, എന്നത് മാത്രമാണ് ചോദ്യം. ആത്മീയ വളര്‍ച്ചയ്ക്ക് ഭൗതികമായ തകര്‍ച്ചകള്‍ അനിവാര്യമാണെന്ന സത്യം ഏതൊക്കെയോ ഘട്ടങ്ങളില്‍ നാം വിസ്മരിക്കുന്നു. വ്യക്തിജീവിതത്തില്‍ മാത്രമല്ല, വിശ്വാസി സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും വളമാകേണ്ടത് സഹനങ്ങളും, വേദനകളും തന്നെയാണ്. എന്നാല്‍, അപ്രതീക്ഷിതമായതും അസാധാരണമായതും കണ്മുന്നില്‍ സംഭവിക്കുമ്പോള്‍ നാം ഭഗ്നാശരായേക്കാം. അത്തരം ചിന്തകളും അനാവശ്യമാണെന്ന ബോധ്യമാണ് തിരുവചനം നമുക്ക് നല്‍കുന്നത്. څപ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്ന പോലെ പരിഭ്രമിക്കരുത്. 1 പത്രോസ് 4:12. വചനം തുടര്‍ന്ന് പറയുന്നു, ‘ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡ സഹിക്കുന്നതെങ്കില്‍, അവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചു കൊണ്ട് അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.’ 1 പത്രോസ് 4:16.
വിനോദ് നെല്ലയ്ക്കൽ
ദർശകൻ ഡിസംബർ ലക്കം

Leave a Reply