കടമെടുത്ത് മുടിയുന്ന കേരളം

പേര്: മുരളീധരന്‍
വയസ്സ്: 52
സ്ഥലം: പാലക്കാട്
തൊഴില്‍: നെല്‍ കര്‍ഷകന്‍
ചെയ്ത കുറ്റം: അധ്വാനിച്ച് കൃഷി ചെയ്ത് ജീവിക്കാന്‍ കാണിച്ച ധീരത.
കൊടുക്കേണ്ടിവന്ന വില: 2022 നവംബര്‍ മാസം 22-ാം തീയതി സ്വന്തം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു.
കടം വാങ്ങിയും കൊള്ളപ്പലിശക്ക് വായ്പ എടുത്തും സ്വന്തം കൃഷിയിടത്തിലും, പാട്ടത്തിന് എടുത്ത ഭൂമിയിലും ചോര നീരാക്കി പണിയെടുത്ത്, വന്യജീവി ശല്യത്തോടു പൊരുതിയും, നെല്ലിനെ ബാധിക്കുന്ന രോഗങ്ങളില്‍ നിന്ന് സംരക്ഷിച്ചും, അടിക്കടി കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളില്‍ ഒരു മണിപോലും നഷ്ടപ്പെടാതെ കാവലിരുന്നും വിളയിച്ചെടുത്ത നെല്ല് കൊയ്യാന്‍ പണമില്ലാതെയും, കൊയ്ത്തു കഴിഞ്ഞാല്‍ സപ്ലൈകോ വഴി ശരിയായ സംഭരണം നടക്കാത്തതുമൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെയും ഭയന്ന് ജീവനൊടുക്കുന്നവരും നാടുവിട്ടു ഓടുന്നവരും പാലക്കാടിന്‍റെ മണ്ണില്‍ അടുത്തിടെയായുള്ള നിത്യസംഭവമാണ്.
ഇവരുടെ സംരക്ഷണത്തിനും, ക്ഷേമത്തിനും വേണ്ടിയുള്ള പദ്ധതികളെപ്പറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പുകളിലും അന്വേഷിക്കുമ്പോള്‍ കിട്ടുന്ന മറുപടി ഫണ്ടില്ല എന്നതാണ്. കര്‍ഷകര്‍ക്കായി നീക്കി വെച്ചിരിക്കുന്ന ഗ്രാന്‍ഡ്കളുടെയും സബ്സിഡികളുടെയും തുക എവിടെയാണ്.?
അത്യാഢേംബര ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍, പോലീസ് അകമ്പടിയോടെ, ട്രാഫിക് ലൈറ്റുകളെ ജാമാക്കി 120 കിലോമീറ്റര്‍ സ്പീഡില്‍ പായുന്ന നമ്മുടെ രാഷ്ട്രീയ ഭരണ നേതൃത്വത്തിന് ഈ പാവപ്പെട്ട കര്‍ഷകന്‍റെ കണ്ണീരിന്‍റെയും, ചോരയുടെയും കറ എങ്ങനെ കഴുകി കളയാനാവും.?
ജീവിത നിലവാര സൂചികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനമാണ് നമ്മുടെ കേരളത്തിന്. രാജ്യത്തെ ഒമ്പതാമത്തെ വലിയ സമ്പത്ത് വ്യവസ്ഥ. രാജ്യത്തിന്‍റെ ആഭ്യന്തര വളര്‍ച്ച നിരക്കിലേക്ക് 4 % ശതമാനം സംഭാവന ചെയ്യുന്ന സംസ്ഥാനം. രാജ്യത്തിന്‍റെ വിസ്തൃതിയുടെ 1.4% മാത്രം വരുന്ന കേരളം രാജ്യത്തെ ആകെ ജനസംഖ്യയുടെ 2.8% ഉള്‍ക്കൊള്ളുന്നു. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന വിശേഷണം പേറുന്ന കേരളത്തിന്‍റെ ദേശീയ നിലവാരത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ ഞരമ്പുകളില്‍ ചോര തിളയ്ക്കാന്‍ വരട്ടെ, ഇനിയുമുണ്ട് കുറെ  കഥകള്‍….കടംകഥകള്‍
2018 ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഇറങ്ങിയപ്പോള്‍ കേരളത്തിന്‍റെ പൊതുകടം 78673.24 കോടി. 2016-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറിയപ്പോള്‍ കടം 157370 കോടി. അഞ്ചുവര്‍ഷംകൊണ്ട് 49% വര്‍ദ്ധന. 2021ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ഭരണം അവസാനിച്ചപ്പോള്‍ കടക്കെണി 327647 കോടിയിലെത്തി, അതായത് 100% വര്‍ദ്ധനവ്. ആളോഹരി അനുപാതത്തില്‍ പരിശോധിക്കുമ്പോള്‍ ജനിച്ചു വീഴുന്ന ഒരു കുട്ടിയുടെ ഉള്‍പ്പെടെ കടം ഒരു ലക്ഷത്തിനടുത്ത്.
സംസ്ഥാന വരുമാനത്തിന്‍റെ 64% സേവനനികുതി ഇനത്തിലും, 24% വ്യവസായ വാണിജ്യരംഗത്തുനിന്നും, ബാക്കി 12% കാര്‍ഷിക മേഖലയില്‍ നിന്നുമാണ് ലഭിക്കുന്നത്.
ചിലവിന്‍റെ കാര്യം പറഞ്ഞാല്‍ ആകെ മൊത്തം തമാശയാകും. കേരളത്തിന്‍റെ റവന്യൂ വരുമാനത്തില്‍ 60% ത്തോളം തുക ചെലവഴിക്കുന്നത് നാല് ശതമാനം മാത്രം വരുന്ന ശമ്പളക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കുമായിട്ടാണ്. 22% പലിശ തിരിച്ചടവിലേക്കുമായി നീക്കിവച്ചിരിക്കുകയാണ്. ബാക്കി വരുന്ന 18% തുകയാണ് വകുപ്പുകള്‍ക്കും മറ്റിതര വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവഴിക്കുന്നത്. കേള്‍ക്കുമ്പോള്‍ സാധാരണക്കാരായ നമുക്ക് അല്പം അലോസരം തോന്നുമെങ്കിലും പേടിക്കേണ്ട. മേലും കീഴും നോക്കാതെ നമ്മുടെ ഗവണ്‍മെന്‍റ് നമ്മള്‍ക്ക് വേണ്ടി തുക കടമെടുത്തുകൊള്ളും. അതിനുവേണ്ടി മാത്രം 2016 ല്‍ പൊടിതട്ടിയെടുത്ത് സംവിധാനമാണ് കിഫ്ബി

അവസാനം പുറത്തുവന്ന CAG റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്‍റെ പൊതു കടം 371652 കോടി രൂപയാണ്. കിഫ്ബി വഴിയെടുത്ത 1930 കോടിയും, സാമൂഹിക സുരക്ഷ പെന്‍ഷന്‍ ലിമിറ്റഡ് വഴി കടമെടുത്ത 6843 കോടിയും ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഈ തുകകള്‍ കൂടി കൂട്ടിയാല്‍ നാലു ലക്ഷത്തോടടുക്കും കേരളത്തിന്‍റെ സഞ്ചിത കടം.
ധവള പത്രവും പുറപ്പെടുവിച്ച് 2016 ല്‍ ധനകാര്യ മന്ത്രി കസേരയില്‍ ഇരുപ്പുറപ്പിച്ച ശ്രീ തോമസ് ഐസക്കിന്‍റെ ലൈന്‍ ഞാന്‍വന്നു ഇനി എല്ലാം ശരിയാക്കാം എന്നതായിരുന്നു. ഒന്നും ശരിയായില്ല എന്നു മാത്രമല്ല, അദ്ദേഹം ശരിയാക്കാന്‍ ശ്രമിച്ചതിന്‍റെ ബാധ്യതകള്‍കൂടി തുടര്‍ന്നുവന്ന ശ്രീ കെ. എന്‍ ബാലഗോപാലിന്‍റെ തലയിലായി. ഗതികെട്ടിട്ടെന്നോണം ഖജനാവില്‍ കയ്യിട്ടുവാരാന്‍ ഒന്നുമില്ലെന്ന് അദ്ദേഹത്തിന് തുറന്നു സമ്മതിക്കേണ്ടതായി വന്നു.
ഇനി ചില  കണക്കുകള്‍ പരിശോധിക്കാം
കേന്ദ്രസര്‍ക്കാര്‍ പത്തുവര്‍ഷത്തില്‍ ഒരിക്കലാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. എന്നാല്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ കാര്യത്തില്‍ അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ശമ്പളവും, ക്ഷേമ പെന്‍ഷനുകളുടെയും പരിഷ്കരണം.  2020-21 സാമ്പത്തിക വര്‍ഷം ശമ്പള ഇനത്തില്‍ ചെലവഴിച്ചത് 46671.1 4 കോടി രൂപയാണ്. ശമ്പള പരിഷ്കരണം നടപ്പാക്കിയ 2021-22 സാമ്പത്തിക വര്‍ഷം ഇത് 71235.03 കോടിയായി ഉയര്‍ന്നു. 12 മാസം കൊണ്ട് 24563.89 കോടിയുടെ വര്‍ദ്ധന. ജീവനും, തൊഴില്‍ മാര്‍ഗ്ഗവും നഷ്ടപ്പെട്ട 70% ത്തിലേറെ വരുന്ന കേരളത്തിലെ സാധാരണജനങ്ങള്‍ കോവിഡ് മഹാമാരിയെ അഭിമുഖീകരിക്കുമ്പോളാണ് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഈ അധാര്‍മികത.
കേരളത്തിന്‍റെ വരുമാനവും, കടമെടുപ്പ് അനുപാതവും നിലവില്‍ 38.3% ആണ്. അത് 40% ത്തിനു മുകളില്‍ പോയാല്‍ കേരളത്തിന് ഭാവിയില്‍ കടമെടുപ്പ് സാധ്യമാകാതെ വരും. വാര്‍ഷിക വരുമാനം കടമെടുപ്പ് പണത്തിന്‍റെ പലിശയിനത്തില്‍ തന്നെ ചെലവഴിക്കേണ്ടി വന്നേക്കാവുന്ന സാമ്പത്തിക അസ്ഥിരതയിലേക്ക് അത് നമ്മെ കൊണ്ട് ചെന്നെത്തിക്കും.  ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ കടമെടുപ്പിന്‍റെ കാര്യത്തില്‍ കേരളം ഒമ്പതാം സ്ഥാനത്ത് ആണെങ്കിലും, വരുമാന, കടമെടുപ്പ് അനുപാതത്തില്‍ കേരളം നാലാം സ്ഥാനത്താണ്.
ഇനി ഈ കടമെടുപ്പിന്‍റെ ചില കാരണങ്ങള്‍ ഒന്ന് പരിശോധിക്കാം
1)ജി.എസ്.ടി നടപ്പില്‍ വരുന്നതിനു മുന്‍പ് 14.5% ലഭിച്ചിരുന്ന നികുതിപ്പണം ജി.എസ്.ടി നടപ്പില്‍ വരുത്തിയതിനുശേഷം 9.5% മായി കുറഞ്ഞതും, കൃത്യമായി ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്തതും, അടുത്തവര്‍ഷത്തോടെ ജിഎസ്ടി നഷ്ടപരിഹാരം തുക കേന്ദ്രം നിര്‍ത്തലാക്കാന്‍ പോകുന്നതും കേരളത്തിന്‍റെ കടമെടുപ്പിന്‍റെ ആഴം വര്‍ദ്ധിപ്പിച്ചു. അതിനുദാഹരണമാണ് കഴിഞ്ഞദിവസം ആര്‍ബിഐ മുഖേന കടപ്പത്രം ഇറക്കി 2000 കോടി വായ്പ എടുത്തത്. 7.83% പലിശയ്ക്ക് 23 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയിലാണ് ഈ വായ്പയെടുപ്പ്.
2) സംസ്ഥാന സര്‍ക്കാരിന് വിവിധ വകുപ്പുകളില്‍ നിന്നായി നികുതി കുടിശ്ശിക ഇനത്തില്‍ 15221 കോടി രൂപ ലഭിക്കുവാനുണ്ട്. നികുതി വകുപ്പിന്‍റെ കെടുകാര്യസ്ഥതയും, അനാസ്ഥയും ഇതില്‍ നിന്ന് വ്യക്തമാണ്.

വൈദ്യുതി ചാര്‍ജില്‍ 6.6 % വര്‍ദ്ധനയാണ് കഴിഞ്ഞവര്‍ഷം നടപ്പില്‍ വരുത്തിയത്. വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയെപ്പറ്റി പഠിച്ച കമ്മിറ്റി എല്ലാവര്‍ഷവും ചാര്‍ജ് വര്‍ദ്ധന ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. എന്നാല്‍, ഇതേ വൈദ്യുതി ബോര്‍ഡ് തന്നെയാണ് കുടിശ്ശികയിനത്തില്‍ ഏറ്റവും കൂടുതല്‍ തുക ഗവണ്‍മെന്‍റിലേക്ക് അടയ്ക്കാന്‍ ഉള്ളതും. നമ്മുടെ കൈയില്‍ നിന്നു വാങ്ങുന്ന തുക വകുപ്പുകളില്‍ തന്നെ കെട്ടിക്കിടക്കുകയും, അത് സര്‍ക്കാരിന്‍റെ പൊതു ഖജനാവിലേക്ക് എത്താതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്. ഇതിന് ഒരു മറുപുറം കൂടിയുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പള പരിഷ്കരണവും, ആനുകൂല്യങ്ങളും കൈപ്പറ്റുന്നതും ഈ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ തന്നെയാണ് ..
3) ഉപയോഗിക്കാതെ കിടക്കുന്ന ഫണ്ടുകളെ ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ കഴിയാതെ പോകുന്നതും കേരളത്തിന് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. 2018 ലെ മഹാപ്രളയത്തിന് ശേഷം പുനര്‍നിര്‍മ്മാണത്തിനായി ഞലയൗശഹറ ഗലൃമഹമ എന്ന പദ്ധതിയിലൂടെ 16000 കോടിയിലധികം രൂപ സംസ്ഥാന സര്‍ക്കാര്‍ സമാഹരിക്കുകയുണ്ടായി. എന്നാല്‍ ഈ തുകയ്ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നോ.? ഈ തുക ഉപയോഗിച്ച് എന്ത് പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടപ്പില്‍ വരുത്തിയതെന്നോ ഇന്നും പൊതുജനങ്ങള്‍ക്ക് അജ്ഞാതമാണ്.
4) അരമുറുക്കി, അനാവശ്യ ചിലവുകള്‍ വെട്ടിക്കുറച്ചു വേണം മുന്നോട്ടു പോകാന്‍ എന്ന ഭരണനേതൃത്വം തന്നെ ഉത്തരവുകള്‍ ഇറക്കുമ്പോഴാണ് മറ്റു വഴിയിലൂടെ ധൂര്‍ത്ത് തുടരുന്നത്. കേരള പോലീസ് നിരീക്ഷണത്തിനായി കടമെടുത്ത ഹെലികോപ്റ്റര്‍ വാടക പ്രതിവര്‍ഷം 13 കോടിയാണ്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനും, അകമ്പടിക്കുമായി വാങ്ങിയ വാഹനങ്ങളുടെ തുക 90 ലക്ഷത്തിനടുത്താണ്. ഗവര്‍ണറെ തൃപ്തിപ്പെടുത്താന്‍ വാങ്ങിക്കൊടുത്ത ബെന്‍സിന്‍റെ വിലയാകട്ടെ 85 ലക്ഷവും.
കൃത്യമായി ക്ഷേമ പെന്‍ഷനും, തൊഴിലും കിട്ടാതെ പ്രായമായവരും യുവാക്കളും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുമ്പോള്‍ മുഖ്യമന്ത്രിക്ക് തൊഴുത്തു പണിയാനും, അവിടുത്തെ പശുക്കള്‍ക്ക് ഡോള്‍ബി മ്യൂസിക് കേള്‍ക്കാനുമായി സര്‍ക്കാര്‍ ചിലവിടുന്നത് 42 ലക്ഷം രൂപയാണ്. രണ്ട് നില മാത്രമുള്ള ക്ലിഫ് ഹൗസില്‍ മുകളിലേക്ക് പോകാനും ഇറങ്ങാനുമായി നിര്‍മ്മിക്കുന്ന ലിഫ്റ്റിന്‍റെ തുകയോ 25 ലക്ഷവും. ഖാദിബോര്‍ഡ് ചെയര്‍മാനും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ധീരനായകനുമായ അംഗത്തിന് സഞ്ചരിക്കുവാന്‍ വാങ്ങിയ വണ്ടിയുടെ വില 33 ലക്ഷം. മുഖ്യമന്ത്രിക്കും കുടുംബത്തിനും, മറ്റു മന്ത്രിമാര്‍ക്കും അവരുടെ പത്നിമാര്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പഠനം എന്ന പേരില്‍ ലണ്ടനിലും ദുബായിലും കറങ്ങി വരാന്‍ ചിലവഴിച്ചത് 44 ലക്ഷം. സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായി അവതരിപ്പിച്ച സില്‍വര്‍ ലൈനില്‍ ജനങ്ങളുടെ മന:സമാധാനം കെടുത്തി സ്ഥാപിച്ച മഞ്ഞ ക്കുറ്റികള്‍ക്കും, അതുമായി ബന്ധപ്പെട്ട ജോലികള്‍ക്കുമായി ചിലവഴിച്ചത് 51 കോടി.
ഇങ്ങനെ അന്തമില്ലാതെ നീളുന്ന ലക്ഷങ്ങളുടെയും കോടികളുടെയും കണക്കു പട്ടികയില്‍ അന്നന്നത്തെ അന്നത്തിനും, ചിലവുകള്‍ക്കുമായി നൂറുകളും, ആയിരങ്ങളും സമ്പാദിക്കാന്‍ പരക്കം പായുന്ന പൊതുജനം എന്ന ജനാധിപത്യത്തിലെ പരമാധികാരികളെ ജനപ്രതിനിധികള്‍ മറന്നു പോകുന്നതിന്‍റെ കാരണം കറിയിലെ കറിവേപ്പില സിദ്ധാന്തം തന്നെ. വരാന്‍ പോകുന്ന ആഗോളസാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ലോക ബാങ്ക് ആറുമാസം മുന്‍പേ സൂചനകള്‍ നല്‍കുകയുണ്ടായി. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് കഴിഞ്ഞ മാസം പുറത്തിറക്കിയ പ്രസ്താവന കൂടി കൂട്ടി വായിക്കുമ്പോള്‍ ലോകം ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആഴുകയാണെന്ന യാഥാര്‍ത്ഥ്യം നമുക്ക് ബോധ്യമാവും. ആയതിനാല്‍ ധൂര്‍ത്തും അനാവശ്യ ചിലവുകളും ഒഴിവാക്കി വിവേകത്തോടെയുള്ള പണവിനിയോഗമാണ് ഇനി നമുക്ക് വേണ്ടത്.