പ്രൊഫ. റോണി കെ.ബേബി
കൊളോണിയന്‍ ഭരണവാഴ്ചയുടെ ഭാഗമായി പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ കേരളത്തിലേക്ക് കടന്നുവന്ന പാശ്ചാത്യവിദ്യാഭ്യാസത്തിന്‍റെയും, ലിബറല്‍ മാനവിക മൂല്യങ്ങളുടെയും ഇതിലൂടെ രൂപംകൊണ്ട ദേശീയബോധത്തിന്‍റെയും സ്വാതന്ത്ര്യവാഞ്ജനകളുടെയും ഫലമായിരുന്നു ഇവിടുത്തെ നവോത്ഥാനമുന്നേറ്റങ്ങള്‍. അറിവിനെ ആയുധമായും, അക്ഷരത്തെ പടവാളായും സാമൂഹികമാറ്റത്തിനുവേണ്ടി ഉപയോഗിക്കുക എന്ന ആശയം മലയാളക്കരയില്‍ പ്രചരിപ്പിച്ചതില്‍ ക്രിസ്ത്യന്‍മിഷനറിമാര്‍ക്കുള്ള നിസ്തുലമായ പങ്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. വരേണ്യവര്‍ഗ്ഗത്തിന്‍റെ ദന്തഗോപുരങ്ങളില്‍ കുടിയിരുത്തപ്പെട്ട മലയാളഭാഷയെ ജനകീയമാക്കുന്നതില്‍ അര്‍ണോസ് പാതിരിയും (1681-1732), ബഞ്ചമിന്‍ ബെയ്ലിയും (1791-1871), ഹെര്‍മന്‍ ഗുണ്ടര്‍ട്ടും (1814-1893) നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. അതുപോലെ തന്നെ വിദ്യാഭ്യാസത്തെ ജനകീയമാക്കുന്നതിനും, ജാതിലിംഗ വേര്‍തിരിവുകള്‍ ഇല്ലാതെ സാര്‍വത്രികമാക്കുന്നതിനും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ നല്‍കിയ സംഭാവനകളും കേരള നവോത്ഥാനത്തെ സമ്പന്നമാക്കി.
പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ കെട്ടിപ്പൊക്കാനും, പിടിയരി പിരിച്ചും പട്ടിണി കിടന്നും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കാനും ജാതി മതഭേദമന്യേ വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും നടത്തിയ ശ്രമങ്ങളുടെ ഫലമായി ആണ് കേരളത്തില്‍ ജാതിക്കോമരങ്ങള്‍ കെട്ടി ഉയര്‍ത്തിയ അസ്പര്‍ശ്യതയുടെയും, അനാചാരങ്ങളുടെയും വന്‍മതിലുകള്‍ ഇടിഞ്ഞുവീണു തുടങ്ങിയത്. ജാതിപ്പിശാച് തലക്കുപിടിച്ച ഒരു ജനതയെ നോക്കി ഇത് ഭ്രാന്താലയമാണ് എന്ന് പറയിപ്പിച്ച സ്വാമി വിവേകാനന്ദനുശേഷം സാമൂഹികമുന്നേറ്റങ്ങളിലൂടെ നവോത്ഥാനഗാഥകള്‍ കേരളത്തില്‍ അലയടിച്ച് ഉയര്‍ന്നത് വിദ്യാഭ്യാസവിപ്ലവത്തിലൂടെയും, തല്‍ഫലമായി രൂപംകൊണ്ട ദേശീയബോധത്തിലൂടെയുമാണ്. ഇതിന് ഏറ്റവും നല്ല ദൃഷ്ടാന്തമാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് വിശേഷിപ്പിക്കുന്ന 1887-ല്‍ രചിക്കപ്പെട്ട ‘ഇന്ദുലേഖ’യിലെ 18-ാം അദ്ധ്യായത്തില്‍ 267 മുതല്‍ 283 വരെ പേജുകളില്‍ കഥാനായകനായ മാധവന്‍ നടത്തുന്ന സുദീര്‍ഘമായ പരാമര്‍ശനങ്ങള്‍.
അറിവിനെ ആയുധമായും, തൂലികയെ പടവാളായും സ്വീകരിച്ചതോടെ കേരളത്തില്‍ നവോത്ഥാനമുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജാതി മതചിന്തകള്‍ക്കുപരിയായി ഒരു പൊതുബോധത്തിന്‍റെ രൂപീകരണമായിരുന്നു കേരളനവോത്ഥാനത്തിന്‍റെ ആദ്യചുവട്. മിത്യസ്ഥജാതികള്‍ക്കുള്ളില്‍ അനാചാരങ്ങള്‍ക്കെതിരെയും, മാറ്റങ്ങള്‍ക്കുവേണ്ടിയും ശബ്ദങ്ങളുയരുകയും, ശ്രമങ്ങളുണ്ടാവുകയും ചെയ്തുവെങ്കിലും ജാതിമത വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരം ഒരു പൊതുബോധം രൂപം കൊള്ളുകയും ആ പൊതുബോധം സാമൂഹികമുന്നേറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്തതോടുകൂടിയാണ് കേരള നവോത്ഥാനം സാധ്യമാകുന്നത്. ഈ അര്‍ത്ഥത്തില്‍ കേരള നവോത്ഥാനത്തിന്‍റെ ആദ്യചുവടുവെയ്പ്പായിരുന്നു 1891 ലെ “മലയാളി മെമ്മോറിയല്‍”. തദ്ദേശീയര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നീക്കിവെയ്ക്കണം എന്നതായിരുന്നു മലയാളി മെമ്മോറിയലിന്‍റെ പ്രധാന ആവശ്യം. എങ്കിലും ഇതിലൂടെ പ്രകടമായത് മത, ജാതി, സാമുദായിക വികാരങ്ങള്‍ക്ക് ഉപരിയായി നടന്ന ഒരു ക്രിസ്ത്യന്‍ – നായര്‍ – ഈഴവ മദ്ധ്യവര്‍ഗ്ഗ സെക്കുലര്‍ മുന്നേറ്റമായിരുന്നു.
മലയാളി മെമ്മോറിയലിന്‍റെ ആവേശത്തിലാണ് തിരുവിതാംകൂറിനെ പിടിച്ചുകുലുക്കിയ “പൗര-സമത്വവാദപ്രക്ഷോഭം” 1919-ല്‍ നടക്കുന്നത്. തിരുവിതാംകൂര്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥനിയമനങ്ങളില്‍ ജാതി മത പരിഗണനകള്‍ ഇല്ലാതെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു നടന്ന പ്രക്ഷോഭമായിരുന്നു പൗരസമത്വവാദം. “ലോകം മുഴുവന്‍ ലാഭമായി കിട്ടിയാലും ആത്മാഭിമാനം നഷ്ടമായാല്‍ എന്തു പ്രയോജനം” എന്ന സ്വാതന്ത്ര്യസമര സേനാനി ടി.കെ. മാധവന്‍റെ വാക്കുകള്‍ തിരുവിതാംകൂറിലെമ്പാടും വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. “ഉണരും പൗരസമത്വത്തിന്‍റെ രാജ്യം വരും” എന്ന മുദ്രാവാക്യം കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങള്‍ക്ക് പൗരസമത്വവാദ പ്രക്ഷോഭം എങ്ങനെ നാന്ദിയായി എന്നതിന്‍റെ സൂചനയാണ്.
പൗരസമത്വവാദപ്രക്ഷോഭത്തിന്‍റെ ആവേശത്തിലാണ് 1923-ല്‍ കാക്കിനാഡയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ വാര്‍ഷികസമ്മേളനത്തില്‍ ടി.കെ. മാധവന്‍ അയിത്തോച്ചാടനത്തെയും, ക്ഷേത്രപ്രവേശനത്തെയും സംബന്ധിച്ച് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ഇതിന് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കന്മാരുടെ പിന്തുണ ലഭിക്കുകയും ചെയ്തു. കാക്കിനാഡ കോണ്‍ഗ്രസ് പ്രമേയത്തിന്‍റെ പശ്ചാത്തലത്തില്‍ 1924 മാര്‍ച്ചില്‍ ആരംഭിച്ച അയിത്തോച്ചാടനത്തിനുവേണ്ടിയുള്ള വൈക്കം സത്യാഗ്രഹത്തില്‍ നാനാജാതി മതസ്ഥര്‍ ആവേശപൂര്‍വം പങ്കെടുത്തു. ഗാന്ധിജിയുടെ പിന്തുണയും, ശ്രീനാരായണ ഗുരുവിന്‍റെയും ചട്ടമ്പി സ്വാമികളുടെയും അനുഗ്രഹവുമായി തുടങ്ങിയ വൈക്കം സത്യാഗ്രഹം വളരെ പെട്ടെന്നുതന്നെ ദേശീയശ്രദ്ധ ആകര്‍ഷിച്ചു. കെ. കേളപ്പന്‍, ടി.കെ. മാധവന്‍, വേലായുധ മേനോന്‍, കെ. നീലകണ്ഠന്‍ നമ്പൂതിരി, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, കെ.പി. കേശവ മേനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ വൈക്കം സത്യാഗ്രഹത്തിന് പിന്തുണയുമായി മഹാത്മാ ഗാന്ധിയും, പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കറുമെത്തി. സത്യാഗ്രഹികള്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ പഞ്ചാബില്‍നിന്നും അകലികളെത്തി. ക്രിസ്ത്യന്‍, മുസ്ലിം സമുദായാംഗങ്ങളും സത്യാഗ്രഹത്തിന് പിന്തുണയുമായെത്തി. കേരള നവോത്ഥാന മുന്നേറ്റത്തിലെ ഈ ഐതിഹാസിക സമരത്തിന്‍റെ ഫലമായി 1928-ല്‍ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും ജാതി വ്യത്യാസം കൂടാതെ എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുത്തു.
വൈക്കം സത്യാഗ്രഹത്തിന്‍റെ ആവേശത്തിലാണ് അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ 1931 ല്‍ ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചത്. കെ.കേളപ്പന്‍, സുബ്രഹ്മണ്യന്‍ തിരുമുമ്പ്, എ.കെ.ജി., പി. കൃഷ്ണപിള്ള തുടങ്ങിയവരായിരുന്നു സമരത്തിന്‍റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്. 1934-ല്‍ ഗുരുവായൂര്‍ സത്യാഗ്രഹത്തിന് പിന്തുണയുമായെത്തിയ മഹാത്മാഗാന്ധി പ്രസിദ്ധമായ അയിത്തോച്ചാടന പ്രസംഗം നടത്തി. അന്നത്തെ മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു ഗുരുവായൂരെങ്കിലും ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച സത്യാഗ്രഹസമരത്തിന്‍റെ ഫലമായി തിരുവിതാംകൂറിലെങ്ങും അയിത്തോച്ചാടനത്തിനും, ക്ഷേത്രപ്രവേശനത്തിനും, അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ ഇത് സഹായിച്ചു. ഇതിനെത്തുടര്‍ന്ന് 1939-ല്‍ തിരുവിതാംകൂറില്‍ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായി. അതുപോലെ 1947-ല്‍ മദിരാശി സര്‍ക്കാര്‍ ക്ഷേത്രപ്രവേശനബില്ല് പാസ്സാക്കുകയും അവര്‍ണ്ണര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം ഉറപ്പാക്കുകയും ചെയ്തു.
കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തിയ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ഇവയെല്ലാം ജാതി രഹിത മുന്നേറ്റങ്ങളായിരുന്നു എന്ന് വ്യക്തമാണ്. വസ്തുതകള്‍ ഇതായിരിക്കെ കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങള്‍ ജാതിസംഘടനകളുടെ സംഭാവനയാണ് എന്ന തെറ്റായ ധാരണ കേരളത്തിന്‍റെ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ചില ജാതിസംഘടനകളുടെ മാത്രം കുത്തകയാണ് കേരളനവോത്ഥാനം എന്ന് വരുത്തിത്തീര്‍ത്ത് തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത ജാതി സംഘടനകളെയും, സമുദായങ്ങളെയും ഇകഴ്ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ആസൂത്രിതമായ നീക്കം നടത്തുകയാണ്. വനിതാ മതിലിന്‍റെ ആലോചനായോഗത്തില്‍നിന്നും ക്രിസ്ത്യന്‍, മുസ്ലീം സംഘടനകളെ ഒഴിവാക്കുക വഴി ഈ മതവിഭാഗങ്ങള്‍ക്കൊന്നും കേരള നവോത്ഥാനത്തില്‍ യാതൊരു പങ്കുമില്ല എന്ന തെറ്റായ സന്ദേശമാണ് സര്‍ക്കാര്‍ നല്‍കാന്‍ ശ്രമിക്കുന്നത്. ഇത് കടുത്ത പ്രതിഷേധാര്‍ഹമാണ്.
പ്രൊഫ. റോണി കെ.ബേബി