ഡോ. ഹിമ സുബിന്‍ മാത്യു കൂനംതടത്തില്‍
ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ട ‘2023 ല്‍ ലോകത്ത് സന്ദര്‍ശിക്കേണ്ട മികച്ച 52 സ്ഥലങ്ങളുടെ പട്ടികയില്‍’ ഉള്‍പ്പെട്ടിരിക്കുകയാണ് കേരളം. ദൈവത്തിന്‍റെ സ്വന്തം നാട് സന്ദര്‍ശിക്കുവാനും കാണാനും കൊള്ളാം. പക്ഷേ, ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് യുവതലമുറയുടെ നിലപാട്. കേരളം വിടുന്ന യുവതലമുറയെക്കുറിച്ചും പാശ്ചാത്യ കുടിയേറ്റത്തേക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ ഈ വസ്തുതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.
എന്തുകൊണ്ട് വിദേശകുടിയേറ്റം വര്‍ദ്ധിക്കുന്നു.?
വിദേശ കുടിയേറ്റത്തിന് പ്രധാന കാരണം അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ ഇടയില്‍ നില നില്‍ക്കുന്ന തൊഴിലില്ലായ്മ തന്നെയാണ്. മുരടിച്ച വ്യവസായ വളര്‍ച്ച സ്വകാര്യമേഖലയില്‍ വളരെ കുറഞ്ഞ തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗമേഖലയില്‍ സംവരണം ഒരു വിലങ്ങുതടിയായി നില്ക്കുന്നു. നിലവിലെ സംവരണനിലയനുസരിച്ച്, ഓപ്പണ്‍ മെറിറ്റില്‍ ലഭ്യമായിരിക്കുന്ന സീറ്റുകള്‍ 35% മാത്രം. ടഠ7.5%,ടഇ15%,ഛആഇ27%,ഋണട10%,ഉശളളലൃലിഹ്യേ മയഹലറ 5%, അങ്ങനെ ആകെ 64.5% സംവരണം. ഇത്തരത്തില്‍ സ്വകാര്യമേഖലയിലും സര്‍ക്കാര്‍മേഖലയിലും അവസരങ്ങള്‍ കുറയുമ്പോള്‍ യുവജനങ്ങള്‍ ദേശം വിടാന്‍ നിര്‍ബന്ധിതരാകുന്നു.
ഇതിനപ്പുറമുള്ള മറ്റൊരു കാര്യമാണ് നാട്ടില്‍ നിലനില്‍ക്കുന്ന മോശപ്പെട്ട തൊഴില്‍സംസ്കാരം. ചെറിയ ജോലികളെ വിലകുറച്ച് കാണുകയും വൈറ്റ്കോളര്‍ ഉദ്യോഗത്തെ മഹത്വവത്കരിക്കുകയും ചെയ്യുന്ന വികലമായ കാഴ്ചപ്പാട് ഇവിടെ നിലനില്ക്കുന്നു. ഫലമോ ഇത്തരം തൊഴില്‍ ചെയ്യാന്‍ അന്യസംസ്ഥാനത്തെ അതിഥിതൊഴിലാളികള്‍ കൂട്ടമായി എത്തുന്നു. വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവര്‍ ആദ്യകാലങ്ങളില്‍ ചെയ്യുന്നത് ഈ ജോലികള്‍ തന്നെയാണെന്നുള്ളത് വിരോധാഭാസം.
ഇതിനൊപ്പം നാട്ടിലെ രാഷ്ട്രീയ അവസ്ഥകളും സ്വജനപക്ഷപാതവും മറ്റും യുവജനങ്ങളുടെ മനംമടുപ്പിക്കുന്നു. പരമ്പരാഗതമായി കൈവന്ന കാര്‍ഷികവൃത്തി വിലത്തകര്‍ച്ച, വിളനാശം, വന്യമൃഗശല്യം, ബഫര്‍സോണ്‍ തുടങ്ങിയവ മൂലം അനാകര്‍ഷകമാക്കുന്നു. ഇത്തരത്തില്‍ അസ്വസ്ഥരായിരിക്കുന്ന വിഭാഗത്തിന് പാശ്ചാത്യനാടുകള്‍ വച്ചു നീട്ടുന്നത് അത്യാകര്‍ഷകമായ ഓഫറാണ്, മണിക്കൂറിന് ഡോളറുകള്‍ എന്ന കണക്കില്‍ ധനസമ്പാദനം, മികച്ച സാമൂഹികസുരക്ഷ, സ്വതന്ത്രജീവിതം, വൃത്തിയും വെടിപ്പുമുള്ള ദേശങ്ങള്‍ തുടങ്ങിയ ആകര്‍ഷണങ്ങള്‍ അനേകം.
വിദേശ കുടിയേറ്റത്തിന്‍റെ അനന്തരഫലങ്ങള്‍
1980-ലെ ഗള്‍ഫ് പ്രവാസം കേരളത്തിന്‍റെ സാമ്പത്തിക ഉന്നമനത്തിന് ഏറെ സഹായിച്ചു. ഇന്നും കേരള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് ഗള്‍ഫ് പണം തന്നെയാണ്. എന്നാല്‍ പാശ്ചാത്യനാടുകളിലേയ്ക്കുള്ള കുടിയേറ്റം മറ്റൊരു ദിശയിലാണ്. കുടിയേറുന്ന തലമുറ ക്രമേണ ആ രാജ്യങ്ങളില്‍ പൗരന്‍മാരായി മാറുന്നു. ഒന്നോ രണ്ടോ തലമുറയ്ക്കുള്ളില്‍ സ്വദേശവുമായുള്ള ബന്ധം പൂര്‍ണമായും ഇല്ലാതാകുന്നു. ഇത്തരത്തില്‍ കുടുംബങ്ങള്‍ ദേശം വിടുമ്പോള്‍ സമൂഹത്തില്‍ അതിന്‍റെ അനന്തരഫലങ്ങള്‍ ദൂരവ്യാപകമായിരിക്കും. ഇതിന്‍റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കാന്‍ പോകുന്നത് കേരളത്തിലെ ക്രൈസ്തവസമൂഹം തന്നെയായിരിക്കും. ഒരു കാലത്ത് തങ്ങള്‍ അഭിമാനമായി കൊണ്ടുനടന്നിരുന്ന ഭൂസ്വത്തും, തറവാടുകളും ആളില്ലാതെ അന്യാധീനപ്പെട്ട് പോകുന്നത് കണ്ട് നില്‍ക്കേണ്ട ഗതികേടിലാണ് ആ സമൂഹം. അതിലും ഭീകരമാണ് ജീവിതസായാഹ്നത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന വൃദ്ധ മാതാപിതാക്കളുടെ അവസ്ഥ.
കുടിയേറ്റം കെണിയോ?
വിദേശ കുടിയേറ്റം കെണിയാണെന്ന് കണ്ണടച്ച് വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല. കുടിയേറ്റം സമൂഹങ്ങളെ പ്രാദേശികമായി കുടിയൊഴിപ്പിക്കുമെങ്കിലും ആഗോളതലത്തില്‍ സമൂഹങ്ങള്‍ക്ക് ശക്തി പകരും. അതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. മധ്യ തിരുവിതാംകൂറില്‍നിന്ന് മലബാറിലേയ്ക്ക് കുടിയേറിയ ജനത മലമടക്കുകളെ സമ്പന്നമാക്കി എന്നുള്ളത് കേരളചരിത്രം. യൂറോപ്പില്‍ നിന്ന് കുടിയേറിയ വെള്ളക്കാര്‍ അമേരിക്ക, ഓസ്ട്രേലിയ പോലുള്ള അന്യസ്ഥലങ്ങളില്‍ ആധിപത്യമുറപ്പിച്ചത് ലോകചരിത്രം. ഇതിലും മികച്ച ഉദാഹരണമാണ് കാനഡയിലേയ്ക്ക് കുടിയേറിയ പഞ്ചാബിസമൂഹത്തിന്‍റെ ചരിത്രം. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യശതകങ്ങളില്‍ ചെറിയ രീതിയില്‍ നടന്ന കാനഡ കുടിയേറ്റം 1984-ല്‍ ഇന്ദിരാഗാന്ധി വധത്തോട് അനുബന്ധിച്ചുള്ള സിഖ്വിരുദ്ധകലാപത്തെ തുടര്‍ന്ന് ശക്തമായി. നിലവില്‍ കാനഡ ജനസംഖ്യയുടെ 3% സിഖ് വംശജർ ആണ്, കാനഡയുടെ നിലവിലെ പ്രതിരോധമന്ത്രി ഒരു സിഖുകാരനാണ്.. ഇച്ഛാശക്തിയുള്ള കുടിയേറ്റ സമൂഹത്തിന് തങ്ങളുടെ വിശ്വാസവും, പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ അന്യനാടുകളില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാം എന്ന് കാനഡായിലെ സിഖ് സമൂഹം കാണിച്ചു തന്നു.
ഇതുപോലെ കേരളത്തില്‍നിന്ന് കുടിയേറിയ നസ്രാണി സമൂഹം സീറോ മലബാര്‍ സഭയ്ക്ക് നല്‍കിയത് 4 രൂപതകളാണ്- മിസിസാഗ (കാനഡ), ചിക്കാഗോ (യു.എസ്.എ), ഗ്രേറ്റ് ബ്രിട്ടണ്‍, മെല്‍ബണ്‍ (ഓസ്ട്രേലിയ). കുടിയേറിയ മലയാളി വിശ്വാസികള്‍ തദ്ദേശരൂപതകള്‍ക്ക് വിശ്വാസകരുത്ത് പകരുന്നതായി യൂറോപ്പിലെ നിരവധി രൂപതാ അധികാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരു തരത്തില്‍ യൂറോപ്പിന്‍റെ 7നവസുവിശേഷവത്കരണം മലയാളിവിശ്വാസി സമൂഹത്തിലൂടെ നടക്കുന്നു എന്ന് പറയാം. ഇതിന് മികച്ച ഉദാഹരണങ്ങളാണ് യൂറോപ്പില്‍ മലയാളികളിലൂടെ പടരുന്ന ജീസസ് യൂത്ത് മുന്നേറ്റവും, ശാലോം മീഡിയ ശുശ്രൂഷയും. കേരളത്തില്‍ മലയാളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ശാലോം, അമേരിക്കന്‍ മലയാളികളുടെ പരിശ്രമഫലമായി ഇംഗ്ലീഷ്, സ്പാനീഷ്, ജര്‍മ്മന്‍ തുടങ്ങി നിരവധി ഭാഷകളില്‍ മാധ്യമങ്ങളുള്ള ‘ശാലോം വേള്‍ഡ്’ എന്ന സ്ഥാപനമായി വളര്‍ന്നു. ഇന്നത് ആഗോളകത്തോലിക്കാസഭയിലെ മികച്ച മാധ്യമസ്ഥാപനമാണ് എന്നത് മലയാളി വിദേശകുടിയേറ്റത്തിന്‍റെ നന്മകളിലേക്ക് വിരല്‍ ചൂണ്ടുന്നു.
‘പോയി ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കുക’ എന്ന കര്‍ത്താവിന്‍റെ വചനം അറിഞ്ഞോേ, അറിയാതെയോ അന്വര്‍ത്ഥമാക്കുകയാണ് മലയാളി ക്രൈസ്തവസമൂഹം.
അങ്ങനെയെങ്കില്‍ വിദേശകുടിയേറ്റം ഒരു പ്രശ്നമാണോ എന്ന ചിന്ത വരാം. വിദേശകുടിയേറ്റം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത് കേരളത്തിലെ പ്രാദേശികരൂപതകള്‍ക്കും ഇവിടെ അവശേഷിക്കുന്ന വിശ്വാസികള്‍ക്കും ആണ്. ആളില്ലാതെ തറവാടുകള്‍ അന്യം നിന്ന് പോകാം. വിശ്വാസികളുടെ കുറവ് മൂലം കേരളത്തില്‍ സമുദായത്തിന്‍റെ സംഘശക്തി ക്ഷയിക്കും. ജനാധിപത്യത്തില്‍ സംഘമായി നിന്ന് അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സുറിയാനി നസ്രാണി സമുദായത്തിന്‍റെ ശേഷിയേ അത് ബാധിക്കും. അതിനാല്‍ മികവുറ്റ കുറെ പേരെയെങ്കിലും കേരളത്തില്‍ പിടിച്ച് നില്‍ക്കാന്‍ പ്രചോദനവും സഹായവും നല്‍കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍, സ്വകാര്യ ജോലികളിലേയ്ക്ക് മാത്രം ആശ്രയിക്കാതെ സ്വയം സംരംഭകരാകാന്‍ യുവജനതയെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയില്‍ പ്രധാന സ്വാധീനശക്തികളായ പാഴ്സി, ജൈന, മാര്‍വാഡി സമൂഹങ്ങളുടെ പ്രധാന കരുത്ത് ഈ സംരംഭകശേഷിയാണ്.
ഇതിനൊപ്പം ഇവിടെനിന്ന് കുടിയേറിയ സമുദായ അംഗങ്ങള്‍ക്ക് തങ്ങളായിരിക്കുന്ന ദേശങ്ങളില്‍ വിശ്വാസത്തിലും പാരമ്പര്യത്തിലും അടിയുറച്ച് മുന്നേറാനുള്ള ദിശ സഭാനേതൃത്വം കാണിച്ച് കൊടുക്കാവുന്നതാണ്.
വിദേശകുടിയേറ്റത്തിലെ ചതിക്കുഴികള്‍
പാശ്ചാത്യ കുടിയേറ്റത്തെ തുടര്‍ന്ന് മെച്ചപ്പെട്ട ഒട്ടനവധി കുടുംബങ്ങളുണ്ട്. എന്നാല്‍ റിക്രൂട്ടിംഗ് കമ്പനികളുടെ മോഹനവാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ചതിക്കുഴിയിലകപ്പെട്ടവര്‍ അനവധി. പാശ്ചാത്യനാടുകളിലേയ്ക്ക് കുടിയേറ്റത്തിനുള്ള കുറുക്കുവഴികളിലൊന്നാണ് വിദേശ ഉപരിപഠനം. പലപ്പോഴും ഭീമമായ സംഖ്യ ലോണെടുത്താണ് വിദ്യാര്‍ത്ഥികള്‍ ഇത്തരം കോഴ്സുകള്‍ക്ക് ചേരുന്നത്. വീസാകമ്പനികള്‍ നല്‍കുന്നതോ സുന്ദരസ്വപ്നങ്ങളും. രണ്ട് വര്‍ഷത്തെ പഠനത്തിനുശേഷം രണ്ട്വര്‍ഷം സ്റ്റേ ബാക്ക്. അങ്ങനെ നാലഞ്ചു കൊല്ലം പൂര്‍ത്തിയാക്കിയാല്‍ പി.ആര്‍ (പെര്‍മനന്‍റ് റസിഡന്‍റ്) അതിനെത്തുടര്‍ന്ന് പൗരത്വം. അങ്ങനെ നീണ്ടു പോകുന്നു കമ്പനികള്‍ തരുന്ന വാഗ്ദാനങ്ങള്‍. പാര്‍ട്ട് ടൈം ജോലി ചേയ്ത് ലോണ്‍ തിരിച്ചടയ്ക്കാം എന്നവര്‍ പ്രലോഭിപ്പിക്കുന്നു.
യഥാര്‍ത്ഥത്തില്‍, പാശ്ചാത്യനാടുകളില്‍ ഒരു നിശ്ചിതമണിക്കൂര്‍ മാത്രമേ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട്ടൈം ജോലി ചെയ്യാന്‍ സാധിക്കൂ. മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ആ പണം ലോണ്‍ അടയ്ക്കാന്‍ പോയിട്ട് ജീവിതചെലവിനുപോലും തികയില്ല. ഡോളര്‍ രൂപയിലേയ്ക്ക് മാറ്റി കണക്കുകൂട്ടി ലക്ഷങ്ങള്‍ ശമ്പളമായി വാങ്ങാം എന്ന് കൊതിപ്പിക്കുന്നു. എന്നാല്‍ ഇത്തരം രാജ്യങ്ങളിലെ ഉയര്‍ന്ന നികുതിയും ജീവിതനിലവാരവും വച്ച് നോക്കുമ്പോള്‍ പാര്‍ട്ട്ടൈം ജോലി ചെയ്ത് ജീവിക്കാന്‍ സാധിക്കില്ല. ഇതിന് മികച്ച ഉദാഹരണമാണ് നിലവിലെ ഇംഗ്ലണ്ടിലെ അവസ്ഥ. റഷ്യ- ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുള്ള പ്രകൃതിവാതകക്ഷാമം ആ രാജ്യത്ത് കനത്ത വില വര്‍ദ്ധനവ് വരുത്തി വച്ചു. അതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് മലയാളി കുടിയേറ്റ സമൂഹം.
ഒപ്പം കഠിന തണുപ്പുള്ള കാലാവസ്ഥയും. തീവ്രവലതുപക്ഷ കുടിയേറ്റ വിരുദ്ധപ്രസ്ഥാനങ്ങളും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. അതിനാല്‍ ‘പാശ്ചാത്യനാടുകളില്‍ സുഖ ജിവിതം’ എന്ന അബദ്ധധാരണ തിരുത്തി കാര്യങ്ങള്‍ വസ്തുതാപരമായി വിലയിരുത്തിയശേഷം മാത്രം വിദേശ കുടിയേറ്റത്തിനു ഇറങ്ങി പുറപ്പെടുക.
(ഐ.സി.എ.ആര്‍ശാസ്ത്രജ്ഞയാണ് ലേഖിക)