ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പുറത്തിറക്കി. കൊച്ചി കോര്‍പ്പറേഷന്‍ നൂറ് കോടി രൂപ പിഴ അടയ്ക്കണം.
ഈ തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റ് പരിഹാര നടപടികള്‍ക്ക് ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം എന്നുമാണ് ഉത്തരവില്‍ പറയുന്നത്.
സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്ന് എന്‍ ജി ടി ചോദിച്ചിട്ടുണ്ട്. മാരകമായ അളവില്‍ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണല്‍ ഭാവിയില്‍ സുഗമമായി പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദ്ദശിച്ചു. കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയില്‍ മാലിന്യ സംസ്കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവില്‍ വിമര്‍ശിച്ചിട്ടുണ്ട്.
അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണുവും ട്രൈബ്യൂണലിന് മുമ്ബാകെ ഓണ്‍ലൈന്‍ വഴി ഹാജരായിരുന്നു. തീപ്പിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്, ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വേണ്ടി വന്നാല്‍ 500 കോടി രൂപയുടെ പിഴ സര്‍ക്കാരില്‍ നിന്ന് ഈടാക്കുമെന്നും ജസ്റ്റിസ് എ കെ ഗോയല്‍ മുന്നറിയിപ്പ് നല്‍കി. ബ്രഹ്മപുരത്ത് സ്വീകരിച്ച നടപടികളെ കുറിച്ചും ഭാവി പദ്ധതികളെ സംബന്ധിച്ചും വിശദമായ സത്യവാംഗ്‌മൂലം ട്രൈബ്യൂണലിന് സംസ്ഥാനം സമര്‍പ്പിച്ചിരുന്നു. തീയണയ്ക്കാന്‍ സ്വീകരിച്ച നടപടികളും വിശദീകരിച്ചിരുന്നു.
ബ്രഹ്മപുരം പ്ലാന്റിലേയ്ക്കുള്ള ഓര്‍ഗാനിക് വേസ്റ്റിന്റെ വരവ് കുറയ്ക്കും, ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്തിക്കില്ല തുടങ്ങിയ കാര്യങ്ങളും സത്യവാംഗ്‌മൂലത്തില്‍ വ്യക്തമാക്കി. കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസുള്ളതിനാല്‍ മറ്റൊരു കേസ് ട്രൈബ്യൂണലിന്‍റെ ഭാഗത്തു നിന്നുമുണ്ടാകരുതെന്നും സംസ്ഥാനം ആഭ്യര്‍ത്ഥിച്ചു. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.