മാര്‍ ജോസഫ് പൗവത്തില്‍
ക്രാന്തദര്‍ശിയായ പ്രഥമമെത്രാന്‍:  മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപതയുടെ ശൈശവത്തില്‍ രൂപതയെ വ്യക്തമായ ദിശാബോധത്തോടെ കൈപിടിച്ചു നടത്തിയ ക്രാന്തദര്‍ശിയായിരുന്നു പ്രഥമമെത്രാനായ മാര്‍ ജോസഫ് പൗവത്തില്‍. സഭയുടെ വ്യക്തിത്വവും തനിമയും എല്ലാ രംഗങ്ങളിലും സംരക്ഷിക്കുന്നതിനും സഭാത്മകമായി ദൈവജനത്തെ വളര്‍ത്തുന്നതിനും ത്യാഗപൂര്‍വ്വമായ നിലപാടുകളെടുത്ത മഹനീയ വ്യക്തിത്വമാണ് മാര്‍ പൗവത്തില്‍. ആരാധനക്രമാധ്യാത്മീകതയിലൂടെയാണ് ദൈവാരാധകരുടെ സമൂഹമെന്ന നിലയില്‍ സഭ വളര്‍ച്ച പ്രാപിക്കുന്നതെന്ന ഉത്തമബോധ്യം പിതാവിനുണ്ടായിരുന്നുവെന്നുമാത്രമല്ല, അപഭ്രംശങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതിന് അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

ദൈവജനത്തിന് എല്ലാ തലങ്ങളിലുമുള്ള പരിശീലനം ലഭ്യമാക്കുന്ന പരിശീലനവേദികളായി ചെറുപുഷ്പ മിഷന്‍ലീഗ്, യുവദീപ്തി, മാതൃവേദി, പിതൃവേദി എന്നിവയെ വളര്‍ത്തിയെടുക്കുന്നതില്‍ സവിശേഷശ്രദ്ധയുണ്ടായിരുന്ന പിതാവ് കാഞ്ഞിരപ്പള്ളി രൂപതയിലെ സന്യാസിനീ സമൂഹങ്ങള്‍ക്ക് സഭാത്മക പരിശീലനം നല്‍കുവാന്‍ നിര്‍മ്മല തിയോളജിക്കല്‍ കോളജ് പൊടിമറ്റത്ത് സ്ഥാപിച്ചത് ശ്രേഷ്ഠമായ സംഭാവനയാണ്. വൈദിക വിദ്യാര്‍്ത്ഥികളെ വ്യക്തിപരമായി അറിഞ്ഞ് സ്‌നേഹിക്കുകയും പരിശീലനത്തില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തുകയും ചെയ്ത പിതാവ് കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികസമൂഹത്തെ സഭാത്മകബോധ്യങ്ങളുള്ള അടിത്തറയാല്‍ സമ്പന്നമാക്കി. സാമൂഹ്യസേവന സംവിധാനങ്ങളായ മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി, പീരുമേട് ഡവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവയും രൂപംകൊണ്ടത് പൗവത്തില്‍ പിതാവിന്റെ ശുശ്രൂഷാ കാലഘട്ടത്തിലാണ്.

സഭയുടെ വിദ്യാഭ്യാസരംഗത്തെ സംഭാവനകളെ തമസ്‌കരിക്കുന്ന ശ്രമങ്ങളെ ചെറുക്കുകയും അവകാശങ്ങളെ സംരക്ഷിക്കുന്നതിനായി ധീരമായ നിലപാടുകളെടുക്കുകയും ചെയ്ത പിതാവ് ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിതാന്ത ജാഗ്രത പുലര്‍ത്തി. പാവങ്ങളോടുള്ള സഭയുടെ പ്രതിബദ്ധത ദൈവജനത്തെ ബോധ്യപ്പെടുത്തി ജീവകാരുണ്യപദ്ധതികളാരംഭിക്കുകയും മാനസിക, ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപതയില്‍ പരിശീലനകേന്ദ്രം ആരംഭിക്കുകയും ചെയ്ത പൗവ്വത്തില്‍ പിതാവ് രൂപതയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശിയാണ്. മറ്റു രൂപതകള്‍ക്കെല്ലാം മാതൃക നല്‍കി അല്മായ വിശ്വാസിയെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതയില്‍ പിതാവ് നിയമിച്ചു. രൂപതാധ്യക്ഷന്റെ ഓഫീസും കൂരിയായും ഡിപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെടെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പാസ്റ്ററല്‍ സെന്റര്‍ സംവിധാനത്തിന്റെ ആരംഭകനും പിതാവാണ്.

ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത, സിബിസിഐ, കെസിബിസി പ്രസിഡന്ററ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ സീറോ മലബാര്‍ സഭയ്ക്കും സമൂഹത്തിനും നിസ്തുല സംഭാവനകള്‍ നല്‍കിയ പൗവത്തില്‍ പിതാവ് എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുശോചന സന്ദേശത്തില്‍ സ്മരിച്ചു.

മാര്‍ ജോസഫ് പൗവത്തില്‍ പിതാവ് കാഞ്ഞിരപ്പള്ളി രൂപതയ്ക്കാവശ്യമായ അടിത്തറയൊരുക്കുകയും മൈനര്‍ സെമിനാരി, പാസ്റ്ററല്‍ സെന്റര്‍, ജീവകാരുണ്യ സാമൂഹിക പ്രേഷിതത്വസ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ ആത്മീയവും ഭൗതീകവുമായ സാഹചര്യങ്ങളൊരുക്കുകയും ചെയ്തത് നന്ദിയോടെ സ്മരിക്കുന്നുവെന്ന് രൂപതാ മുന്‍ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.