കോവിഡ് കൂടുന്നു; കേരളത്തിനും ജാഗ്രത,കോവിഡിനെ നേരിടാന്‍ മുന്‍കരുതലുകള്‍ വേണം; ജീനോം പരിശോധന വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി

ഇന്ത്യയില്‍ വീണ്ടും കോവിഡ് പടരുന്നതിനു കഴിയുന്നത്ര തടയിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

കേരളത്തില്‍ അടക്കം അഞ്ചു പേര്‍ പുതുതായി കോവിഡ് മൂലം മരിക്കുകയും രാജ്യത്താകെ സജീവ കോവിഡ് കേസുകള്‍ 7,026 എണ്ണമായി വര്‍ധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇന്നലെ വൈകുന്നേരം മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്.

അഞ്ചുപേര്‍കൂടി മരണത്തിനു കീഴടങ്ങിയതോടെ ഇന്ത്യയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5.3 ലക്ഷമായി (5,30,813) ഉയര്‍ന്നു. കേരളം, ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ ഓരോ മരണമാണ് ഇന്നലെ രാവിലെ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ നേരത്തേയുണ്ടായ ഒരു മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ 1,134 പേര്‍ക്കാണു പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷത്തെ ഏറ്റവും കൂടിയതാണിത്. പ്രതിവാര പോസിറ്റിവിറ്റി 0.98 ശതമാനമാണ്.

കോവിഡ് കേസുകളുടെ വര്‍ധനയുള്ള കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളോടു മുന്‍കരുതലെടുകളെടുക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച ആവശ‍്യപ്പെട്ടിരുന്നു.

കര്‍ശനമായ നിരീക്ഷണം ഈ സംസ്ഥാനങ്ങളില്‍ അത്യാവശ്യമാണ്. അപകടസാധ്യത വിലയിരുത്തി അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ട നടപടികള്‍ അതാതു പ്രാദേശിക മേഖലകളില്‍ എടുക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. രോഗബാധ കൂടുന്ന മേഖലകളില്‍ കൂടുതല്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.