ബഫർ സോൺ വിധിയിൽ ഇളവ്; സമ്പൂർണ്ണ നിയന്ത്രണങ്ങൾ നീക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: സമ്ബൂര്‍ണ്ണ നിയന്ത്രണങ്ങള്‍ നീക്കി ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി. മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫര്‍ സോണ്‍ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ബഫര്‍സോണില്‍ സമ്ബൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് ഭേദഗതി ചെയ്ത സുപ്രീം കോടതി നിയന്ത്രണങ്ങളില്‍ വ്യക്തത വരുത്തി. അതേസമയം, ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരുമെന്നും കോടതി വ്യക്തമാക്കി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.

രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുമ്ബോള്‍, അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു സമ്ബൂര്‍ണ നിരോധനം പറ്റില്ലെന്നു സുപ്രീം കോടതി കഴിഞ്ഞ മാസം വാദം കേള്‍ക്കുന്നതിനിടെ വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ബഫര്‍സോണില്‍ പുതിയ നിര്‍മ്മാണം വിലക്കുന്ന പരാമര്‍ശം കഴിഞ്ഞ ജൂണില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉള്‍പ്പെട്ട ബെഞ്ചിന്റെ പ്രതികരണം.

നിരോധിക്കേണ്ടത് നിരോധിക്കണം, നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്ന് അമിക്കസ്‌ക്യൂറി പറഞ്ഞു. സമ്ബൂര്‍ണവിലക്ക് ഏര്‍പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങള്‍ വന്ന മേഖലയെ വിലക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന്,സമ്ബൂര്‍ണനിയന്ത്രണം പ്രായോഗികമല്ലെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണമല്ല ഉദ്ദേശിച്ചതെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.

ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ 2022 ജൂണ്‍ മൂന്നിലെ വിധി ആ പ്രദേശങ്ങളിലുള്ളവര്‍ക്കു വായ്പ കിട്ടാത്ത സ്ഥിതിയുണ്ടാക്കിയെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്‌, സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനം ഉള്‍പ്പെടെ തടഞ്ഞിരുന്നു. വിധിയില്‍ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്.

ബഫര്‍ സോണില്‍ താമസിക്കുന്നവരുടെ തൊഴില്‍, ടൂറിസം എന്നിവയെ ബാധിക്കുമെന്നും നിര്‍മ്മാണ നിരോധനം പ്രായോഗികമല്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഖനനം പോലെ ഈ മേഖലയില്‍ നിരോധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ബഫര്‍സോണ്‍ വിധിയിലൂടെ ലക്ഷ്യമിട്ടതെന്നു കോടതി പറഞ്ഞു.

കേരളത്തിന്റെ ആശങ്കകളോടു യോജിച്ച കേന്ദ്ര സര്‍ക്കാരും കേസിലെ അമിക്കസ് ക്യൂറി കെ. പരമേശ്വറും വിധി സൃഷ്ടിച്ച ആശയക്കുഴപ്പം അക്കമിട്ടു നിരത്തി. ഇതിനോടു കോടതിയും യോജിച്ചതോടെ വിധി പരിഷ്‌കരിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. കേരളത്തിനു വേണ്ടി ജയദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍, വിവിധ കക്ഷികള്‍ക്കായി പി.എന്‍.രവീന്ദ്രന്‍, ഉഷ നന്ദിനി, വി.കെ ബിജു, വില്‍സ് മാത്യൂസ്, ദീപക് പ്രകാശ് എന്നിവര്‍ ഹാജരായി. കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും 6 ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.