മാർ പവ്വത്തിൽ ഭവന പദ്ധതിയിൽ കപ്പാട്, നെടുമാവ് പ്രദേശത്ത് നിർമ്മിച്ച ഭവന സമുച്ചയം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ആശിർവദിച്ചു. രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ തിരി തെളിച്ച് നല്കി. ഭവന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 12 ഭവനങ്ങളാണ് പൂർത്തീകരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിലിന്റെ ബഹുമാനാർത്ഥം ഭവന പദ്ധതിയ്ക്ക് മാർ പവ്വത്തിൽ ഭവന പദ്ധതിയെന്ന് പേര് നല്കുകയായിരുന്നു. സഹോദരങ്ങളെ ശുശ്രൂഷിക്കേണ്ടത് കടമയാണെന്ന ബോധ്യം ജനിക്കുന്നത് വിശ്വാസത്തിൻറെ ആഴങ്ങളിൽ നിന്നുമാണ് . വേദനിക്കുന്ന സഹോദരങ്ങൾക്കാശ്വാസമാകുവാൻ രൂപതയുടെ ആരംഭത്തിൽ തന്നെ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് തുടക്കമിട്ട ദീർഘദർശിയാണ് മാർ പവ്വത്തിൽ . അദ്ദേഹത്തിന്റെ സ്മരണാർഥം കപ്പാടുള്ള മാർ പവ്വത്തിൽ നഗറിൽ പൂർത്തീകരിച്ച ഭവനപദ്ധതി സുവിശേഷത്തിന്റെ ജീവിക്കുന്ന മുഖത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ആശീർവാദകർമ്മമധ്യേയുള്ള സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. ഇന്ന് അറുപത്തിമൂന്ന് ജീവകാരുണ്യ സ്ഥാപനങ്ങളിലായി 2163 നിരാലംബരെ പുനരധിവസിപ്പിക്കുന്നതിനും ഏയ്ഞ്ചൽസ് വില്ലേജുൾപ്പെടെയുള്ള സമഗ്ര പദ്ധതികൾ, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ആവിഷ്കരിച്ച് പൂർത്തീകരിക്കുന്നതിനും നമുക്ക് സാധിക്കുന്നതിന് പിന്നിൽ ഇതിനെല്ലാം പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശവും നല്കി രൂപതയെ നയിച്ച അഭിവന്ദ്യ പിതാക്കൻമാരെയെല്ലാവരും സവിശേഷമായ പങ്കുവഹിക്കുന്നുവെന്ന് മാർ ജോസ് പുളിക്കൽ അനുസ്മരിച്ചു.
അനേകരുടെ സന്മനസ്സും കൂട്ടായ പരിശ്രമം ഒത്തുചേർന്നപ്പോൾ 12 കുടുംബങ്ങൾക്ക് തലചായ്ക്കാനിടമായി. കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനായ ഫാ. ജെയിംസ് തെക്കേമുറിയുടെ നേതൃത്വത്തിൽ നല്ലിടയന്റെ കൂട്ടുകാർ എന്ന സംഘടന വഴിയാണ് ഭവനപദ്ധതി ഏകോപിപ്പിക്കപ്പെട്ടത്. രൂപത റെയിൻബോ പദ്ധതിയിൽ പൂർത്തീകരിക്കുന്ന 45 ഭവനങ്ങൾക്ക് പുറമെയാണ് മാർ പവ്വത്തിൽ പദ്ധതി.
ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് രൂപതാ പ്രൊക്കുറേറ്റർ ഫാ.ഫിലിപ്പ് തടത്തിൽ മേൽനോട്ടം വഹിച്ചു.
ആശിർവാദ കർമ്മങ്ങളിൽ വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. കുര്യൻ താമരശ്ശേരി എന്നിവർക്കൊപ്പം ഫാ. ജെയിംസ് തെക്കേമുറി, കപ്പാട് വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ. ഫിലിപ്പ് തടത്തിൽ, ഫാ.തോമസ് തെക്കേമുറി, സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു , ഫാ. ജോസഫ് മരുതൂക്കുന്നേൽ, ഫാ. ജോസഫ് മരുതോലിൽ, ഫാ.ജിൻസ് വാതല്ലൂക്കുന്നേൽ, സി. മേരി ഫിലിപ്പ്, സന്യാസിനികൾ എന്നിവർ പങ്കെടുത്തു.