കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ കുമളിയില്‍ ഇന്ന് ആരംഭിക്കും

  കാഞ്ഞിരപ്പള്ളി രൂപതാ ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പന്ത്രണ്ടാമത് രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍ മെയ് 10, ബുധനാഴ്ച വരെ കുമളി സെന്റ് തോമസ് ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെടും. വൈകുന്നേരം 4 30ന് പരിശുദ്ധ കുര്‍ബാനയുടെ ആരംഭിച്ച് ഒമ്പതുമണിക്ക് സമാപിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ഡൊമിനിക് വാളന്മനാല്‍ നയിക്കും. പ്രാരംഭ ദിനമായ ഇന്ന് (മെയ് 7 ഞായർ) കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്യും. കാഞ്ഞിരപ്പള്ളി രൂപത മുന്‍ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, രൂപതാ പ്രോട്ടോ സിഞ്ചല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം എന്നിവര്‍ കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ പരിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

മെയ് 9 ചൊവ്വാഴ്ച നടത്തപ്പെടുന്ന യുവജന കണ്‍വെന്‍ഷന്‍ രാവിലെ 9 മണിക്ക് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് 2 മണിക്ക് സമാപിക്കും. ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടുന്ന യുവജന കണ്‍വെന്‍ഷനും ഫാദര്‍ ഡൊമിനിക് വാളന്മനാല്‍ നയിക്കുന്നതാണ്.

പാര്‍ക്കിംഗ് : ചെളിമടയില്‍ നിന്നും എത്തുന്നവര്‍ക്ക് ചെളിമട-ഒന്നാം മൈല്‍ റോഡില്‍ അട്ടപ്പള്ളം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് മുന്‍പായി ഇരുവശങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. ആനവിലാസം-പത്തുമുറി ഭാഗത്ത് നിന്നും എത്തുന്നവര്‍ക്ക് പള്ളിയിലെത്തുന്നതിനു മുമ്പ് ഇരുവശങ്ങളിലായി പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കുമളി-മൂന്നാര്‍ റോഡിലൂടെ വരുന്നവര്‍ക്ക് ഒന്നാംമൈല്‍ കുരിശുപള്ളിക്കു മുമ്പായും, സഹ്യജ്യോതി കോളജ്, ബഥനി സ്‌കൂള്‍ ഗ്രൗണ്ടുകളിലുമായിരിക്കും പാര്‍ക്കിംഗ്.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതാണ്. ബൈബിള്‍ കണ്‍വന്‍ഷന്‍ വേദിയായ കുമളി ഫൊറോന പള്ളി അങ്കണത്തിലെ അവസാനഘട്ട ഒരുക്കങ്ങളുള്‍പ്പെടെ പൂര്‍ത്തിയായതായും പങ്കെടുക്കുന്നവര്‍ക്ക് അടിയന്തിര വൈദ്യ സഹായമുള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ടെന്നും ജനറല്‍ കണ്‍വീനറും കുമളി സെന്റ് തോമസ് ഫൊറോന പള്ളി വികാരിയുമായ റവ.ഡോ. തോമസ് പൂവത്താനിക്കുന്നേല്‍ അറിയിച്ചു.