ചക്രവാതച്ചുഴി ചുഴലിക്കാറ്റാകാന്‍ സാധ്യത; സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് ന്യുന മര്‍ദ്ദം രൂപപ്പെട്ടത്. ചൊവ്വാഴ്ചയോടെ ഇത് തീവ്ര ന്യുന മര്‍ദ്ദമായും തുടര്‍ന്ന് മെയ് 10ഓടെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടക്കത്തില്‍ മെയ് 11 വരെ വടക്ക്- വടക്ക് പടിഞ്ഞാറു ദിശയില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് സഞ്ചരിച്ചതിന് ശേഷം വടക്ക്- വടക്ക് കിഴക്ക് ഭാഗത്തേക്ക് ദിശ മാറി ബംഗ്ലാദേശ്- മ്യാന്മാര്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് അറിയിപ്പുണ്ട്. 11ന് വയനാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് ഉണ്ടായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.