ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് കര്‍ശന ശിക്ഷ; ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് അംഗീകാരം

ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതിന് പുറമെ, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയില്‍ വരും.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് പരമാവധി ശിക്ഷ മൂന്നു വര്‍ഷത്തില്‍ നിന്ന് ഏഴു വര്‍ഷം കഠിന തടവാകും. അതിക്രമങ്ങള്‍ക്ക് കുറഞ്ഞ ശിക്ഷ ആറുമാസം തടവാണ്. വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപത്തിന് മൂന്നു മാസം തടവും പിഴയും അടക്കം ശിക്ഷ ലഭിക്കും. ആശുപത്രിയിലുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് വിപണിവിലയുടെ ആറിരട്ടി വരെ പിഴ ഈടാക്കും.

നഴ്സിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. സുരക്ഷാ ജീവനക്കാര്‍ക്കും പരിശീലനത്തിന് എത്തുന്നവര്‍ക്കും നിയമപരിരക്ഷ ലഭിക്കും. സൈബര്‍ ആക്രമണവും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകരുടെ ദീര്‍ഘകാല ആവശ്യത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങളോ പരാതികളോ ഉയര്‍ന്നുവന്നാല്‍ അട് അടുത്ത നിയമസഭ സമ്മേളനത്തില്‍ നിയമഭേഗതിയായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിയമഭേദഗതിക്ക് ഡോ.വന്ദനയുടെ പേരിടണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നത്.