കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഇൻഫാം രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകും

കാഞ്ഞിരപ്പള്ളി: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരണമടഞ്ഞ സംഭവത്തിൽ ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രതിഷേധിച്ചു. അപകടത്തിൽ മരണടഞ്ഞ കർഷകരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഇതു സംബന്ധിച്ചു ചേർന്ന അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിൽ ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. ഇൻഫാം അംഗങ്ങളായ കർഷകർ സംഭാവനയായി നൽകുന്ന ഈ ധനസഹായം കൈമാറുന്നതിന് എരുമേലി കാർഷിക താലൂക്ക് ഡയറക്ടർ ഫാ. മാത്യു നിരപ്പേലിനെയും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോസ് താഴത്തുപീടികയെയും ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലങ്ങളായി ശക്തമായ ഭാഷയിൽ കാട്ടുമൃഗങ്ങുടെ ഉപദ്രവങ്ങളെക്കുറിച്ചുള്ള കർഷകരുടെവിലാപം പൊതുസമൂഹത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ജനപ്രതിനിധികളോടും

രാഷ്ട്രീയനേതാക്കന്മാരോടും നേരിട്ടും സംഘാതമായും മാധ്യമങ്ങൾ മുഖേനെയും ഈ സങ്കടം നിരവധി തവണ അറിയിച്ചിട്ടുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തിനും

അപകടകരമാംവിധത്തിൽ കാട്ടുമൃഗങ്ങൾ സൈ്വര്യവിഹാരം നടത്തുന്ന കാര്യം കേരളത്തിലെ ഒരു നേതാക്കന്മാർക്കും അറിയാത്തതല്ല. ഇപ്പോൾ തന്റെ വീടിന്റെ ഉമ്മറത്തിരുന്ന ഒരു കർഷകനും തന്റെ കൃഷിയിടത്തിൽ ജോലിചെയ്തുകൊണ്ടിരുന്ന ഒരു കർഷകനുമാണ് കാട്ടുപോത്തിന്റെ ആക്രമണമേറ്റ് മരണമടഞ്ഞത്. കഴിഞ്ഞ കുറേക്കാലങ്ങളായി കാട്ടുമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ചുള്ള ജനങ്ങളുടെ പരാതിയും ആവലാതിയും കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സർക്കാരിന്റെയും

സമീപനം ഏറെ അപലപനീയമാണ്. ജനസംഖ്യാവർധനവ് നിയന്ത്രിക്കുവാൻവേണ്ടി വെമ്പൽകൊള്ളുന്ന ഗവൺമെന്റ് കാട്ടുമൃഗങ്ങളുടെ വർധനവും ജനസംഖ്യാവർധനവ് നിയന്ത്രിക്കുവാൻ വേണ്ടി വെമ്പൽകൊള്ളുന്ന ഗവൺമെന്റ് കാട്ടുമൃഗങ്ങളുടെ വർധനവും നിയന്ത്രിക്കാനാവശ്യമായ അടിയന്തര നടപടിയെടുക്കണം. കാട്ടുമൃഗങ്ങളെ സംരക്ഷിക്കുന്നതിനു മാത്രമല്ല വനത്തിനുൾക്കൊള്ളാൻ കഴിയാത്തവിധം പെരുകുന്ന കാട്ടുമൃഗങ്ങളുടെ എണ്ണത്തെ വികസിത രാജ്യങ്ങളിലുള്ളതുപോലെ വെടിവച്ചുകൊല്ലാനും വംശവർധനവ് നിയന്ത്രിക്കാനും സർക്കാർ തയാറാകണം. ജനപ്രതിനിധികളോട് ഒരു വാക്ക് – നിങ്ങൾ ജനപ്രതിനിധികളാണ്, കാട്ടുമൃഗ പ്രതിനിധികളല്ല. അതുകൊണ്ട് നിങ്ങളെ തെരഞ്ഞെടുത്ത ജനത്തിന്റെ ജീവനും സ്വത്തിനും മതിയായ സംരക്ഷണമൊരുക്കുക എന്നത് നിങ്ങളുടെ കടമയും ഉത്തരവാദിത്വവുമാണ്. ഈ പ്രശ്നത്തിൽ ക്രിയാത്മകമായി ഇടപെട്ട് നിങ്ങളെ തെരഞ്ഞെടുത്ത ജനത്തിന്റെ ജീവനും സ്വത്തിനും വേണ്ടസംരക്ഷണം ഒരുക്കണമെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.യോഗത്തിൽ ജോയിന്റ് ഡയറക്ടർമാരായ ഫാ. ജിൻസ് കിഴക്കേൽ, ഫാ. ആൽബിൻ പുൽത്തകിടിയേൽ, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ട്രഷറർ ജെയ്സൺ ജോസഫ് ചെംബ്ലായിൽ, വൈസ് പ്രസിഡന്റ് ബേബിച്ചൻ ഗണപതിപ്ലാക്കൽ, ജോയിന്റ് സെക്രട്ടറി ജോമോൻ ചേറ്റുകുഴി, താലൂക്ക് ഡയറക്ടർമാരായ ഫാ. ജയിംസ് വെൺമാന്തറ, ഫാ. റോയി നെടുംതകടിയേൽ, ഫാ. മാത്യു വള്ളിപ്പറമ്പിൽ, ഫാ. ബിബിൻ കണിയാം നടയ്ക്കൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു