കോട്ടയത്തിൻറെ കിഴക്കൻ മേഖലയില്‍ കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍, വാഗമണില്‍ മണ്ണിടിച്ചില്‍

കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളില്‍ കനത്ത മഴ. തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ലെന്നാണ് വിവരം.

കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഒരു റബ്ബര്‍ മെഷ്യൻപുര ഒഴുകിപ്പോയി. റോഡില്‍ മുഴുവൻ കല്ലും മണ്ണും നിറഞ്ഞ് ഗതാഗത തടസ്സമുണ്ട്. വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.

കനത്ത മഴയെത്തുടര്‍ന്ന് വാഗമണ്‍ റോഡിലും മണ്ണിടിച്ചിലുണ്ടായി. മംഗളഗിരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. തീക്കോയി, അടുക്കം, ഒറ്റയീട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ തീക്കോയി വില്ലേജിലെ വെളിക്കുളം സ്കൂളില്‍ റവന്യൂ വകുപ്പ് ക്യാമ്ബ് തുറന്നു.