ന്യൂനമർദവും ചക്രവാത ചുഴിയും : തെക്ക്, മധ്യ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമര്‍ദ്ദവും നിലനില്‍ക്കുന്നതാണ് ഇന്നും കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയേകുന്നത്.

മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കോട്ടയമടക്കമുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ഇന്നലെ കനത്തമഴയാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ ശക്തമായ മഴയായിരുന്നു. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളില്‍ മൂന്നു മണിക്കൂറോളം അതിശക്തമായിരുന്നു മഴ. ഇതിനെ തുടര്‍ന്ന് മീനച്ചിലാറില്‍ പലയിടത്തും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഒറ്റയീട്ടിയ്ക്ക് സമീപം ഒരു കാര്‍ വെള്ളപ്പാച്ചിലില്‍ പെട്ടെങ്കിലും അപകടങ്ങളില്ല. അതിനിടെ, വാഗമണ്‍ റോഡില്‍ മംഗളഗിരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തീക്കോയി വില്ലേജില്‍ വെളിക്കുളം സ്കൂളില്‍ ക്യാമ്ബ് തുറന്നിട്ടുണ്ട്.

ജാഗ്രത വേണമെന്ന് കോട്ടയം കളക്ടറുടെ അറിയിപ്പ്

കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.