ആർക്കും കെടുത്താനാവാത്ത തീയാണ് കത്തോലിക്കാ വിശ്വാസം

പാര്‍ത്ഥനയോടെ പ്രതീക്ഷയോടെ പുതിയൊരു വര്‍ഷത്തിലേയ്ക്ക് നാം പ്രവേശിക്കുകയാണ് 2018 വിട പറയുന്നത് അഭിമാനിക്കുവാനും സന്തോഷിക്കുവാനുമുള്ള ഒത്തിരി ഓര്‍മ്മകള്‍ നല്കികൊണ്ടാണ്. ഒപ്പം കത്തോലിക്കാവിശ്വാസിയെ സംബന്ധിച്ചിടത്തോളം വേദനയുടെയും സംഘടിതമായി സഭാ വിരോധികളാല്‍ ആക്രമിക്കപ്പെട്ട വര്‍ഷം. ഈ ആക്രമണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമൊക്കെ ചുക്കാന്‍ പിടിക്കാന്‍ സഭാവിരുദ്ധരോടൊപ്പം മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും സാമുദായികസംഘടനകള്‍ വരെ യുണ്ടായിരുന്നു. ഇവരോടൊപ്പം പൊതുസമൂഹത്തില്‍ സഭയെ അപമാനിക്കുവാന്‍ ചില വൈദികരും സന്ന്യാസിനികളും ഉണ്ടായിരുന്നുവെന്നതാണ് ഏറ്റവും വേദനാജനകം. ഒരു പക്ഷേ, കേരളചരിത്രത്തില്‍ ഇത്രമാത്രം സഭ അവഹേളിക്കപ്പെട്ട ഒരു വര്‍ഷം ഉണ്ടായിട്ടുണ്ടാവില്ല. കേരളകത്തോലിക്കാസമൂഹം തകര്‍ച്ചയിലേയ്ക്ക് എന്നു മാധ്യമങ്ങളും സഭയുടെ ശുശ്രൂഷകളിലും വളര്‍ച്ചയിലും അസൂയപൂണ്ടവരും വിധിയെഴുതി.
എന്നാല്‍ ഈ ആരോപണങ്ങള്‍ക്കെല്ലാം തക്ക മറുപടി കത്തോലിക്കാവിശ്വാസികള്‍ കൊടുത്ത വര്‍ഷംകൂടിയായിരുന്നു ഇത്. പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്തോറും വിശ്വാസത്തില്‍ ജ്വലിക്കും എന്നതാണ് കത്തോലിക്കാവിശ്വാസത്തിന്‍റെ മഹത്വം. 2018 വര്‍ഷത്തിലെ നവംബര്‍, ഡിസംബര്‍മാസങ്ങളില്‍ നടന്ന മൂന്നു സംഭവങ്ങള്‍മാത്രം എടുത്താല്‍മതി കത്തോലിക്കാവിശ്വാസത്തിന്‍റെ ജ്വലനം എത്രയെന്നു തിരിച്ചറിയാന്‍.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടന്ന അഭിഷേകാഗ്നി, കൃപാഭിഷേകം കണ്‍വന്‍ഷനുകളിലേയ്ക്ക് ഒഴുകിയെത്തിയ ജനത്തിരക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. നമ്മുടെ രൂപതയില്‍ നവം.28 മുതല്‍ ഡിസം.2 വരെ കാഞ്ഞിരപ്പള്ളി സെന്‍റ്.ഡോമിനിക്സ് കത്തീദ്രല്‍ അങ്കണത്തില്‍ വച്ചു നടത്തിയ 7-ാംമത് അഭിഷേകാഗ്നി കണ്‍വന്‍ഷനിലേയ്ക്ക് ആദ്യംതന്നെയെത്തിയ വിശ്വാസികളുടെ എണ്ണം സംഘാടകര്‍ സമാപനദിവസം പ്രതീക്ഷിച്ചതിലും അധികമായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പതിനായിരങ്ങളാണ് കണ്‍വന്‍ഷനിലേയ്ക്ക് ദൈവവചനം ശ്രവിക്കുവാനായി ഒഴുകിയെത്തിയത്. ഈ വലിയ വിശ്വാസസമൂഹം ഒരുത്തരമായിരുന്നു, സഭാവിമര്‍ശനം മാത്രം തൊഴിലാക്കിയവര്‍ക്കുള്ള ഉത്തരം.
ഡിസം.1 മുതല്‍ 25 വരെയുള്ള നോമ്പുകാലത്ത് നമ്മുടെ ദേവാലയങ്ങളില്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കുവാനും കുമ്പസാരിക്കുവാനും എത്തിയവരുടെ എണ്ണം മുന്‍വര്‍ഷങ്ങളിലേക്കാളും എത്രയോ അധികമായിരുന്നു.
കത്തോലിക്കാപൗരോഹിത്യവും സന്ന്യാസവും ഏറ്റവും കൂടുതല്‍ പഴികേട്ട നാളുകളായിരുന്നു ഇത്. എന്നിട്ടും ഡിസംബര്‍ മാസം അവസാനം എല്ലാ രൂപതകളിലും നടന്ന ദൈവവിളി ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ യുവജനങ്ങളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാളും കൂടുതലാണ്.
ഇതൊക്കെ ഉത്തരങ്ങളാണ്. കത്തോലിക്കാസഭയുടെയും വിശ്വാസത്തിന്‍റെയും നാശം കാത്തിരിക്കുന്ന സഭാവിരോധികള്‍ക്കും അവരുടെ താളത്തിനൊത്തു തുള്ളി അസത്യപ്രചാരകരായ മാധ്യമങ്ങള്‍ക്കും, തട്ടിക്കൂട്ടു സംഘടനകള്‍ക്കുമൊക്കെയുള്ള ഉത്തരം. ഒരു ദുരാരോപണങ്ങള്‍ക്കും തകര്‍ക്കാവുന്നതല്ല സ ഭയുടെ കെട്ടുറപ്പ് എന്നു തെളിയിച്ച 2018-ല്‍ നിന്ന് 2019-ലേയ്ക്ക് പ്രവേശിക്കുമ്പോള്‍ സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും നമ്മുടെ കത്തോലിക്കാ വിശ്വാസത്തില്‍ അഭിമാനിക്കാനും സാധിക്കട്ടെ.

Leave a Reply