വനംവകുപ്പ് സംഘം ബാവലിയില്‍, മയക്കുവെടി ദൗത്യത്തിന് സര്‍വം സജ്ജം

വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഖ്നയുള്ള സ്ഥലം വനംവകുപ്പ് തിരിച്ചറിഞ്ഞു.

ബാവലി സെക്ഷനിലെ വനമേഖലയില്‍നിന്ന് ആനയുടെ സിഗ്നല്‍ ലഭിച്ചു. ബാവലിക്കടുത്ത് അമ്ബത്തിയെട്ടിനടുത്താണ് നിലവില്‍ ആനയെന്നാണ് കരുതുന്നത്. നേരിട്ട് ആനയെ കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് മയക്കുവെടി വെക്കാനുള്ള സാധ്യതകള്‍ വനംവകുപ്പ് പരിശോധിക്കും.

ആനയെ തളയ്ക്കുന്നതിനായി കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യ, ഭരത് എന്നീ കുങ്കിയാനകള്‍ ബാവലി മേഖലയില്‍ എത്തിയിട്ടുണ്ട്. മയക്കുവെടി വെക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ ഒരു സംഘം ആനയുടെ സ്ഥാനം കണ്ടെത്തിയ പ്രദേശത്തെത്തിയിട്ടുണ്ട്. വനംവകുപ്പിന് പുറമെ റെവന്യു, പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്. ബാവലിയില്‍ ജനങ്ങള്‍ അനാവാശ്യമായി പുറത്തിറങ്ങരുതെന്ന കർശന ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞവർഷം നവംബറില്‍ ഹാസനിലെ ബേലൂരില്‍നിന്ന് പിടികൂടിയ, സ്ഥിരം കുഴപ്പക്കാരനും അക്രമകാരിയുമായ മോഴയാനയാണ് ബേലൂർ മാഖ്ന. ജനവാസകേന്ദ്രങ്ങളിലിറങ്ങി കുഴപ്പമുണ്ടാക്കിയതോടെയാണ് ഈ ആനയെ അന്ന് പിടികൂടിയത്. ഇതേ ആനയാണ് ശനിയാഴ്ച രാവിലെ 7.10-ഓടെയാണ് മാനന്തവാടിക്ക് സമീപം ചാലിഗദ്ദയില്‍ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. ആനയെക്കണ്ട് അജീഷ് സമീപത്തുള്ള പായിക്കണ്ടത്തില്‍ ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് വീട്ടിലേക്കുള്ള പടവുകള്‍ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജീഷിനെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.