കര്‍ഷകരുമായി മൂന്നാംവട്ട ചര്‍ച്ചയും പരാജയം, അടുത്ത ഞായറാഴ്ച്ച വീണ്ടും ചര്‍ച്ച

കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി കര്‍ഷസംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയം. കര്‍ഷകരുടെ ആവശ്യങ്ങളില്‍ സമവായത്തിലെത്താനാകാതെ മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു അടുത്ത ചര്‍ച്ച ഞായറാഴ്ച്ച നടത്തും.

വളരെ അനുകൂലമായ ചര്‍ച്ചയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും കര്‍ഷകരും തമ്മില്‍ നടന്നതെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട പ്രതികരിച്ചു. കര്‍ഷകര്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഊന്നി ഞായറാഴ്ച്ച വൈകിട്ട് ആറ് മണിക്ക് അടുത്ത ചര്‍ച്ച നടത്തുമെന്നും അര്‍ജുന്‍ മുണ്ടെ അറിയിച്ചു.അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായി കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, അര്‍ജുന്‍ മുണ്ടെ, സംസ്ഥാന ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഫെബ്രുവരി 8 നും ഫെബ്രുവരി 12 നുമാണ് ഒന്നും രണ്ടും ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നാണ് കര്‍ഷകരുടെ നിലപാട്.

പൊലീസുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തിലും പ്രക്ഷോഭവുമായി കര്‍ഷകര്‍ മുന്നോട്ട് തന്നെ നീങ്ങുകയാണ്. കര്‍ഷകരെ തടയുന്നതിനായി ഡല്‍ഹി അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അടക്കമുള്ള വന്‍വേലിക്കെട്ടുകള്‍ തീര്‍ത്തിരിക്കുകയാണ് അധികൃതര്‍. വായ്പപ്പലിശയിളവ്, താങ്ങുവില നിയമപരമാക്കല്‍ തുടങ്ങിയ ആവശ്യങ്ങളുമായി കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനെ പഞ്ചാബ്ഹരിയാന അതിര്‍ത്തികളില്‍ പൊലീസ് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചത്.