കേന്ദ്രസര്‍ക്കാരിന്റെ അനുനയ ശ്രമങ്ങള്‍ ഫലപ്രദമാകാതെ വന്നതോടെ കര്‍ഷകര്‍ സമരവുമായി മുന്നോട്ട് നീങ്ങാന്‍ തയാറെടുക്കുന്നു.
നിശ്ചയദാര്‍ഢ്യത്തോടെ കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ചുമായി നീങ്ങുമ്ബോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന പ്രതിരോധ ശ്രമങ്ങളെ നേരിടാന്‍ സര്‍വ്വസന്നാഹവും ഒരുക്കിയിട്ടുണ്ട്.കോണ്‍ക്രീറ്റ് പാളികള്‍, മുള്ളുവേലികള്‍, വലിയ ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ എന്നിവ ഭരണകൂടം സമരത്തെ ഉപരോധിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കര്‍ഷകരുടെ ട്രാക്ടറുകളുടെയും ജെസിബികളുടെയും നീക്കം തടയാന്‍ ഹൈവേയില്‍ ആണി ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസിന്റെ ഏത് ഉപരോധത്തെയും നേരിടാനുള്ള ഒരുക്കത്തിലാണ് കര്‍ഷകരും. ശംഭു അതിര്‍ത്തിയില്‍ ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഹരിയാന പൊലീസിന്റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം.
കര്‍ഷകര്‍ നദി മുറിച്ചുകടക്കുമെന്ന് പ്രതീക്ഷിച്ച് ട്രാക്ടറുകളെയും ട്രോളികളെയും മറ്റ് മോട്ടോര്‍ വാഹനങ്ങളെയും തടയാന്‍ പോലീസ് നദിയുടെ അടിത്തട്ട് കുഴിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളും കര്‍ഷകര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പുഴയുടെ അടിത്തട്ടില്‍ താത്കാലിക പാലം നിര്‍മ്മിക്കുന്നതിനായി മണ്ണുനിറച്ച ചാക്കുകള്‍ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. ഇതിനായി മണ്ണ് നിറച്ച ചാക്കുകള്‍ കര്‍ഷകര്‍ ട്രോളിയില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കുറഞ്ഞത് ഏഴ് ട്രോളികളിലെങ്കിലും ഇത്തരത്തില്‍ ചാക്കുകള്‍ നിറച്ചതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.