ബിനീഷ് കളപ്പുരയ്ക്കല്‍
സാറാമ്മയും കേശവന്‍നായരുമാണ് കഥാപാത്രങ്ങള്‍. തങ്ങള്‍ക്ക് ആദ്യം ജനിക്കാന്‍ പോകുന്ന തങ്കക്കുടത്തിന് ഒരു പേരിടണം. പ്രശ്നമാണ്. കാരണം ഒരാള്‍ ക്രിസ്ത്യാനിയും മറ്റേയാള്‍ ഹിന്ദുവുമാണ്. ഒരു മതത്തിന്‍റെയും സൂചന വരാന്‍ പാടില്ല. കേശവന്‍നായര്‍ പ്രഖ്യാപനം ചെയ്തു.
“മിഠായി”
സാറാമ്മ പതുക്കെ പറഞ്ഞു.
“ആകാശം”
രണ്ട് പേരും മുഖത്തോട് മുഖം നോക്കി. സാറാമ്മ ധീരതയോടെ മകന്‍റെ പേര് വിളിച്ചു.
“മിഠായി ആകാശം! എടാ മോനേ, മിഠായി ആകാശം!…”
“തെറ്റ്!” കേശവന്‍നായര്‍ ശരിയായത് പറഞ്ഞു. തന്‍റെ തങ്കക്കുട്ടനായ മകന്‍റെ പേര് ഗാംഭീര്യത്തോടെ വിളിച്ചു.
“ആകാശമിഠായി”
വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘പ്രേമലേഖനം’ എന്ന നോവലിലെയാണീ രംഗം. ഒരു പേരിന്‍റെ പ്രശ്നമേ ഉള്ളൂവെങ്കില്‍ മിശ്രവിവാഹം ഒരു നിസ്സാരമായ കാര്യമാണ്. പക്ഷേ, പ്രശ്നത്തിന്‍റെ ഗൗരവം സാറാമ്മ തന്നെ കഥയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്? തങ്ങളുടെ മക്കളെ ഒരു മതത്തിലും ചേര്‍ക്കാതെ നിര്‍മതരായി വളര്‍ത്താമെന്ന് കേശവന്‍നായര്‍ പറയുമ്പോള്‍ സാറാമ്മ ആ സംശയം ചോദിക്കുന്നു.
“മൃഗങ്ങളെപ്പോലെയോ? പക്ഷികളേപ്പോലെയോ? പാമ്പുകളേപ്പോലെ? ചീങ്കണ്ണികളേപ്പോലെ?”
ജീവിതപങ്കാളിയെ കണ്ടെത്തുമ്പോള്‍ യാതൊരു പ്രാധാന്യവുമില്ലാത്തതാണോ അവരുടെ ആത്മീയജീവിതം? ചീങ്കണ്ണിയേയും പാമ്പിനേയും പോലെ മൃഗതൃഷ്ണ മാത്രമാണോ ഒരു വിവാഹത്തിനടിസ്ഥാനമാകേണ്ടത്? എന്തുകൊണ്ടാണ് തങ്ങള്‍ ജീവിച്ച ആത്മീയ ചുറ്റുപാടുകളെയും വിശ്വാസത്തെയും വളരെ നിസ്സാരമായി ഉപേക്ഷിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ ഇറങ്ങിപ്പോകുന്നത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് മറ്റ് സമൂഹങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം പെരുകുന്നുവെന്നതാണ് കണക്കുകള്‍ പറയുന്ന സത്യം. ഒരു വര്‍ഷം ശരാശരി പതിനായിരത്തോളം സീറോമലബാര്‍ സഭാംഗങ്ങള്‍! ദീപിക ഫ്രണ്ട്സ് ക്ലബ് സെക്രട്ടറി ഫാ. റോയി കണ്ണന്‍ചിറയാണീ കണക്ക് ഈയിടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇത്തരം ഇറങ്ങിപ്പോക്കുകള്‍ക്കുപിന്നിലെ ചില കാരണങ്ങള്‍ ഇവയാണ്.
ഒന്ന് : വളരെ ലളിതം. നമ്മള്‍ ഒരു മിഠായി കഴിക്കുന്നു. മിഠായിക്കടലാസ് പൊളിച്ച് മിഠായി വായിലിട്ട് മധുരം നുണയുന്നു. മിഠായിക്കടലാസ് കളയുന്നു. അതായത് വിലയുള്ളതിനെ സ്വീകരിക്കുന്നു. വിലയില്ലായെന്നു തോന്നുന്നതിനെ ഉപേക്ഷിക്കുന്നു. പത്തിരുപതുവര്‍ഷം ഒരാള്‍ ക്രൈസ്തവവിശ്വാസത്തില്‍ ജീവിച്ചിട്ട് ഒരു സുപ്രഭാതത്തില്‍ അത് പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നുവെങ്കില്‍ അതിന്‍റെ അര്‍ത്ഥം ആ ചങ്ങാതിക്ക് ഇതുവരെ ഈ വിശ്വാസത്തിന്‍റെ വിലയറിയാന്‍ കഴിഞ്ഞിട്ടില്ല. അത്രതന്നെ. വേദപാഠം പഠിച്ചിട്ടും, ഞായറാഴ്ച കുര്‍ബാന കൂടീട്ടും തിരുനാളുകള്‍ ഘോഷിച്ചിട്ടും ഇന്നുവരെ കക്ഷിക്ക് ഒരു ദൈവാനുഭവവും ഉണ്ടായിട്ടില്ല. ഒക്കെ ഒരു കാട്ടിക്കൂട്ടലായിരുന്നു. കാര്യം ശരിയാണ്, 2015 ല്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് ഐ.എസ്. തീവ്രവാദികള്‍ തലയറുത്തെടുക്കുമ്പോഴും ‘ഈശോ ഏകരക്ഷകന്‍’ എന്ന് സന്തോഷത്തോടെ ഏറ്റുപറഞ്ഞ 21 ഈജിപ്ഷ്യന്‍ ക്രൈസ്തവയുവാക്കളിലെ, അവരൊക്കെ ജീവനേക്കാള്‍ വിലയുള്ളതായി കണ്ട വിശ്വാസമാണ്, ഫെയ്സ്ബുക്കിലെ ഒരു ഫ്രണ്ട് റിക്വസ്റ്റിന്‍റെ പേരില്‍ ചുമ്മാ കളഞ്ഞിട്ട് പോകുന്നത്.
രണ്ട്ڈ: മാരകമായ പ്രണയം. തന്‍റെ ആത്മീയജീവിതം അത്ര മോശമൊന്നുമല്ലെന്നറിയാം. ദൈവാനുഭവവും ഉണ്ടായിട്ടുണ്ട്. ഇന്നും ബൈബിളൊക്കെ വായിക്കുമ്പോള്‍, കുര്‍ബാന കൂടുമ്പോള്‍ ഉള്ളില്‍ ഒരാശ്വാസമാണ്. പക്ഷേ, അവന്‍റെ അവളുടെ പ്രണയം അത് തന്നെ കീഴ്പ്പെടുത്തുന്നു. കുരിശുവരയും ജപമാലയും കുര്‍ബാനയും മുടങ്ങുന്നു. ആത്മീയഉപദേശങ്ങള്‍ അരോചകമാകുന്നു. മൊബൈല്‍ താഴെവയ്ക്കാന്‍ പറ്റുന്നില്ല. ജപമാലയ്ക്ക് വല്ലാതെ ദൈര്‍ഘ്യം കൂടുന്നപോലെ. എന്തിനാണീ ലുത്തീനിയ മുഴുവന്‍ ചൊല്ലുന്നത്. ധ്യാനവും പ്രാര്‍ത്ഥനയുമുപേക്ഷിക്കാന്‍ മുടക്കുന്യായങ്ങള്‍ കണ്ടെത്തുന്നു. അതിന് ഇത്തിരി വിപ്ലവത്തെയും ഇത്തിരി യുക്തിവാദത്തെയും പിന്നെ ശകലം യൂട്യൂബിലെ രവിചന്ദ്രന്‍മാഷിന്‍റെ പ്രസംഗങ്ങളെയും കൂട്ടുപിടിക്കുന്നു. അങ്ങനെ ഇരുട്ടിന്‍റെ ഒരു മറ തനിക്കു ചുറ്റും തീര്‍ക്കുന്നു. പക്ഷേ, സംഭവം മറ്റൊന്നുമല്ല. ഈ സാധുവിന്‍റെ അവസ്ഥ പൗലോസ് അപ്പസ്തോലന്‍ വിവരിക്കുന്നുണ്ട്.
“എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്; ആത്മാവിന്‍റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നത് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു” (ഗലാത്തിയ 5:17)
സുഭാഷിതങ്ങളില്‍ ഇവരേക്കുറിച്ച് ഇങ്ങനെ പറയുന്നു: ‘അവന്‍ വഴിക്കോണില്‍ അന്തിമിനുക്കത്തില്‍ രാത്രിയുടെയും ഇരുളിന്‍റെയും മറവില്‍ അവളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു… ഒട്ടേറെ … വാക്കുകള്‍കൊണ്ട് അവള്‍ അവനെ പ്രേരിപ്പിക്കുന്നു. മധുരമൊഴിയാല്‍ അവള്‍ അവനെ നിര്‍ബന്ധിക്കുന്നു. കശാപ്പുശാലയിലേക്ക് കാള പോകുന്നതുപോലെ, ഉടലിനുള്ളില്‍ അമ്പ് തുളഞ്ഞുകയറത്തക്കവിധം കലമാന്‍ കുരുക്കില്‍പ്പെടുന്നതുപോലെ, പക്ഷി കെണിയിലേക്ക് പറന്നു ചെല്ലുന്നതുപോലെ പെട്ടെന്ന് അവന്‍ അവളെ അനുഗമിക്കുന്നു. ജീവനാണ് തനിക്ക് നഷ്ടപ്പെടാന്‍ പോകുന്നതെന്ന് അവന്‍ അറിയുന്നതേയില്ല.” (സുഭാഷിതങ്ങള്‍ 7:8, 21-23)
പക്ഷേ, ഇതൊന്നും ഇത്തരക്കാര്‍ സമ്മതിച്ചുതരില്ല കേട്ടോ. താന്‍ വിശ്വാസമുപേക്ഷിക്കാന്‍ കാരണം മദ്യകാലത്ത് സഭയുടെ നിലപാടുകളോട് തീരെ യോജിക്കാത്തതുകൊണ്ടാണെന്നേ പറയൂ. ഇവര്‍ കഠിനഹൃദയരായ, നിസ്സഹായരാണ്. ഇവരോട് തര്‍ക്കിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുത്. കരുണയോടെ പ്രാര്‍ത്ഥിക്കുക.
മൂന്ന്: കടുത്ത ഏകാന്തതയനുഭവിക്കുന്നവര്‍
ഒന്നുകില്‍ അപ്പനമ്മമാരുടെ നിരന്തരമായ കലഹം മൂലം കുടുംബസമാധാനം നഷ്ടപ്പെട്ട മക്കള്‍. അല്ലെങ്കില്‍ മദ്യപാനിയായ പിതാവിന്‍റെ അസഹനീയമായ ക്രൂരതകള്‍ക്കിരയാകേണ്ടി വന്ന മക്കള്‍. അപ്പനോ അമ്മയോ വഴിവിട്ട ജീവിതം നയിച്ചതിന്‍റെ പേരില്‍ അപമാനിതരായ കുഞ്ഞുങ്ങള്‍. മാതാവോ പിതാവോ ഉപേക്ഷിച്ചിട്ട് അനാഥരായവര്‍. കുടുംബാംഗങ്ങള്‍ തന്നെ ഭീഷണിയായവര്‍. ഈ മക്കള്‍ തങ്ങളുടെ കുടുംബത്തെയും മാതാപിതാക്കന്മാരെയും അവരുടെ വിശ്വാസത്തെയും വെറുത്തേക്കാം. ഈ നരകതുല്യമായ ജീവിതത്തില്‍നിന്നുള്ള ശാപമോക്ഷമായി, തന്നെ ആദ്യം പ്രൊപ്പോസ് ചെയ്യുന്ന സുഹൃത്തിനൊപ്പം അവന്‍റെ ആത്മീയ പരിസരത്തെയൊന്നും ശ്രദ്ധിക്കാതെ ഇറങ്ങി രക്ഷപെടാന്‍ ശ്രമിക്കുന്നു. മദ്യപിച്ച് കുടുംബത്തില്‍ നരകം സൃഷ്ടിക്കുന്നവരും, വാശിയും വൈരാഗ്യവും പറഞ്ഞുതീര്‍ത്ത് തോരാ മഴപോലെ കുടുംബകലഹമുണ്ടാക്കുന്ന മാതാപിതാക്കളും ഓര്‍ക്കുക. നമ്മുടെ അടിമകളേപ്പോലെ മക്കള്‍ എന്നും ഇത് സഹിച്ച് വീട്ടില്‍ നില്‍ക്കില്ല. നമ്മുടെ കലാപത്തിനിടെ അടയ്ക്കാന്‍ മറന്ന വാതിലിലൂടെ കഴുകനും പരുന്തും വന്ന് നമ്മുടെ മക്കളെ റാഞ്ചിക്കൊണ്ട് പോകും.
നാല്: ദുര്‍മാതൃകകള്‍
വിശ്വാസത്തേയും ആത്മീയജീവിതത്തെയും ദൗര്‍ബല്യമായും ഭീരുത്വമായും അവതരിപ്പിക്കുന്ന സിനിമകള്‍, പുസ്തകങ്ങള്‍. ആത്മീയതയില്ലാത്ത രജിസ്റ്റര്‍ വിവാഹമൊക്കെ വലിയ സാഹസികതയായി ഇവ കാണിക്കുന്നു. വാട്സാപ്പ് സ്റ്റാറ്റസുകളില്‍ ‘സഖാവിന്‍റെ വിവാഹം ഒരു വിപ്ലവമാണ്’ എന്ന കുറിപ്പിടുന്നു. ഇത്തരം വിവാഹങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ സിനിമയില്‍ അവതരിപ്പിക്കുന്നു. തങ്ങളുടെ മാതാപിതാക്കളും ഇങ്ങനെയൊക്കെ അപ്പുറമെന്ന് ചില മക്കള്‍ കരുതുന്നു. ജൂഡ് ആന്‍റണിയുടെ ഓം ശാന്തി ഓശാനയില്‍ ഡോ. മാത്യു ദേവസ്യ എന്ന അപ്പന്‍ എത്ര നിസ്സാരമായും ലാഘവത്വത്തോടും കൂടിയാണ് മകള്‍ വ്യത്യസ്തമായ ആത്മീയപരിസരത്തില്‍നിന്നുമുള്ള ഗിരിയേട്ടനുമായി വിവാഹം ചെയ്യുന്നുവെന്ന വാര്‍ത്തയെ സ്വീകരിക്കുന്നത്. അല്ലെങ്കില്‍ ജോമോന്‍റെ വിശേഷങ്ങളില്‍ ജോമോന്‍ ടി. വിന്‍സെന്‍റ് വൈദേഹിയെ ഭാര്യയാക്കുമ്പോള്‍ അത് ഒരു ചെറിയ തമാശ മാത്രമാണ്. സിനിമതന്നെ അവിടെ തീരുന്നു. ഓക്കെ. കൊള്ളാം, വിപ്ലവം. പക്ഷേ ഒന്നോര്‍ക്കണം. ഈ സിനിമ ചെയ്ത ജൂഡ് ആന്‍റണി നല്ല സുന്ദരമായി തന്‍റേതന്നെ മതത്തില്‍പ്പെട്ട സയാന ആന്‍ ജെയിംസിനെ എറണാകുളം അങ്കമാലി അതിരൂപതയില്‍പെട്ട ചെങ്ങമനാട് സെന്‍റ് ആന്‍റണീസ് പള്ളിയില്‍ വച്ച് വിവാഹം ചെയ്തു അന്തസ്സായിജീവിക്കുന്നു. ആളാണെങ്കില്‍ യൂദാശ്ലീഹായുടെ വലിയ ഭക്തനുമാണ്. അപ്പോള്‍ സിനിമ ഒരുക്കിയ വ്യക്തിക്കുപോലും ബോധ്യമില്ലാത്ത കാര്യമാണ് സിനിമയിലുള്ളത്. നായികയായ നസ്രിയയുടെ വിവാഹജീവിതവും ഫഹദ്ഫാസിലിനൊപ്പം ഐശ്വര്യമായി മുന്നോട്ടുപോകുന്നു. പിന്നി ഗിരിയേട്ടനായ നിവിന്‍ പോളിയാവട്ടെ സിനിമയിലെത്തുന്നതിനുമുമ്പേ വിവാഹമെന്ന കൂദാശ സ്വീകരിച്ചയാളാണ്. ഈ സിനിമ കണ്ട് വിവാഹത്തില്‍ വിപ്ലവം കലര്‍ത്തുന്ന മക്കള്‍ എത്രയോ വലിയ അന്ധതയിലാണ്.
അഞ്ച് : ചേര്‍ത്തുനിര്‍ത്താത്ത വിശ്വാസസമൂഹം
മുത്തുകളെ ഒരുമിച്ച് ചേര്‍ത്ത് ഒരു മാലയാക്കുന്നത് നൂലാണ്. ഒരു ആത്മീയ സമൂഹത്തില്‍ അംഗങ്ങളെ ചേര്‍ത്തുനിറുത്തുന്ന ആ കാണാനൂലിന്‍റെ പേരാണ് സ്നേഹം. ചിലര്‍ക്കെങ്കിലും കുടുംബത്തിലും, കൂട്ടായ്മയിലും, ഇടവകയിലുമൊന്നും ചേര്‍ത്തണയ്ക്കുന്ന ഈ സ്നേഹം അനുഭവിക്കാന്‍ കഴിയുന്നില്ല. ഇതെന്‍റെ സഭയാണെന്നൊരു തോന്നല്‍ അംഗങ്ങളില്‍ സൃഷ്ടിക്കാന്‍ നമ്മള്‍ക്കാവാതെ പോകുന്നു.
വിശ്വാസജീവിതം ഉപേക്ഷിക്കുന്നവരുടെയും അപക്വമായ പ്രണയവിവാഹങ്ങളുടെയും എണ്ണം കുറയണമെങ്കില്‍ ചില കാര്യങ്ങളില്‍ മാറ്റം വരണം.
മതമെന്നാല്‍ ഒരു സംഘടനയല്ല എന്ന തിരിച്ചറിവ്. പകരം അതൊരു ആത്മീയജീവിതശൈലിയാവണം. പലപ്പോഴും മക്കള്‍ ഒരന്ന്യമതസ്ഥനെ വിവാഹം കഴിച്ചുവെന്നറിയുമ്പോള്‍ മാതാപിതാക്കളും മറ്റുള്ളവരും സങ്കടപ്പെടുന്നതിനു കാരണം, ദുരഭിമാനം കൊണ്ടു മാത്രമാവാം. പക്ഷേ, ആ കണ്ണീര്‍ പൊഴിയുന്നത് സഭവിട്ടുപോയ ആ കുഞ്ഞിന് പരിശുദ്ധ പരമദിവ്യകാരുണ്യത്തിന്‍റെ ജീവന്‍ നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്താവട്ടെ. കുമ്പസാരത്തിന്‍റെ പ്രസാദവരം നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്താവട്ടെ. വചനത്തിന്‍റെ വെളിച്ചം നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്താവട്ടെ. പിന്നെ അവരുടെ നിത്യജീവന്‍ അപകടത്തിലായല്ലോ എന്നും ഓര്‍ത്താവട്ടെ. വെറുതെ ഒരു ക്രൈസ്തവസഭയിലെ അംഗമായി വളര്‍ത്താതെ ചെറുപ്പം മുതല്‍ ഈശോയുമായി ഒരു വ്യക്തിബന്ധത്തിലും സ്നേഹത്തിലും മക്കളെ വളര്‍ത്താം. ആത്മീയശീലങ്ങള്‍ രൂപപ്പെടുത്തണം. പലപ്പോഴും ആള്‍ക്കാര്‍ പറയാറുണ്ട്, “നല്ലൊരു ക്രൈസ്തവകുടുംബത്തില്‍ പിറന്ന ആ കൊച്ച് വേറൊരു മതസ്ഥന്‍റെ കൂടെ ഇറങ്ങിപ്പോയല്ലോ. ആ വീട്ടുകാരിതെങ്ങനെ സഹിക്കും” ആരാണ് പറഞ്ഞത്.
ഇനി ഇത്തരത്തിലുള്ള വിവാഹജീവിതം തുടക്കത്തില്‍ വളരെ രസകരവും സാഹസികവുമൊക്കെയായി അനുഭവപ്പെടുമെങ്കിലും പിന്നീട് സംഭവിച്ചേക്കാവുന്ന ചില ദുരന്തങ്ങള്‍ ഇവയാണ്.
കുട്ടികളുടെ മനസാക്ഷിരൂപീകരണം നടക്കാതെ പോകുന്നു. ദൈവത്തേയോര്‍ത്ത് ഒരു നന്മ ചെയ്യാനും തിന്മയുപേക്ഷിക്കാനും അവര്‍ക്ക് കഴിയാതെ വരുന്നു. കുട്ടികള്‍ തെറ്റായ സ്നേഹബന്ധത്തില്‍പ്പെട്ടു പോകുമ്പോള്‍ ഒന്നും പറയാനാവാതെ നിസ്സഹായരായി ഇത്തരം മാതാപിതാക്കള്‍ നിശബ്ദരാക്കപ്പെടുന്നു. കോട്ടയത്തെ കെവിന്‍ – നീനു പ്രണയബന്ധത്തില്‍ സംഭവിച്ചതുമിതാണ്. നീനുവിന്‍റെ മാതാപിതാക്കളുടെ പ്രണയവും മിശ്രവിവാഹവും നീനുവിലേക്ക് വന്നപ്പോള്‍ അവര്‍ക്കത് ഉള്‍ക്കൊള്ളാനായില്ല. തിന്മ പ്രവര്‍ത്തിച്ചു. ഫലമോ കൊലപാതകവും, ജയില്‍ വാസവും. പ്രണയകാലത്തെ തിളക്കങ്ങള്‍ അസ്തമിക്കുമ്പോള്‍ ആത്മാവിന്‍റെ ആഴങ്ങളിലുള്ള ഐക്യമില്ലായ്മ സ്നേഹരാഹിത്യത്തിലേക്കും, വിവാഹമോചനത്തിലേക്കും നയിക്കുന്നു. ഇത്തരക്കാരെക്കുറിച്ച് പൗലോസ് ശ്ലീഹാ ഇങ്ങനെ പറയുന്നു.
“ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായി അവര്‍ കരുതിയതു നിമിത്തം, അധമവികാരത്തിനും, അനുചിതപ്രവൃത്തികള്‍ക്കും ദൈവം “അവരെ വിട്ടുകൊടുത്തു. അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. അവര്‍ പരദൂഷകരും, ദൈവനിന്ദകരും, ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്മകള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു.” (റോമാ 1:28-31)
അതിപ്പോള്‍ പേരിന് ക്രൈസ്തവനായാലും അവിശ്വാസിയായാലും ദൈവത്തിന് തങ്ങളുടെ ജീവിതത്തില്‍ മുഖ്യസ്ഥാനം നല്കുന്നില്ലെങ്കില്‍ ഈ അവസ്ഥ സംഭവിക്കാം.
വിശ്വാസം ഉപേക്ഷിച്ച് വിവാഹബന്ധത്തിലേര്‍പ്പെടുന്നവരോട് ക്രൈസ്തവസഭയും സഭാംഗങ്ങളും ഏറ്റവും വലിയ കരുണയോടുകൂടി മാത്രമേ എന്നും പെരുമാറിയിട്ടുള്ളൂ. ഊരുവിലക്കിന്‍റേയോ ഭ്രഷ്ടിന്‍റേയോ കഥകള്‍ സഭയില്‍ ഉണ്ടായിട്ടില്ല. ചേര്‍ത്ത് നിറുത്താനും മുറിവുണക്കാനും മാത്രമേ സഭ ശ്രമിക്കാറുള്ളൂ. നഷ്ടപ്പെട്ടുപോയ ഒന്നിനേ തേടിപ്പോകുന്ന നല്ലിടയിന്‍റെ മനസ്സാണത്.
അതൊരു നല്ല ക്രൈസ്തവകുടുംബമാണെന്ന് ഹൃദയങ്ങളെ പരിശോധിച്ചറിയുന്ന ദൈവത്തിനു മാത്രമേ വിധിക്കാന്‍ കഴിയൂ. കൊന്ത ഒരാഭരണം പോലെ ധരിക്കുന്നതോ, പെരുന്നാള്‍ പ്രദക്ഷിണത്തിന് ചട്ടയും മുണ്ടും ഉടുക്കുന്നതോ സഭാസംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതോ അല്ല ആത്മീയതയുടെ മാനദണ്ഡം. പകരം തങ്ങളുടെ ജീവിതത്തില്‍, നിലപാടുകളില്‍ ഈശോയ്ക്ക് എത്രമാത്രം സ്ഥാനമുണ്ട് പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങള്‍ അനുസരിക്കാറുണ്ടോ എന്നതൊക്കെയാവണം ആത്മീയതയുടെ അളവുകോല്‍.
ഇടവകയിലെ വൈദികരുടേയോ, സന്ന്യസ്തരുടേയോ മാത്രമല്ല, എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണ് തങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന പുതുതലമുറയ്ക്ക് ശരിയായ വിശ്വാസ അനുഭവം നല്കുക എന്നത്. വിശ്വാസപരിശീലകര്‍, സംഘടനാ നേതാക്കള്‍, മാതാപിതാക്കന്മാര്‍, സഹോദരര്‍ എല്ലാവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.
കൂടാതെ വിവേകത്തോടെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള പരിശീലനം കൂടി മക്കള്‍ക്ക് ചെറുപ്പത്തില്‍ത്തന്നെ നല്കുക. ആദ്യം തന്നോട് ഇഷ്ടമെന്നു പറയുന്നയാളെയല്ല മറിച്ച്, തനിക്ക് ചേരുന്ന ആളെയാണ് ജീവിതപങ്കാളിയാക്കേണ്ടതെന്ന ബോധ്യം. ഒരു ചെരുപ്പ് തെരഞ്ഞെടുക്കാന്‍ കാണിക്കുന്ന ജാഗ്രത പോലും ഇന്ന് പല കുട്ടികളും ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്നില്ല.
ഈ മേഖലയില്‍ കുട്ടികളെ വഴിതെറ്റിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും വളരെ ചെറിയപ്രായത്തില്‍തന്നെ സജീവമാണ്. സിനിമകളും, നവമാധ്യമങ്ങളും, സുഹൃദ്സ്വാധീനവുമെല്ലാം. വിവാഹത്തേക്കുറിച്ചുള്ള നമ്മുടെ വേദപാഠം വിവാഹ ഒരുക്കസെമിനാര്‍ നാളുകള്‍ വരെ വൈകിപ്പിക്കരുത്. പ്രേമിക്കാനും പ്രേമിക്കപ്പെടാനുമുള്ള പ്രവണത പ്രകൃതിതന്നെ ഒരു വ്യക്തിയില്‍ കൗമാരത്തില്‍ ഒരുക്കിയിട്ടുണ്ട്. ആ കാലത്ത് തന്നെ തിരിച്ചറിവുകളും നല്കാം. കല്യാണപ്രായമെത്തുമ്പോള്‍ വീട്ടിലെത്തുന്ന വിവാഹ ആലോചനകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ആലോചിച്ച് തീരുമാനമെടുക്കാറില്ലേ. അതുപോലെതന്നെ കുട്ടികള്‍ക്ക് ആ പ്രായമെത്തുന്നതിനുമുമ്പേ തോന്നുന്ന ഇഷ്ടങ്ങളും വീട്ടില്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നല്കുക. എന്നിട്ട് അവര്‍ക്കൊപ്പംനിന്ന് അതിന്‍റെ ശരിതെറ്റുകള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കാം.