ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍. ജസ്നയുടെ പിതാവ ജെയിംസ് തന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി എഴുതി നല്‍കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.
ഇതോടെയാണ് സീല്‍ ചെയ്ത കവറില്‍ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്. മെയ് അഞ്ചിനകം ഇത് നല്‍കണം. മെയ് അഞ്ചിനാണ് തിരുവനന്തപുരം സിജെഎം കോടതി വിധി പറയുക.
പത്തനംതിട്ട വെച്ചുച്ചിറയില്‍ നിന്ന് കാണാതായ ജസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടായിരുന്നു സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ജസ്നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷര്‍ റിപ്പോര്‍ട്ടും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കണമെന്നായിരുന്നു സിബിഐയുടെ വാദം. ഈ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജസ്‌നയുടെ അച്ഛന്‍ കോടതിയെ സമീപിച്ചത്. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നുമായിരുന്നു അച്ഛന്റെ ആവശ്യം. ജസ്‌നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു പിതാവ് ജെയിംസിന്റെ ഹര്‍ജിയിലെ പരാതി. ജസ്‌നയെ കാണാതായ സ്ഥലത്തോ, ജസ്‌നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നും വാദമുണ്ടായിരുന്നു. ജസ്ന ജീവിച്ചിരിപ്പില്ലെന്നും പിതാവ് ജെയിംസ് ജോസഫ് കോടതിയില്‍ പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ല. അജ്ഞാത സുഹൃത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിലവില്‍ കൈമാറില്ലെന്നും തങ്ങള്‍ എത്തപ്പെട്ട കാര്യങ്ങളിലേക്ക് സിബിഐ എത്തിയാല്‍ തെളിവുകള്‍ കൈമാറുന്ന കാര്യം ആലോചിക്കാമെന്നും പിതാവ് പറഞ്ഞിരുന്നു.