വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രി മോദിക്കെതിരായ പരാതിയിൽ വിശദീകരണംതേടി തിരഞ്ഞെടുപ്പ് കമ്മിഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ.

ഏപ്രില്‍ 29-ന് 11 മണിക്ക് മുൻപ് വിശദീകരണം നല്‍കാനാണ് പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയോട് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു മോദി രാജസ്ഥാനില്‍ പ്രസംഗിച്ചത്. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു. മുസ്്ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു. ഇത് വൻ വിവാദമായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ പരാതിയെത്തിയത്. മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ പ്രതിപക്ഷ പാർട്ടികളൊന്നാകെ രംഗത്തെത്തിയിരുന്നുവെങ്കിലും പ്രധാനമന്ത്രി വീണ്ടും അത്തരം പരാമർശങ്ങള്‍ ആവർത്തിച്ചിരുന്നു. തുടർന്ന് വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതോടെയാണ് വിശദീകരണം തേടാൻ തീരുമാനിച്ചത്.തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രതിപക്ഷം പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന വിവിധ പരാതികളില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോടും വിശദീകരണം തേടിയിട്ടുണ്ട്.